28 May 2025, 01:50 PM IST

പാകിസ്താൻ താരങ്ങൾ | AFP
ലാഹോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഡിആര്‍എസ് സംവിധാനം ഒഴിവാക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. വന്‍ ചെലവ് ചൂണ്ടിക്കാട്ടിയാണ് പിസിബിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ പരമ്പരയില്‍ അമ്പയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ടീം പാകിസ്താനിൽ പോയി പരമ്പര കളിക്കുന്നത്. ആദ്യം അഞ്ച് ടി20 മത്സരങ്ങൾ കളിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
നേരത്തേ ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിൽ പോയി കളിക്കുന്ന കാര്യത്തിൽ ബിസിബിക്ക് ആശങ്കയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചനടത്തിയതായാണ് വിവരം. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് വെല്ലുവിളിയുയര്‍ത്തിയിരുന്നത്. പാകിസ്താനിലെ സാഹചര്യം പരിഗണിച്ച് മാത്രമേ പര്യടനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നാണ് ബിസിബി അധികൃതര്‍ അറിയിച്ചിരുന്നത്. സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പരമ്പരയുമായി ടീം മുന്നോട്ടുപോകുന്നത്.
Content Highlights: nary drs pakistan bangladesh series








English (US) ·