'അമ്മ' തിരഞ്ഞെടുപ്പ്;'ബാബുരാജിന് വേണ്ടി നിയമം മാറ്റരുത്,സ്‌പോണ്‍സറെ കണ്ടെത്തുന്നത് മത്സര യോഗ്യതയല്ല'

5 months ago 7

Mallika Sukumaran

മല്ലിക സുകുമാരൻ | ഫോട്ടോ :മാതൃഭൂമി

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടിയും അമ്മയുടെ അജീവനാന്ത അംഗവുമായ മല്ലിക സുകുമാരന്‍. ആരോപണ വിധേയരായവര്‍ മത്സരിക്കരുതെന്ന 'അമ്മ'യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.

സ്‌പോണ്‍സറെ കണ്ടെത്തുന്നതും ഏതെങ്കിലും പരിപാടിക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുത്. പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആരോപണ വിധേയരും മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടായെന്നും നടി ചോദിച്ചു. ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നാണും അവര്‍ വ്യക്തമാക്കി.

ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് നന്നാക്കാന്‍ സാധിക്കുന്ന ഒരു സംഘടനയല്ല 'അമ്മ'. കാര്യങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരു കമ്മിറ്റിയാണ് സംഘടനയ്ക്ക് വേണ്ടത്. ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ടെന്നും നടി അഭിപ്രായപ്പെട്ടു.

ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. സിദ്ധിഖിനെതിരേ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മാറി നില്‍ക്കുന്നുണ്ടല്ലോ, അതാണ് വേണ്ടത്. 'അമ്മ' എന്നത് ഒരു മാതൃക സംഘടനയായി നിലനില്‍ക്കണം. ബാബുരാജിന് വേണ്ടി നിയമം മാറ്റുമ്പോള്‍ സ്വഭാവികമായി ആളുകള്‍ക്ക് സംശയമുണ്ടാകുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

അമ്മ സംഘടനയ്ക്ക് ഒരു പുതിയ മുഖം വരുമെന്ന് ഉറപ്പിച്ച് പറയാനുള്ള ധൈര്യം എനിക്കില്ല. വരുമായിരിക്കാം, വരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ ഈ സംഘടനയുടെ രക്ഷകര്‍ത്താക്കളായി കൊണ്ടുവരികയാണ് വേണ്ടത്. അവരുടെ പേരുണ്ടെങ്കില്‍ മാത്രമേ ഈ സംഘടന നിലനിന്ന് പോകുകയുള്ളൂവെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: AMMA Election Controversy-Mallika Sukumaran Questions Baburaj's Candidacy Amidst Allegations

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article