
റിയ ചക്രബർത്തി | ഫോട്ടോ: PTI
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇതിനിടെ ഇന്ത്യൻ സൈനികരുടെ ധീരതയെയും ത്യാഗങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി റിയ ചക്രബർത്തി. താൻ സായുധ സേനാംഗങ്ങൾക്കൊപ്പം 'നിൽക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് നടി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തു. സൈനികനായിരുന്ന തന്റെ പിതാവിനെക്കുറിച്ചാണ് റിയ കുറിപ്പിൽ വിവരിച്ചത്.
ലെഫ്റ്റനൻ്റ് കേണൽ ഇന്ദ്രജിത് ചക്രബർത്തിയുടെ മകളാണ് റിയ ചക്രബർത്തി. തൻ്റെ അച്ഛൻ്റെ തിരിച്ചുവരവിനായി താൻ കാത്തിരുന്നതും, അമ്മ കണ്ണുനീർ മറയ്ക്കുന്നത് കണ്ടതും കുറിപ്പിലൂടെ അവർ ഓർത്തെടുത്തു. ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ മകൾ എന്ന നിലയിൽ താൻ പലകാര്യങ്ങളും 'നേരത്തെ പഠിച്ചു' എന്ന് താരം പറഞ്ഞു.
"എൻ്റെ അച്ഛൻ ശാന്തനായി, അഭിമാനത്തോടെ, തയ്യാറെടുപ്പോടെ തൻ്റെ യൂണിഫോം ശരീരത്തിലെ ഒരു ഭാഗമെന്നപോലെ ധരിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അതുപോലെ, എൻ്റെ അമ്മ ഒരു സൈനികയെപ്പോലെ കണ്ണുനീർ അടക്കിപ്പിടിക്കുന്നതിനും സാക്ഷിയായാണ് ഞാൻ വളർന്നത്." റിയ എഴുതി,
"ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ മകളാവുക എന്നാൽ നിങ്ങൾ നേരത്തെ പഠിക്കും... സ്നേഹം പലപ്പോഴും അകലം പോലെ തോന്നും. ആ അഭിമാനം നിശബ്ദമായി ഭയത്തോട് കൈകോർക്കുന്നു," അവർ തുടർന്നു പറഞ്ഞു.
സൈനികർ നാടിനുവേണ്ടി പോരാടുന്നതുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയുന്നതെന്ന് റിയ ചക്രബർത്തി എടുത്തുപറഞ്ഞു. "ഇന്ന്, ഞാൻ എൻ്റെ വീട്ടിൽ സുരക്ഷിതമായി ഉറങ്ങുന്നു. കാരണം മറ്റൊരാളുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ അവിടെയുണ്ട്. അതിർത്തിയിൽ അവർ തലയുയർത്തി നിൽക്കുന്നു," അവർ എഴുതി.
ശക്തമായ ഒരു കുറിപ്പോടെ നടി ഉപസംഹരിച്ചു: "കാത്തിരിക്കുന്ന, പ്രതീക്ഷിക്കുന്ന, പ്രാർത്ഥിക്കുന്ന ഓരോ കരസേന, നാവികസേന, വ്യോമസേന കുടുംബങ്ങളോടുമായി പറയുന്നു. ഞാൻ നിങ്ങളെ കാണുകയും അറിയുന്നുമുണ്ട്. ഞാൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു. ഒരു സൈനിക കുടുംബത്തിൽ നിന്ന് മറ്റൊന്നിലേക്ക്... സ്നേഹവും കരുത്തും സല്യൂട്ടും നൽകുന്നു. ജയ് ഹിന്ദ്." റിയ ചക്രബർത്തി കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.
റിയ ചക്രവർത്തി മാത്രമല്ല, അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര ജോനാസ്, നിമ്രത് കൗർ, ഗുൽ പനാഗ്, അക്ഷയ് കുമാർ, പ്രീതി സിൻ്റ, അർജുൻ രാംപാൽ, സുസ്മിത സെൻ, ലാറ ദത്ത, നേഹ ധൂപിയ തുടങ്ങിയ മറ്റ് താരങ്ങളും സൈനിക കുടുംബങ്ങളിൽ നിന്ന് വന്ന തങ്ങളുടെ കഥകൾ പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനിലും പാക് അധീന കശ്മീരിലും കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
Content Highlights: Actress Rhea Chakraborty, girl of an service officer, expresses solidarity with Indian soldiers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·