'അമ്മ' മക്കളുടേതാണ്, പെണ്‍മക്കളുടേതല്ലെന്ന് ശ്വേത; ദേവന്റെ പരാജയം 27 വോട്ടിന്‌

5 months ago 6

amma

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി | Photo: Facebook/ AMMA - Association Of Malayalam Movie Artists

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നത് ശക്തമായ തിരഞ്ഞെടുപ്പ്. ശ്വേതാ മേനോനോട് 27 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി ദേവൻ പരാജയം സമ്മതിച്ചത്. വനിതകൾക്കായി സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതില്ലെന്നും അവർ തുല്യതയോടെ പോരാടി ജയിച്ചുവരുകയാണ് വേണ്ടതെന്നും ദേവൻ നേരത്തേ പറഞ്ഞിരുന്നു. ശ്വേതയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ദേവൻ വ്യക്തമാക്കി.

അതേസമയം സംഘടനയിൽ പരിഷ്കാരങ്ങളുണ്ടാകുമെന്നും അത് എല്ലാവരുടെയും നന്മയും സംഘടനയുടെ മേന്മയും ഉറപ്പാക്കും വിധമാകുമെന്നുമാണ് പുതിയ ഭാരവാഹികൾ നൽകുന്ന സൂചന. “അമ്മ മക്കളുടേതാണ്, പെൺമക്കളുടേതല്ല” എന്ന ശ്വേതാ മേനോന്റെ പ്രതികരണം ശ്രദ്ധേയമായി. അടുത്ത ആഴ്ച ചേരുന്ന ആദ്യത്തെ എക്സിക്യുട്ടീവ് യോഗത്തിൽ തന്നെ സംഘടനയിലെ പരിഷ്കാരങ്ങൾക്ക് തുടക്കമിടുമെന്നാണ് ശ്വേത നൽകുന്ന സൂചന.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെതിരേ 50-ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച കുക്കു പരമേശ്വരനും തുല്യതയുടെ വേദിയായി സംഘടന നിലനിൽക്കണമെന്ന ആഗ്രഹമാണ് പങ്കുവെച്ചത്. വൈസ് പ്രസിഡന്റായി ജയിച്ച ലക്ഷ്മി പ്രിയയും നിലപാടുകൾ മുറുകെപ്പിടിച്ച് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രഖ്യാപിച്ചത്.

ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ ഒരുമണി വരെയായിരുന്നു വോട്ടെടുപ്പ്. മുൻ പ്രസിഡന്റ് മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ളവരെല്ലാം വോട്ട് രേഖപ്പെടുത്താനെത്തി. മമ്മൂട്ടിയും ജയറാമും അടക്കമുള്ളവർക്ക് വോട്ടെടുപ്പിന് എത്താനായില്ല.

അമ്മയിൽ ഇനി പുതുകാലം
കൊച്ചി: അമ്മയുടെ ചരിത്രത്തിലാദ്യമായി വനിതകൾ അമരക്കാരാകുന്നു. സംഘടനയെന്നനിലയിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന സന്ദേശമാണ് പ്രസിഡന്റ് ശ്വേതാ മോനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും നയിക്കുന്ന ടീം നൽകുന്നത്. “സിനിമയിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. അവിടെ കഥാപാത്രങ്ങൾ മാത്രമാണ്. അതുപോലെത്തന്നെയാണ് അമ്മ എന്ന സംഘടനയും” -ശ്വേതാ മേനോൻ വ്യക്തമാക്കി.

506 അംഗ സംഘടനയിലെ 298 പേരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ശ്വേതയ്ക്ക് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്. ജനറൽ സെക്രട്ടറിസ്ഥാനത്ത് കുക്കുവിന് 172 വോട്ടും രവീന്ദ്രന് 115 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 350-ലേറെ പേർ വോട്ടുചെയ്തിരുന്നു.

എക്സിക്യുട്ടീവ് കമ്മിറ്റി: കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, സരയൂ മോഹൻ, അഞ്ജലി നായർ, ആശാ അരവിന്ദ്, നീനാ കുറുപ്പ്.

Content Highlights: Shwetha Menon elected AMMA president, defeating Devan by 27 votes

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article