'അമ്മ'യിൽ ആരോപണവിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ എല്ലാവരും ചേർന്ന് തോൽപ്പിച്ചാൽപോരേ? -ദേവൻ

5 months ago 7

30 July 2025, 03:30 PM IST

Devan

നടൻ ദേവൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | സ്ക്രീൻ​ഗ്രാബ്

കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിൽ കുറ്റാരോപിതർ മത്സരിക്കുന്നുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടൻ ദേവൻ. സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ദേവൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ആരോപണവിധേയനായ ഉടൻ സംഘടനയുടെ തലപ്പത്തുനിന്ന് സിദ്ദിഖ് രാജിവെച്ച കാര്യം ദേവൻ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദേവൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

തങ്ങൾക്കെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ ഒട്ടും കാലതാമസമില്ലാതെയാണ് ഇടവേള ബാബുവും വിജയ് ബാബുവുമെല്ലാം രാജിവെച്ചതെന്ന് ദേവൻ പറഞ്ഞു. ബാബുരാജ് മാത്രമാണ് അങ്ങനെ ചെയ്യാതിരുന്നത്. ഒരാളെ പുറത്താക്കണമെങ്കിൽ ഒരുപാട് നടപടികളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കോടതി വാര്‍ഷിക ജനറൽബോഡി യോഗമാണ്. അതിലെടുക്കുന്ന തീരുമാനമാണ് അന്തിമം. ആരോപണവിധേയർ സംഘടനയിലേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അം​ഗങ്ങൾക്ക് അവരെ വോട്ടുചെയ്ത് തോൽപ്പിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

"ഈ പതിനഞ്ചിന് നടക്കുന്ന മത്സരം സംഘടനയ്ക്ക് വേണ്ടാത്തവരെ പുറത്താക്കുന്ന നടപടിക്രമംകൂടിയാണ്. ഭൂരിപക്ഷമുണ്ടെങ്കിൽ വാർഷിക ജനറൽ ബോഡിക്ക് ആരെ വേണമെങ്കിലും പുറത്താക്കാൻ കഴിയും. അം​ഗങ്ങൾ തീരുമാനിക്കട്ടെ. ആരൊക്കെ ഇവിടെയുണ്ടാകും ഉണ്ടാവില്ല എന്ന് പതിനഞ്ചാം തീയതി അറിയാനാവും. ആരോപണവിധേയർ മത്സരിക്കാൻ തയ്യാറാണെങ്കിൽ അവരെ തോൽപ്പിക്കാനുള്ള അവകാശം ആനുവൽ ജനറൽബോഡിക്കുണ്ട്. ദിലീപിനെതിരെ ആരോപണം വന്നപ്പോൾ നിയംപോലും നോക്കാതെയാണ് പുറത്താക്കിയത്." ദേവൻ ചൂണ്ടിക്കാട്ടി.

അമ്മ എന്ന സംഘടനയുടെ വിജയമായി കാണുന്നത് ദിലീപിനെപ്പോലെ ശക്തനായ ഒരു നടനെ പുറത്താക്കി എന്നതിലാണ്. വ്യക്തിപരമായ ബന്ധംകൊണ്ട് അധികാരം കിട്ടില്ല. വോട്ടുചെയ്ത് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമേ അധികാരം ലഭിക്കൂ. ബാബുരാജുമായും ആരോപണവിധേയരായ മറ്റുള്ളവരുമായും തനിക്ക് സൗഹൃദമുണ്ട്. അത് വേറെ വിഷയമാണ്. പക്ഷേ അവർക്കെതിരെ ഔദ്യോ​ഗികമായ കാര്യങ്ങൾ വരുമ്പോൾ അമ്മയുടെ നിയമാവലി അനുസരിക്കുമെന്നും ദേവൻ കൂട്ടിച്ചേർത്തു.

Content Highlights: Devan addresses allegations against accused contesting successful AMMA elections

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article