22 June 2025, 07:10 PM IST

Photo: facebook.com/AssociationofMalayalamMovieArtistsOfficial
കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
നേരത്തേ മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.
ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നാണ് 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതൽ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്. പ്രസിഡന്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.
Content Highlights: AMMA to behaviour predetermination arsenic Mohanlal refuses to presume president post





English (US) ·