'അമ്മ'യുടെ പ്രസിഡന്റാവാൻ ആറുപേർ, മത്സരരം​ഗത്ത് ആകെ 74 പേർ, ജോയ് മാത്യുവിന്റെ പത്രിക തള്ളി

6 months ago 6

joy mathew amma

'അമ്മ' ആസ്ഥാനം, ജോയ് മാത്യു | Photo: PTI, Mathrubhumi

കൊച്ചി: താരസംഘടനയായ 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. 74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി 31 ആണ്.

ആറുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോനും ജഗദീഷും രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കി. ഇവരെ കൂടാതെ, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരരംഗത്തുണ്ട്. ജോയ് മാത്യുവിന്റെ പത്രിക തള്ളിയതായി വിവരമുണ്ട്.

നവ്യാ നായര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സരയു, അന്‍സിബ, വിനു മോഹന്‍, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്.

ജനാധിപത്യപരമായി മത്സരം നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി സരയു പ്രതികരിച്ചു. ആരോപണവിധേയര്‍ മത്സരിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് തങ്ങള്‍ കോടതിയല്ല എന്നായിരുന്നു സരയുവിന്റെ പ്രതികരണം.

അതേസമയം, ആരോപണവിധേയര്‍ മത്സരിക്കാതിരിക്കുക എന്നത് മര്യാദയാണെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. 'അമ്മ' ഒരു സന്നദ്ധ സംഘടനയാണ്. അതിന്റെ മാഹാത്മ്യം മനസിലാക്കി അത്തരം മൂല്യമുള്ള ആളുകള്‍ സ്ഥാനങ്ങളിലേക്ക് വരിക എന്നതാണ് സംഘടനയുടെ പ്രധാനപ്പെട്ട ആളുകള്‍ ചിന്തിക്കേണ്ടത്. ആരോപണവിധേയരും ക്രിമിനലുകളും സംഘടനയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍, അവരെ പുറത്തുകളഞ്ഞ് ശുദ്ധമാക്കി സമൂഹത്തിന്റെ 'അമ്മ'യാക്കി മാറ്റേണ്ട ഉത്തരവാദിത്തം മുഴുവന്‍ അംഗങ്ങള്‍ക്കുമുണ്ടെന്നുമായിരുന്നു അനൂപ് ചന്ദ്രന്റെ പ്രതികരണം.

ഇത്തവണ പാനല്‍ തിരിഞ്ഞുള്ള മത്സരമില്ലെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒരുപാട് പേര്‍ സ്വതന്ത്രമായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ എന്നൊരു നേതാവേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം മാറിയതോടെ എല്ലാവരും അങ്കലാപ്പില്‍ തന്നെയാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 74 nominations filed for AMMA elections

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article