'അമ്മയായതുകൊണ്ട് ​ഗ്ലാമറസ് വേഷം ധരിക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്, എന്നെ മാതൃകയാക്കേണ്ട'

5 months ago 6

Anasuya Bharadwaj

അനസൂയ ഭരദ്വാജ് | ഫോട്ടോ: www.instagram.com/itsme_anasuya/

ന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടി അനസൂയ ഭരദ്വാജ്. ചിലർ സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് അനസൂയ പറഞ്ഞു. തന്നെ ലക്ഷ്യം വെക്കുന്നതിന് പകരം വ്യത്യാസങ്ങളെ അംഗീകരിക്കാൻ പഠിക്കണമെന്ന് നടി അഭ്യർത്ഥിച്ചു. ആരും തന്നെ മാതൃകയാക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ ജീവിതം ജീവിക്കുന്നതിന് ആരും തന്നെ വിലയിരുത്തരുതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഈയിടെയായി താൻ നിശബ്ദയായിരിക്കാറാണ് പതിവെന്നും എന്നാൽ ഇതിനെതിരെ വ്യക്തമായും ദേഷ്യമില്ലാതെയും പ്രതികരിക്കണമെന്ന് തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് അനസൂയ കുറിപ്പ് ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ചാനലുകളിലൂടെ ചില വനിതാ പ്രഭാഷകർ തന്നെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് അവർ കൂട്ടിച്ചേർത്തു. തനിക്ക് അവരെ അറിയില്ലെന്നും, എന്നിട്ടും അവർ വ്യക്തിപരമായി ആക്ഷേപിക്കാൻ മടിക്കുന്നില്ലെന്നും നടി പറഞ്ഞു.

"അതെ, ഞാനൊരു സ്ത്രീയാണ്, ഒരു ഭാര്യയാണ്, രണ്ട് കുട്ടികളുടെ അമ്മയുമാണ്. അതോടൊപ്പം എന്റെ വ്യക്തിപരമായ ശൈലി പ്രതിഫലിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. ഗ്ലാമറും, സ്റ്റൈലും, ആത്മവിശ്വാസവും എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത് ഒരമ്മയ്ക്ക് ചേർന്നതല്ലെന്ന് ചിലർ വിശ്വസിക്കുന്നു, എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്: ഒരമ്മയാകുക എന്നതിനർത്ഥം നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം ഉപേക്ഷിക്കുക എന്നാണോ?" അവർ എഴുതി.

തന്റെ കുടുംബം യാതൊരു വിമർശനവുമില്ലാതെ തന്നെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നും അവർ എഴുതി. "എന്റെ കുടുംബം എന്നെ വിലയിരുത്താറില്ല; അവർ എന്നെ പിന്തുണയ്ക്കുന്നു. അതുതന്നെയാണ് ഏറ്റവും പ്രധാനം. ഈയൊരു തുറന്നുപറച്ചിൽ ചിലർക്ക് പരിചിതമായിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിൽ തെറ്റൊന്നുമില്ല. എന്നിരുന്നാലും, തിരഞ്ഞെടുപ്പുകളെ തെറ്റായ സ്വാധീനമായി തെറ്റിദ്ധരിക്കരുത്."

ആത്മവിശ്വാസമുള്ളവളും, ദയയുള്ളവളും, ബഹുമാനമുള്ളവളും, സ്വയം ലജ്ജിക്കാത്തവളുമായ ഒരു സ്ത്രീയായാണ് മക്കൾ തന്നെ കാണുന്നതെന്ന് അനസൂയ പറഞ്ഞു. "ധൈര്യമായിരിക്കുന്നത് അനാദരവ് കാണിക്കുന്നതിന് തുല്യമല്ല. ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നത് എന്റെ മൂല്യങ്ങൾ നഷ്ടപ്പെട്ടു എന്നതിന് അർത്ഥമാക്കുന്നില്ല," അവർ കൂട്ടിച്ചേർത്തു. ആരും തന്നെ മാതൃകയാക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ ജീവിതം ജീവിക്കുന്നതിന് ആരും തന്നെ വിലയിരുത്തരുതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

നമ്മുടെ വ്യത്യാസങ്ങളെ അംഗീകരിക്കാൻ പഠിച്ചാൽ, നമുക്കെല്ലാവർക്കും കൂടുതൽ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയും. മറ്റുള്ളവരോടുള്ള ബഹുമാനം എപ്പോഴും നിലനിർത്തിക്കൊണ്ട്, അഭിമാനത്തോടെയും സ്നേഹത്തോടെയും ഖേദമില്ലാതെയും ജീവിക്കുന്നത് തുടരും എന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

'പുഷ്പ: ദി റൈസ്', 'പുഷ്പ 2: ദി റൂൾ' എന്നീ ചിത്രങ്ങളിൽ ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് അനസൂയ അടുത്തിടെ അവതരിപ്പിച്ചത്. 'റസാക്കർ - സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്' എന്ന സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 'ഹരി ഹര വീര മല്ലു: പാർട്ട് 1 – സ്വോർഡ് vs സ്പിരിറ്റ്' എന്ന ചിത്രത്തിലെ 'കൊല്ലഗൊട്ടിനാധിരോ' എന്ന ഗാനത്തിലും അവർ പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ ഭീഷ്മപർവം എന്ന ചിത്രത്തിൽ അനസൂയ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights: Anasuya Bharadwaj Addresses Criticism of Her Attire: A Plea for Acceptance and Understanding

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article