Published: December 24, 2025 06:10 PM IST
1 minute Read
ലണ്ടൻ∙ ബെക്കാം കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അവസാനിക്കാതെ സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും മകൻ ബ്രൂക്‌ലിനിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്ന റിപ്പോർട്ടു പുറത്തുവന്നതോടെയാണ് കുടുംബകലഹം പരസ്യമായത്. എന്നാൽ ഇവർ മകനെ അൺഫോളോ ചെയ്തതല്ലെന്നും ബ്രുക്‌ലിൻ, മാതാപിതാക്കളെയും സഹോദരങ്ങളെയും ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യുകയായിരുന്നെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ബ്രുക്‌ലിൻ, കുടുബവുമായി അത്ര നല്ല ബന്ധത്തിലല്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡേവിഡ് ബെക്കാമിന്റെ 50–ാം ജന്മദിനാഘോഷത്തിലടക്കം ബ്രുക്‌ലിനും ഭാര്യയും ഹോളിവുഡ് നടിയുമായ നിക്കോള പെൽറ്റ്‌സും പങ്കെടുത്തിരുന്നില്ല. ബ്രൂക്‌ലിനും നിക്കോളയും തമ്മിലുള്ള വിവാഹത്തോടെയാണ് കുടുംബത്തിൽ വിള്ളലുകൾ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ വിക്ടോറിയ ‘ലൈക്ക്’ അടിച്ചതാണ് മാതാപിതാക്കളെയും സഹോദരങ്ങളെയും ബ്ലോക്ക് ചെയ്യാൻ ബ്രൂക്‌ലിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
അമേരിക്കൻ മാധ്യമമായ ‘യുഎസ് സൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിക്ടോറിയയുടെ ലൈക്കിനു പിന്നാലെ ഒട്ടേറെ പേർ പോസ്റ്റിനു താഴെ കമന്റിടുകയും മാതാപിതാക്കളുമായി അനുരഞ്ജനത്തിന് തയാറാകണമെന്ന് ബ്രുക്‌ലിനെ ‘ഉപദേശിക്കുക’യും ചെയ്തു. ഇതാണ് 26 വയസ്സുകാരനായ ബ്രൂക്‌ലിനെ പ്രകോപിപ്പിക്കുകയും അമ്മയെയും അച്ഛനെയും ഇളയ സഹോദരങ്ങളെയും ഇൻസ്റ്റ്ഗ്രാമിൽനിന്നു ബ്ലോക്ക് ചെയ്യുകയും ചെയ്തു. ബ്രൂക്‌ലിന്റെ നടപടിയിൽ ഡേവിഡ് ബെക്കാമും വിക്ടോറിയയും കടുത്ത വിഷമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2022ൽ ബ്രൂക്‌ലിനും നിക്കോളയും തമ്മിലുള്ള ആഡംബര വിവാഹത്തിനു പിന്നാലെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. വിവാഹച്ചടങ്ങുകൾക്കിടെ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ബ്രൂക്‌ലിന്റെ അമ്മയായ വിക്ടോറിയ ഡിസൈൻ ചെയ്ത വസ്ത്രത്തിനു പകരം നിക്കോള മറ്റൊരു ഗൗൺ ധരിച്ചതായിരുന്നു ആദ്യത്തെ ‘തീപ്പൊരി’. തർക്കം വർധിച്ചതോടെ, ബ്രൂക്‌ലിൻ തന്നെ പേരിൽനിന്ന് ബെക്കാം ഒഴിവാക്കാൻ ഒരുങ്ങുന്നതായും പകരം ‘ബ്രൂക്‌ലിൻ പെൽറ്റ്സ്’ എന്ന് അറിയപ്പെടാൻ ആലോചിക്കുന്നതായും റിപ്പോർട്ടു വന്നു. ഇതൊഴിവാക്കണമെങ്കിൽ, അമ്മ വിക്ടോറിയ ക്ഷമാപണം നടത്തണമെന്ന് ബ്രൂക്‌ലിൻ ആവശ്യപ്പെടതായും വിവരമുണ്ടായിരുന്നു.
സഹോദരൻ റോമിയോയുടെ കാമുകിയായി കിം ടേൺബുൾ എത്തിയതോടെയാണ് കുടുംബ പരിപാടികളിൽനിന്ന് ബ്രൂക്‌ലിൻ പിന്മാറിയതെന്നും പറയപ്പെടുന്നു. കിമ്മും ബ്രൂക്‌ലിനും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ക്രൂസ് ബെക്കാം തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലൈക്കും, ശേഷം ബ്ലോക്കും സംഭവിച്ചത്.
English Summary:








English (US) ·