ദീപക് പറമ്പോൽപിന്നീട് ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങള്‍ ദീപക് പറമ്പോലിനെ തേടിയെത്തി. കുഞ്ഞിരാമായണം, ഹെവണ്‍, രക്ഷാധികാരി ബൈജു, മഞ്ഞുമ്മല്‍ ബോയ്സ്, സൂക്ഷ്മ ദര്‍ശിനി, കണ്ണൂര്‍ സ്ക്വാഡ് എന്നിങ്ങനെ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അത്ര എളുപ്പം സിനിമയിലേക്ക് എത്തിയ നടനല്ല ദീപക്, പലപ്പോഴും പറ്റിക്കപ്പെടുകയൊക്കെ ചെയ്ത ഒരു തുടക്ക കാലം ദീപക്കിനുണ്ടായിരുന്നു. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ തുടക്ക കാലത്തെ കുറിച്ച് ദീപക് സംസാരിച്ചു.
Also Read: ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സിനിമ! റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, എന്താണ് പാട്രിയേറ്റില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?കോളേജില്‍ പഠിക്കുന്ന കാലത്താണ് അഭിനയ മോഹം തലയ്ക്കു പിടിച്ചത്. അന്നൊക്കെ എങ്ങനെയെങ്കിലും ഏതെങ്കിലും ഒരു ആല്‍ബത്തില്‍ അഭിനയിച്ച്, അതിലൂടെ സിനിമയിലേക്ക് കയറണം എന്നായിരുന്നു ദീപക്കിന്റെ ആഗ്രഹം. പത്രത്തില്‍ വരുന്ന സിനിമ പരസ്യങ്ങളിലെല്ലാം അപേക്ഷ അയച്ചു. അങ്ങനെയാണ് തൃശ്ശൂരില്‍ ഒരു ആല്‍ബം ഷൂട്ടിങിന്റെ ഓഡിഷന് എത്തിയത്. ലുക്ക് ടെസ്റ്റൊക്കെ ചെയ്തതിന് ശേഷം, 350 രൂപ രജിസ്ട്രേഷന് ഫീസും നല്കി മടങ്ങി.
ആ ആല്‍ബത്തിന്റെ പൂജ ചടങ്ങൊക്കെ നടന്നിരുന്നു, മലയാളത്തിലെ ഒരു പ്രമുഖ നടനാണ് പൂജ ചടങ്ങിനെത്തിയതൊക്കെ. അതിലൂടെ ഇതെന്തോ വലിയ സംഭവമാണ് എന്ന പ്രതീക്ഷ വന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആല്‍ബത്തില്‍ സെലക്ട് ആയി എന്ന കോള്‍ വന്നു. ഒരു പാട്ട് രംഗത്ത് നായകനായി അഭിനയിക്കുന്നത് ഞാനാണ്. പക്ഷേ അതിന് പതിനഞ്ചായിരം രൂപ വേണം, ആല്‍ബം റിലീസിന് ശേഷം തിരിച്ചു തരും.
എന്റെ കൈയ്യിലാണെങ്കില് കാശില്ല, അച്ഛനോട് ചോദിച്ചപ്പോള്‍ നല്ല വഴക്ക് കേട്ടു. അന്ന് അച്ഛന് മെഡിക്കല്‍ ഷോപ് നടത്തുകയാണ്. പതിനഞ്ചായിരം രൂപയൊന്നും തരാന്‍ കൈയ്യിലില്ല. എന്നാലും തരില്ല എന്ന് പറഞ്ഞിട്ട് ഞാനെങ്ങാനും പോയി ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ച്, അമ്മയുടെ വള ഊരി തന്നു. ആല്‍ബം റിലീസ് ആയിട്ട് എടുത്തു നല്‍കാം എന്ന ഉറപ്പില്‍, അത് പണയം വച്ച കാശുമായിട്ടാണ് തൃശ്ശൂരില്‍ എത്തിയത്.
പണം അടക്കുമ്പോള്‍, ഇത് എന്റെ അമ്മയുടെ വള പണയം വച്ച കാശാണ് എന്ന് പറയുമ്പോള്‍ ഞാന്‍ ഇമോഷണലായി കരഞ്ഞു പോയിരുന്നു. ഇങ്ങനെയൊക്കെയാണ് എല്ലാവരുടെയും തുടക്കം എന്ന് അവിടെ നില്ക്കുന്ന ആള് പറഞ്ഞു. അവസാവം ഷൂട്ടിങ് തുടങ്ങി. കല്യാണ വീഡിയോ ഷൂട്ട് ചെയ്യുന്ന ക്യാമറയൊക്കെ വച്ചായിരുന്നു ഷൂട്ട്. അത് തട്ടിപ്പാണ് എന്ന് പലരും പിന്നീട് പറഞ്ഞു. ഷൂട്ടിങൊക്കെ കഴിഞ്ഞ് ഞങ്ങള്‍ പോയി, പക്ഷേ അപ്പോഴേക്കും അവരുടെ തട്ടിപ്പ് നാട്ടുകാര്‍ പിടിച്ചു, റൂമില്‍ പൂട്ടിയൊക്കെയിട്ടു. ആ പണവും ആല്‍ബവും അങ്ങനെ പോയി. പിന്നീട് അച്ഛന് തന്നെയാണ് അമ്മയുടെ വള തിരിച്ചെടുത്തു കൊടുത്തത്- ദീപക് പറമ്പോല്‍ പറഞ്ഞു






English (US) ·