അയല്‍വാസിയുമായി പൊരിഞ്ഞ അടി, വീഡിയോ പുറത്ത്; ഷമിയുടെ മുന്‍ ഭാര്യ വീണ്ടും വിവാദത്തില്‍, കേസ്

6 months ago 7

18 July 2025, 05:59 PM IST

hasin jahan

ഹസിൻ ജഹാൻ | PTI

ന്യൂഡല്‍ഹി: വീണ്ടും വിവാദത്തിലായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഹസിന്‍ അയല്‍വാസിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ ഹസിനും മകളായ ആര്‍ഷി ജഹാനെതിരേയും പോലീസ് കേസെടുക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം. ഹസിന്‍ ജഹാന്റെ മകളായ ആര്‍ഷി ജഹാന്റെ പേരിലുള്ള ഭൂമിയെ സംബന്ധിച്ച് നേരത്തേ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ ഭൂമിയില്‍ അടുത്തിടെ ഹസിന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് അയല്‍വാസിയായ ദാലിയ എന്നയാള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ അയല്‍വാസിയുടെ തലയ്ക്ക് പരിക്കേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഹസിന്റെ ആദ്യ ഭര്‍ത്താവില്‍ പിറന്ന മകളാണ് ആര്‍ഷി.

സംഭവത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഹസിന്‍ ജഹാന്‍ അയല്‍വാസിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. പരാതിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ഹസിനെതിരേ ചുമത്തിയിട്ടുണ്ട്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ഹസിനും മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മുഹമ്മദ് ഷമിയുമായുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഹസിൻ വീണ്ടും വിവാദത്തിലാകുന്നത്. ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാൻ ഉത്തരവിട്ട ജില്ലാ സെഷന്‍സ് കോടതിവിധിക്കെതിരേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.

Content Highlights: Mohammed Shamis Estranged Wife In Legal Trouble After Assault Video Goes Viral

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article