Published: September 20, 2025 04:31 PM IST
1 minute Read
ദുബായ്∙ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ ഹസ്തദാന വിവാദത്തിനു പിന്നാലെ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാൻ ടീമിന്റെ ഭീഷണിക്കു ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നടന്ന ചർച്ചകളിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു ശേഷം സെപ്റ്റംബർ 17നു യുഎഇക്കെതിരെയായിരുന്നു പാക്കിസ്ഥാന്റെ അടുത്ത മത്സരം. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഈ മത്സരം നടന്നത്. അനിശ്ചിതത്വത്തിനും അനുരഞ്ജന ചർച്ചകൾക്കുമൊടുവിൽ ഒരു മണിക്കൂർ വൈകിയാണ് പാക്കിസ്ഥാൻ– യുഎഇ മത്സരം ആരംഭിച്ചത്. മത്സരത്തിൽ 41 റൺസിന് ജയിച്ച് പാക്കിസ്ഥാൻ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പ്രവേശിക്കുകയും ചെയ്തു.
ചർച്ചകളുടെ ഭാഗമായിരുന്ന പിസിബി മുൻ മേധാവി നജാം സേഥിയാണ് ഇപ്പോൾ ഉള്ളറക്കഥകൾ വെളിപ്പെടുത്തിയിരിക്കുന്നത്. പൊതുജന സമ്മർദത്തെ തുടർന്നു ഏഷ്യാ കപ്പ് ബഹിഷ്കരിക്കാനായിരുന്നു തീരുമാനമെന്നും എന്നാൽ അങ്ങനെ ചെയ്തിരുന്നെങ്കിലും പിസിബിക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമുണ്ടാകുമായിരുന്നെന്നും നജാം സേഥി പറഞ്ഞു. പിസിബി അധ്യക്ഷൻ മുഹ്സിൻ നഖ്‌വിയെ പിന്തുണയ്ക്കരുതെന്ന് ചിലർ തന്നോടു പറഞ്ഞെന്നും പാക്ക് മാധ്യമത്തോട് നജാം സേഥി പറഞ്ഞു.
“തീരുമാനം അതിനകം എടുത്തു കഴിഞ്ഞിരുന്നു. പൊതുജന സമ്മർദത്തെ തുടർന്ന് നമുക്ക് ബഹിഷ്‌കരിക്കാമെന്നായിരുന്നു അത്. ‘ഏഷ്യാ കപ്പ് നരകത്തിലേക്ക് പോകട്ടെ, ഐസിസി നരകത്തിലേക്ക് പോകട്ടെ’ എന്ന മാനസികാവസ്ഥയായിരുന്നു അത്. എന്നാൽ നിയമപരമായ പരിധിക്കുള്ളിൽ നിൽക്കണമെന്നായിരുന്നു എന്റെ നിലപാട്. എന്നെ വിളിച്ചപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞത്, ‘പോകരുത്, അദ്ദേഹത്തെ പിന്തുണയ്ക്കരുത്’ എന്നാണ്. മുഹ്സിൻ നഖ്‌വിയെ പിന്തുണയ്ക്കാനല്ല ഞാൻ പോയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാണ് പോയത്.’’– നജാം സേഥി പറഞ്ഞു.
“അദ്ദേഹം ശ്രമിച്ചത് വിജയിച്ചിരുന്നെങ്കിൽ, പാക്കിസ്ഥാന് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് (എസിസി) ഞങ്ങളെ വിലക്കാമായിരുന്നു. ഐസിസിക്കു പിഴ ചുമത്താമായിരുന്നു, വിദേശ കളിക്കാർ പിഎസ്എലിൽ കളിക്കാൻ വിസമ്മതിക്കുമായിരുന്നു, കൂടാതെ ഞങ്ങൾക്ക് 15 മില്യൻ ഡോളർ എസിസി സംപ്രേഷണാവകാശം നഷ്ടപ്പെടുമായിരുന്നു. അതു പിസിബിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമായിരുന്നു.’’– നജാം സേഥ് പറഞ്ഞു.
ഞായറാഴ്ചത്തെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റിനെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയതിനു പിന്നാലെയായിരുന്നു പാക്ക് ടീമിന്റെ നാടകീയ നീക്കങ്ങൾ. വിവാദങ്ങളെത്തുടർന്ന് മത്സര തലേന്നുള്ള മാധ്യമ സമ്മേളനവും പരിശീലന സെഷനും ഉപേക്ഷിച്ച പാക്കിസ്ഥാൻ ടീം ഗ്രൗണ്ടിലെത്താതെ ഹോട്ടലിൽ തുടർന്നു. മത്സരത്തിനായി യുഎഇ ടീം ദുബായിലെ ഗ്രൗണ്ടിലെത്തി പരിശീലനം നടത്തുമ്പോഴും പാക്കിസ്ഥാൻ ടീം ഹോട്ടലിലായിരുന്നു.
ഏഷ്യാകപ്പിലെ തുടർ മത്സരങ്ങളെല്ലാം ബഹിഷ്കരിച്ച് പാക്കിസ്ഥാൻ ടീം നാട്ടിലേക്കു മടങ്ങുകയാണെന്ന വാർത്തകളും ഇതോടൊപ്പം പ്രചരിച്ചു. മത്സരം കാണാൻ കാണികൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോഴും പാക്ക് ടീം എത്തിയിരുന്നില്ല. ഒടുവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും കടുത്ത സമ്മർദമാണ് പ്രശ്നത്തിനു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
English Summary:








English (US) ·