Published: January 09, 2026 01:01 PM IST Updated: January 09, 2026 05:28 PM IST
1 minute Read
ധാക്ക ∙ ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കടുംപിടിത്തം പിടിക്കുന്നതിനിടെ ബോർഡ് അംഗങ്ങൾക്കിടയിലും മുൻ താരങ്ങൾക്കിടയിലും ഭിന്നത രൂക്ഷം. ബിസിബിയെ വിമർശിച്ച മുൻ ബംഗ്ലദേശ് താരം തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന വിളിച്ചാക്ഷേപിച്ചിരിക്കുകയാണ് ബിസിബി ഡയറക്ടർ ബോർഡിലെ പ്രമുഖ അംഗമായ എം. നജ്മുൽ ഇസ്‌ലാം. ബോർഡംഗത്തിന്റെ ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തിനെതിരെ തമീം ഇക്ബാൽ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിസിബിയുടെ ഈ നിലപാടിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുൻ താരത്തിന്റെ വിമർശനം. എന്നാൽ ഇതിനെതിരെ ബിസിബി അംഗമായ നജ്മുൽ ഇസ്‌ലാം രംഗത്തുവരുകയും തമീം ‘ഇന്ത്യൻ ഏജന്റ് ആണെന്നു തെളിയിച്ചു’ എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയുമായിരുന്നു. ഇതിൽ തമീമിന്റെ ആരാധകരടക്കം വൻ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഐപിഎലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ‍് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.
ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബിസിബിയുടെ നിലപാടിൽ തമീം ഇക്ബാലിന്റെ അഭിപ്രായം ഇങ്ങനെ:
‘‘ഞാൻ ബിസിബിയുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ, മറ്റേതൊരു സാധാരണ വ്യക്തിയെയും പോലെ മാധ്യമങ്ങളിലൂടെയാണ് ഞാനും കാര്യങ്ങൾ അറിയുന്നത്. എന്നാൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കൂടുതൽ വിവരങ്ങൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ബംഗ്ലദേശ് ക്രിക്കറ്റിന്റെ താൽപര്യം, ഭാവി എന്നിവ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അതു തന്നെയാണ് നല്ലത്.
ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു എന്നാണ് തോന്നുന്നത്. ഇതൊരു വൈകാരിക വിഷയമായതിനാൽ, പരസ്യമായ അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് ബോർഡിനുള്ളിൽ വിഷയം ചർച്ച ചെയ്യണം. കാരണം ഒരു പൊതു അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ ശരിയാണെങ്കിലും തെറ്റാണെങ്കിലും പിന്നീട് അതിൽനിന്നു പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് ഏറ്റവും പ്രധാനം. 90 മുതൽ 95 ശതമാനം വരെ സാമ്പത്തിക സഹായവും ഐസിസിയിൽ നിന്നാണ്. അതിനാൽ ബംഗ്ലദേശ് ക്രിക്കറ്റിനു ഗുണകരമാകുന്ന രീതിയിലാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.’’– തമീം ഇക്ബാൽ വ്യക്തമാക്കി.
English Summary:








English (US) ·