Published: November 30, 2025 04:41 PM IST Updated: November 30, 2025 05:05 PM IST
1 minute Read
റാഞ്ചി ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ സൂപ്പർ താരം വിരാട് കോലിക്കു സെഞ്ചറി. മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ കോലി, 102–ാം പന്തിൽ, ബൗണ്ടറി പായിച്ചാണ് സെഞ്ചറി തികച്ചത്. ഏകദിന കരിയറിൽ കോലിയുടെ 52–ാം സെഞ്ചറിയാണിത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിക്ക് സ്വന്തമാക്കി. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. രാജ്യാന്തര കരിയറിലെ 83–ാം സെഞ്ചറിയാണ് കോലി ഇന്നു നേടിയത്. ടെസ്റ്റിൽ കോലിക്ക് 30 സെഞ്ചറിയുണ്ട്. ട്വന്റി20യിൽ ഒരു സെഞ്ചറിയും.
ഇന്ത്യൻ ഇന്നിങ്സിന്റെ നാലാം ഓവറിൽ ക്രീസിലെത്തിയ കോലി, ഓപ്പണർ രോഹിത് ശർമയുമായി (51 പന്തിൽ 57) ചേർന്ന് ഇന്നിങ്സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ കോലിയും രോഹിത്തും ചേർന്നു സെഞ്ചറി കൂട്ടുകെട്ടും നേടി. 109 പന്തുകളിൽ 139 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്.
കോലി കരിയറിലെ 76–ാം അർധസെഞ്ചറി നേടിയപ്പോൾ രോഹിത് 60–ാം അർധസെഞ്ചറിയാണ് നേടിയത്. 22–ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി മാർക്കോ യാൻസനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഋതുരാജ് ഗെയ്‌ക്‌വാദ് (8), വാഷിങ്ടൻ സുന്ദർ (13) എന്നിവർ കാര്യമായിട്ടൊന്നും ചെയ്യാനായില്ലെങ്കിലും ഒരറ്റത്ത് കോലി നിലയുറപ്പിക്കുകയായിരുന്നു. ഏഴു സിക്‌സും 11 ഫോറുമാണ് കോലിയുടെ ബാറ്റിൽനിന്നു പിറന്നത്. 120 പന്തിൽ 135 റൺസെടുത്ത കോലി, 43–ാം ഓവറിലാണ് പുറത്തായത്.
∙ രോ‘ഹിറ്റ്’ റെക്കോർഡ്
ഇന്ത്യൻ ഇന്നിങ്സിന്റെ 19.4–ാം ഓവറിൽ. ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാസൻ എറിഞ്ഞ പന്ത് നേരിട്ട രോഹിത് ശർമ, ലെഗ് സൈഡിലൂടെ ബോൾ ബൗണ്ടറിക്കു മുകളിലൂടെ പായിച്ചു. സിക്സ്! ഏകദിനത്തിൽ രോഹിത് ശർമയുടെ 352–ാം സിക്സറായിരുന്നു അത്. ഈ ഹിറ്റോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡും ഹിറ്റ്മാന്റെ പേരിലായി. 277 മത്സരങ്ങളിൽനിന്നാണ് രോഹിത്തിന്റെ നേട്ടം. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സർ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് ശർമ തകർത്തത്.
മത്സരത്തിനിറങ്ങുമ്പോൾ 349 സിക്സുകളാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. റെക്കോർഡിലേക്ക് മൂന്നു ഷോട്ടുകളുടെ ദൂരം മാത്രം. ഇന്ത്യന്‍ ഇന്നിങ്സിന്റെ 14.1 ഓവറിലാണ് രോഹിത് ആദ്യ സിക്സർ നേടിയത്. തൊട്ടടുത്ത പന്തിൽ വീണ്ടു സിക്സ്. ഇതോടെ അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്തി രോഹിത്. 20–ാം ഓവറിൽ റെക്കോർഡ് തകർത്ത ആ ‘ഹിറ്റ്’.
English Summary:








English (US) ·