മുംബൈ∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയാണ് മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് അവധി എടുക്കുന്നതായി ബിസിസിഐയെ അറിയിച്ചതിനു പിന്നാലെയാണ് ശ്രേയസ്സ് അയ്യരെ ഏകദിന ക്യാപ്റ്റനാക്കിയത്. ഓസ്ട്രേലിയ എയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന് തൊട്ടുമുൻപ് ടെസ്റ്റ് ടീം ക്യപ്റ്റനായിരുന്ന ശ്രേയസ് അയ്യർ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് ധ്രുവ് ജുറേലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. സെപ്റ്റംബർ 30, ഒക്ടോബർ 3, 5 തീയതികളിലാണ് ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എയുടെ മൂന്ന് ഏകദിന മത്സരങ്ങൾ.
ആദ്യ ഏകദിനത്തിന് 13 അംഗ ടീമിനെയു രണ്ടും മൂന്നും ഏകദിനങ്ങൾക്ക് 16 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭ്സിമ്രൻ സിങ്, അഭിഷേക് പോറൽ എന്നിവരാണ് ഇരു ടീമുകളിലും വിക്കറ്റ് കീപ്പർമാർ. റിയാൻ പരാഗ്, രവി ബിഷ്ണോയ് തുടങ്ങിയവരും ടീമിലുണ്ട്. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് രണ്ടും മൂന്നു ഏകദിനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശർമ, ഹർഷിത് റാണ, അർഷ്ദീപ് സിങ് തുടങ്ങിയവരും ഈ ടീമിലുണ്ട്.
ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു പരിഗണിക്കുന്നവരെയാണ് എ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും ഏകദിനത്തിലേക്ക് വിളിയെത്തും. ഏകദിനത്തിൽ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ശ്രേയസ്സ് അയ്യർ. രോഹിത്തിനു പിൻഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണോ എ ടീമിന്റെ നായകസ്ഥാനമെന്ന് കണ്ടറിയണം. മലയാളി താരം സഞ്ജും സാംസണെയും ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും ഏകദിനത്തിലേക്കു പരിഗണിച്ചേക്കില്ല.
ഏകദിനത്തിലെ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. ‘‘50 ഓവർ ഫോർമാറ്റിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ശ്രേയസ് ഒരു സീനിയർ താരമാണ്, ഐപിഎൽ ക്രിക്കറ്റിൽ അദ്ദേഹം തന്റെ ഫ്രാഞ്ചൈസിയെ നയിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ ഇന്ത്യ എ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കിയത്. ഒട്ടേറെ താരങ്ങളിൽ ഒരു നേതാവിന്റെ ഗുണങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ആർക്കെങ്കിലും ആ കഴിവ് ഉണ്ടോ എന്ന് കണ്ടെത്താൻ ഇന്ത്യ എ ഞങ്ങൾക്ക് അവസരം നൽകുന്നു.’’– അഗാർക്കർ പറഞ്ഞു.
അതേസമയ, ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. രജത് പാട്ടീദാർ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി ടീമിൽ സ്ഥാനം പിടിച്ചപ്പോൾ, അഭിമന്യു ഈശ്വരൻ, ഖലീൽ അഹമ്മദ്, ആകാശ് ദീപ് തുടങ്ങിയവരും ടീമിലുണ്ട്.
ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പ്രഭ്‌സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ആയുഷ് ബദോനി, സൂര്യാൻഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുർജപ്‌നീത് സിങ്, യുധ്‌വീർ സിങ്, രവി ബിഷ്ണോയ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, സിമർജീത് സിങ്
2, 3 ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ആയുഷ് ബദോനി, സൂര്യാൻഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുർജപ്‌നീത് സിങ്, യുധ്‌വീർ സിങ്, രവി ബിഷ്ണോയ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിങ്
റെസ്റ്റ് ഓഫ് ഇന്ത്യ: രജത് പാട്ടീദാർ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, ആര്യൻ ജുയൽ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യഷ് ദുൽ, ഷെയ്ഖ് റഷീദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തനുഷ് കോട്ടിയാൻ, മാനവ് സുഥാർ, ഗുർനൂർ ബ്രാർ, ഖലീൽ അഹമ്മദ്, ആകാശ് ദീപ്, അൻഷുൽ കംബോജ്, സരൻഷ് ജെയിൻ
English Summary:








English (US) ·