അരങ്ങേറ്റ മത്സരത്തിൽ വേഗമേറിയ അർധസെഞ്ചുറി, കിവി താരം അബ്ബാസിന് റെക്കോഡ്; നേട്ടം ജന്മനാടിനെതിരേ

9 months ago 9

നാപിയര്‍ (ന്യൂസീലന്‍ഡ്): ന്യൂസീലന്‍ഡിനായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ചുറി നേടി ഓള്‍റൗണ്ടര്‍ മുഹമ്മദ് അബ്ബാസ്. പാകിസ്താനെതിരേ നടന്ന മത്സരത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡാണ് അബ്ബാസ് ഇതുവഴി സ്വന്തമാക്കിയത്. നാപിയറിലെ മഗ്ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 24 പന്തുകള്‍ നേരിട്ടാണ് അബ്ബാസ് 50 റണ്‍സ് തികച്ചത്.

നേരത്തേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പേരിലായിരുന്നു ഈ റെക്കോഡ് നിലനിന്നിരുന്നത്. 2021 മാര്‍ച്ച് 23-ന് എംസിഎ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേ 26 പന്തുകളില്‍ ഫിഫ്റ്റി നേടിയായിരുന്നു ക്രുണാല്‍ തന്റെ അരങ്ങേറ്റം റെക്കോഡോടെ ഗംഭീരമാക്കിയിരുന്നത്. മൂന്നുവീതം സിക്‌സും ഫോറും ചേര്‍ന്നതാണ് അബ്ബാസിന്റെ ഇന്നിങ്‌സ്.

അതേസമയം തന്റെ ജന്മനാടിനെതിരെയാണ് ഈ റെക്കോഡ് സ്വന്തമാക്കിയതെന്ന പ്രത്യേകതകൂടി അവകാശപ്പെടാനുണ്ട് അബ്ബാസിന്. പാകിസ്താനിലെ ലഹോറില്‍ ഒരു ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തിലാണ് മുഹമ്മദ് അബ്ബാസ് ജനിച്ചത്. പിതാവ് അസ്ഹര്‍ അബ്ബാസ് 45 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ന്യൂസീലന്‍ഡിനലേക്ക് കുടിയേറി. അവിടെ വെല്ലിങ്ടണ്‍, ഓക്ക്‌ലന്‍ഡ് ടീമുകളെ പ്രതിനിധാനം ചെയ്ത് അദ്ദേഹം മത്സരിച്ചു. നിലവില്‍ അദ്ദേഹം വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സിന്റെ സഹപരിശീലകനാണ്.

പിതാവിന്റെ പാത പിന്‍പറ്റിയ അബ്ബാസ് ആഭ്യന്തര ക്രിക്കറ്റില്‍ വെല്ലിങ്ടണുവേണ്ടി തിളക്കമാര്‍ന്ന പ്രകടനം നടത്തിയാണ് ദേശീയ ടീമിലെത്തിയത്. ഓള്‍റൗണ്ടറായ താരം വെല്ലിങ്ടണുവേണ്ടി ഇതുവരെ 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുകയും 1301 റണ്‍സ് നേടുകയും ചെയ്തു. ഇതില്‍ രണ്ട് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 130 ആണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. കൂടാതെ 12 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചു.

അതേസമയം ടി20 പരമ്പര 4-1ന് കൈവിട്ടതിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിലും പാകിസ്താന്‍ പരാജയപ്പെട്ടു. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ 44.1 ഓവറില്‍ 271ന് പുറത്തായി. 111 പന്തില്‍ 132 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മനാണ് കിവികള്‍ക്ക് വലിയ ടോട്ടല്‍ സമ്മാനിച്ചത്. ഡറില്‍ മിച്ചല്‍ (78), അരങ്ങേറ്റ താരം മുഹമ്മദ് അബ്ബാസ് (52) എന്നിവരും തിളങ്ങി.

പാക് നിരയില്‍ ഇര്‍ഫാന്‍ ഖാന് മൂന്നും ഹാരിസ് റൗഫ്, ആക്കിഫ് ജാവേദ് എന്നിവര്‍ക്ക് രണ്ടും വിക്കറ്റുകളുണ്ട്. ബാറ്റിങ്ങില്‍ ബാബര്‍ അസമും (78) സല്‍മാന്‍ ആഗയും (58) ആണ് ടോപ് സ്‌കോറര്‍മാര്‍. ന്യൂസീലന്‍ഡിനായി നഥാന്‍ സ്മിത്ത് നാലു വിക്കറ്റുകളും ജേക്കബ് ഡഫി രണ്ട് വിക്കറ്റുകളും നേടി.

Content Highlights: caller zealands muhammad abbas breaks krunal pandyas satellite grounds fastest 50 odi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article