ലീഡ്സ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ യുവതലമുറയുടെ മാറ്റുരയ്ക്കാനുള്ള പരീക്ഷണം തുടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-നാണ് മത്സരം.
സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റ ആദ്യ അങ്കംകൂടിയാണിത്. ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.
ബാറ്റിങ് പൊസിഷന്‍
ഇന്ത്യന്‍ ബാറ്റിങ്‌നിരയിലെ സ്ഥാനങ്ങളെച്ചൊല്ലിയാണ് കഴിഞ്ഞ കുറച്ചുദിവസമായി ചര്‍ച്ചനടക്കുന്നത്. യശസ്വി ജയ്സ്വാളിനൊപ്പം ആരാകും ഓപ്പണ്‍ ചെയ്യുന്നത്. മൂന്ന്, നാല് നമ്പറുകളില്‍ ആരാകും കളിക്കുന്നത്, എന്നൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് മറുപടികൂടിയാകും ആദ്യടെസ്റ്റ്.
ഓപ്പണിങ്ങില്‍ ജയ്സ്വാളിനൊപ്പം സായ് സുദര്‍ശന്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങും. മറുനാടന്‍ മലയാളി താരം കരുണ്‍ നായരാകും മൂന്നാംനമ്പറില്‍ കളിക്കുന്നത്. ഗില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് കഴിഞ്ഞദിവസം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പന്തും കെ.എല്‍. രാഹുലും കളിക്കും. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ശാര്‍ദൂല്‍ ഠാക്കൂറുമാകും ഇടംപിടിക്കുന്നത്.
ബൗളിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറ ചുക്കാന്‍പിടിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഉള്‍പ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നര്‍.
ഇംഗ്ലണ്ട് തയ്യാര്‍
ഇലവനെ ആതിഥേയരായ ഇംഗ്ലണ്ട് നേരത്തേത്തനെ പ്രഖ്യാപിച്ചിരുന്നു. സാക് ക്രോളിയും ബെന്‍ ഡെക്കറ്റും ഇന്നിങ്സ് ഓപ്പണ്‍ചെയ്യും. ഒലി പോപ്പ് വണ്‍ഡൗണാകും. നാലാം നമ്പറില്‍ ജോ റൂട്ട് വരും. ക്രിസ് വോക്സ്, ജോഷ് ടങ്, ബ്രെണ്ടന്‍ കാര്‍സ് എന്നിവര്‍ക്കാണ് പേസ് വിഭാഗത്തിന്റെ ചുമതല. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നര്‍. ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സില്‍ ടീം ഏറെ പ്രതീക്ഷവെക്കുന്നുണ്ട്.
പിച്ച് റിപ്പോര്‍ട്ട്
ഹെഡിങ്ലിയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണ് ചരിത്രം. എന്നാല്‍, ഇത്തവണ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഗുണംലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ചീഫ് ക്യൂറേറ്റര്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍ അവകാശപ്പെടുന്നത്.
Content Highlights: India`s caller skipper Shubman Gill leads the squad against England successful the archetypal trial lucifer astatine Headingle








English (US) ·