അരി, റൊട്ടി, മൈദ, പഞ്ചസാര എല്ലാം ഒഴിവാക്കി, കഴിച്ചത് സാലഡും കോഴി ഇറച്ചിയും; സർഫറാസ് 17 കിലോ കുറച്ചത് ഇങ്ങനെ

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 23 , 2025 12:22 PM IST Updated: July 23, 2025 12:47 PM IST

1 minute Read

 Instagram@SarfarazKhan
സർഫറാസ് ഖാൻ. Photo: Instagram@SarfarazKhan

മുംബൈ∙ രണ്ടു മാസത്തിൽ 17 കിലോ ശരീര ഭാരം കുറയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാൻ കഠിന വ്യായാമത്തോടൊപ്പം പിന്തുടർന്നത് ചിട്ടയായ ഭക്ഷണ ക്രമം. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പിതാവ് നൗഷാദ് ഖാനാണ് സർഫറാസിന്റെയും കുടുംബത്തിന്റെയും ഭക്ഷണ നിയന്ത്രണത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. സർഫറാസ് മാത്രമല്ല, കുടുംബത്തിലെ എല്ലാവരും ഈ ഭക്ഷണ രീതിയാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് നൗഷാദ് ഖാൻ വ്യക്തമാക്കി. അരി ഭക്ഷണം, റൊട്ടി, പഞ്ചസാര, മൈദ എന്നിവ പൂർണമായും ഒഴിവാക്കുകയാണ് സർഫറാസ് ആദ്യം ചെയ്തത്.

‘‘സർഫറാസ് ബേക്കറി ഉത്പന്നങ്ങളും പൂർണമായും ഉപേക്ഷിച്ചു. ഗ്രിൽ ചെയ്ത കോഴിയിറച്ചി, മീന്‍, പുഴുങ്ങിയ മുട്ട, സാലഡുകൾ, ബ്രോക്കോളി, അവൊക്കാഡോ, ഗ്രീൻ ടീ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കി. ചീറ്റ് മീലുകളുടെ ഭാഗമായി മുന്‍പു കഴിച്ചിരുന്ന പ്രിയപ്പെട്ട ബിരിയാണിയും സർഫറാസ് ഉപേക്ഷിച്ചു.’’– നൗഷാദ് ഖാൻ വ്യക്തമാക്കി. ഇത്രയും ചെയ്തപ്പോൾ തന്നെ ഒന്നര മാസം കൊണ്ട് പത്തു കിലോ കുറയ്ക്കാൻ സർഫറാസിനു സാധിച്ചതായി നൗഷാദ് ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.

കാൽമുട്ടിനു ശസ്ത്രക്രിയ ആവശ്യമായി വന്ന ഘട്ടത്തിൽ അത് ഒഴിവാക്കുന്നതിനായി താനും സർഫറാസിനൊപ്പം ചേർന്നു ഭാരം കുറച്ചതായും നൗഷാദ് ഖാൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണു ജിമ്മിൽ പരിശീലിക്കുന്നതിനിടെ എടുത്ത ചിത്രം സർഫറാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മികച്ച ഫോം തുടരുമ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിൽ താരത്തിന് പല തവണ ദേശീയ ടീമിൽ അവസരം നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു തടി കുറയ്ക്കാൻ സർഫറാസ് ശ്രമം തുടങ്ങിയത്.

ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകൾ കളിച്ചിട്ടുള്ള സർഫറാസ് ഒരു സെഞ്ചറിയും മൂന്നു അർധ സെഞ്ചറികളും നേടിയിട്ടുണ്ട്.വാങ്കഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിലാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങിയത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാൻ സാധിക്കാതെ പുറത്തായ സർഫറാസ്, രണ്ടാം ഇന്നിങ്സിൽ നേടിയത് ഒരു റൺ. ജൂണിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ സന്നാഹ മത്സരത്തിൽ താരം തിളങ്ങിയിരുന്നു. 119 പന്തുകൾ നേരിട്ട സർഫറാസ് 92 റൺസടിച്ചാണു പുറത്തായത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SarfarazKhan എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്

English Summary:

Cricketer Sarfaraz Khan loses 17 kgs successful 2 months: Here's what helium did

Read Entire Article