Published: June 06 , 2025 04:16 AM IST
1 minute Read
-
നിലവിലെ ചാംപ്യൻ ഇഗ സ്യാംതെക്ക് പുറത്ത്
പാരിസ് ∙ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ഇഗ സ്യാംതെക്കിന്റെ ജൈത്രയാത്രയ്ക്കു വിരാമമിട്ട് ബെലാറൂസിന്റെ അരീന സബലേങ്ക. പാരിസിൽ നാലാം കിരീടം എന്ന ചരിത്രം ലക്ഷ്യമിട്ടെത്തിയ പോളണ്ട് താരം ഇഗയെ ലോക ഒന്നാം നമ്പറായ സബലേങ്ക വീഴ്ത്തിയത് 7–6, 4–6, 6–0 എന്ന സ്കോറിൽ. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26 വിജയങ്ങളുമായെത്തിയ ഇരുപത്തിനാലുകാരി ഇഗയുടെ അപരാജിത കുതിപ്പാണ് ഇന്നലെ അവസാനിച്ചത്. ഓപ്പൺ യുഗത്തിൽ (1968നു ശേഷം) തുടർച്ചയായി 4 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡ് നേടാൻ ഇഗയ്ക്ക് ഈ ഫ്രഞ്ച് ഓപ്പൺ ജേതാവാകണമായിരുന്നു. സ്വപ്നലക്ഷ്യത്തിലേക്കുള്ള ഇഗയുടെ ആ കുതിപ്പ് അനായാസം തടയാൻ സബലേങ്കയ്ക്കായി.
നാളെ നടക്കുന്ന ഫൈനലിൽ യുഎസിന്റെ കൊക്കോ ഗോഫാണ് സബലേങ്കയുടെ എതിരാളി. ഇറ്റലിയുടെ ലൂയിസ് ബസണിനെ സെമിയിൽ അനാസായം തോൽപിച്ചായിരുന്നു ഗോഫിന്റെ മുന്നേറ്റം (6–1, 6–2). നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവും നേർക്കുനേർ വന്ന സെമിഫൈനലിന്റെ ആദ്യ 2 സെറ്റുകളിൽ കണ്ടത് വാശിയേറിയ പോരാട്ടം. ആദ്യ സെറ്റ് പൊരുതി തോൽക്കുകയും രണ്ടാം സെറ്റ് പിടിച്ചെടുക്കുകയും ചെയ്ത ഇഗ നിർണായകമായ മൂന്നാം സെറ്റിൽ തീർത്തും നിഷ്പ്രഭയായി. അതിവേഗ സെർവുകളും കരുത്തുറ്റ ബാക്ക്ഹാൻഡ് റിട്ടേണുകളുമായി കളംനിറഞ്ഞ സബലേങ്കയ്ക്ക് ഇഗയുടെ തുടർച്ചയായ പിഴവുകളും നേട്ടമായി. വെടിയുണ്ട വേഗത്തിൽ പാഞ്ഞ ഫോർഹാൻഡ് ഷോട്ടുകൾക്ക് മറുപടി നൽകാൻ അവസാന സെറ്റിൽ ഇഗയ്ക്കു കഴിഞ്ഞതുമില്ല. ഫ്രഞ്ച് ഓപ്പണിൽ ഇതുവരെയുള്ള 43 മത്സരങ്ങളിൽ ഇഗയുടെ മൂന്നാം തോൽവി മാത്രമാണിത്.
English Summary:








English (US) ·