Published: October 15, 2025 06:28 PM IST
1 minute Read
ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ സംഘം പുറപ്പെട്ടു. വിരാട് കോലി, രോഹിത് ശർമ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, യശ്വസി ജയ്‍സ്വാൾ, കെ.എൽ.രാഹുൽ, ശ്രേയസ്സ് അയ്യർ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ തുടങ്ങിയവരാണ് ആദ്യ സംഘത്തിലുള്ളത്. സപ്പോർട്ട് സ്റ്റാഫിലെ ചില അംഗങ്ങളും ഇവർക്കൊപ്പമുണ്ട്. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ സംഘം പുറപ്പെട്ടത്. കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ ഇന്നു രാത്രി ഓസ്ട്രേലിയയിലേക്കു പോകും.
ചാംപ്യൻസ് ട്രോഫിക്കു ശേഷം ആദ്യമായാണ് വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. മേയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച രോഹിത്തിനെ, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിലാണ് ഏകദിന ക്യാപ്റ്റൻസിയിൽനിന്നു മാറ്റിയത്. ഇരു ഫോർമാറ്റിലും ശുഭ്മാൻ ഗില്ലാണ് രോഹിത്തിന്റെ പിൻഗാമി. ക്യാപ്റ്റൻസി മാറ്റത്തിനു ശേഷം രോഹിത്തും ഗില്ലും ആദ്യമായി കണ്ടുമുട്ടുന്നതും ഇന്നാണ്. വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് ഇരുവരും കുശലം പറഞ്ഞത് ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നു.
‘അരേ ഹീറോ, എന്തുണ്ട് സഹോദരാ..’ എന്നു ചോദിച്ചുകൊണ്ടാണ് രോഹിത്, ഗില്ലിനെ കെട്ടിപ്പിടിക്കുന്നത്. ടീം ബസിലേക്കു കയറുന്നതിനു മുൻപ് കോലിയെ, രോഹിത് പുറത്തുനിന്നുകൊണ്ട് ‘വണങ്ങി’ അഭിസംബോധന ചെയ്യുന്നതും ബസിൽ കയറിയ ഗില്ലിന് കോലി ചിരിച്ചുക്കൊണ്ട് കൈകൊടുക്കുന്നതും വിഡിയോയിൽ കാണാം. വിമാനത്താവളത്തിൽ നിരവധി ആരാധകരാണ് താരങ്ങളെ നേരിക്കാണുന്നതിന് തടിച്ചുകൂടിയത്. കോലിയും രോഹിത്തും ചൊവ്വാഴ്ചയാണ് ഇന്ത്യൻ ക്യാപിനൊപ്പം ചേർന്നത്.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയൻ പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം 19ന് പെർത്തിൽ നടക്കും. 23നും 25നും യഥാക്രമം അഡ്‌ലെയ്ഡിലും സിഡ്നിയിലും വച്ചാണ് രണ്ടും മൂന്നൂം ഏകദിനങ്ങൾ. അഞ്ച് ടി20 മത്സരങ്ങൾ ഒക്ടോബർ 29 മുതൽ നവംബർ 8 വരെ നടക്കും.
English Summary:








English (US) ·