Published: August 05 , 2025 04:25 PM IST Updated: August 05, 2025 05:04 PM IST
1 minute Read
കൊച്ചി ∙ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാമെന്നു അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) തങ്ങളുമായി കരാർ ഒപ്പിട്ടുവെങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ വരാമെന്ന നിലപാടിലാണെന്നു സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം എത്തുമെങ്കിൽ മാത്രമേ തങ്ങൾക്കു താൽപര്യമുള്ളൂ. കരാർ റദ്ദായാൽ തങ്ങൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും. കരാർ രേഖ വെളിപ്പെടുത്തരുതെന്നു നിബന്ധനയുള്ളതിനാൽ പുറത്തു വിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
‘‘ഈ വർഷം ഒക്ടോബറിൽ അർജന്റീന ടീം ഇന്ത്യയിൽ വരുമെന്നു ഞങ്ങൾക്കു മറുപടി ലഭിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിലെത്തുന്ന കൃത്യമായ തീയതി ഏതെന്ന് ഇതുവരെ അർജന്റീന അറിയിച്ചിട്ടില്ല. കഴിഞ്ഞ ജൂൺ ആറിനു കരാർ പ്രകാരമുള്ള 130 കോടി രൂപ എഎഫ്എയ്ക്കു നൽകിയിട്ടുണ്ട്. പണം ലഭിച്ചെന്ന് അവർ സ്ഥിരീകരിച്ചിട്ടുമുണ്ട്. മെസ്സി ഉൾപ്പെട്ട ടീം അടുത്ത വർഷം ജൂണിലെ ലോകകപ്പിനു ശേഷം സെപ്റ്റംബറിൽ കേരളത്തിൽ എത്തുന്നതിനെക്കുറിച്ച് എഎഫ്എ അഭിപ്രായം ചോദിച്ചു. അതു പറ്റില്ല. അടുത്ത ജൂണിൽ അടുത്ത ലോകകപ്പ് നടക്കുകയാണ്. അർജന്റീന വീണ്ടും ചാംപ്യൻമാരാകുന്ന കാര്യം ഉറപ്പില്ല. 2022 ലെ ലോക ചാംപ്യൻമാരെ കേരളത്തിൽ കളിപ്പിക്കാമെന്നാണു കരാർ.’’
‘‘ഞങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്നാണു 130 കോടി രൂപ എഎഫ്എയ്ക്കു നൽകിയത്. ലോകകപ്പ് ജയിച്ച അതേ ടീമിനെ കരാറിൽ പറയുന്ന പോലെ കേരളത്തിൽ കളിപ്പിക്കാമെന്ന് അർജന്റീന ഇതുവരെ ഉറപ്പു പറഞ്ഞിട്ടില്ല. ചർച്ച നടത്താന്‍ ഒരു സംഘത്തെ അയക്കാമെന്നാണ് അവർ പറയുന്നത്. അതിന്റെ ആവശ്യമില്ല. പണം കിട്ടിയ ശേഷം, വരുന്നില്ല എന്നു പറയുന്നത് ആരാധകരെ കബളിപ്പിക്കലാണ്. അർജന്റീനയോടുള്ള സ്നേഹം കൊണ്ടാണു ഞങ്ങൾ ഇതു ചെയ്യുന്നത്. ഇപ്പോൾ, അടുത്ത വർഷം വരാമെന്ന രീതിയിൽ പുതിയ കരാർ ഒപ്പു വയ്ക്കാൻ എഎഫ്എ നിർബന്ധിക്കുകയാണ്’’ – ആന്റോ അവകാശപ്പെട്ടു.
അർജന്റീനയും സൂപ്പർ താരം ലയണൽ മെസിയും ഈ വർഷം കേരളത്തിൽ എത്തില്ലെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണു സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.
English Summary:








English (US) ·