Published: October 29, 2025 05:53 PM IST Updated: October 29, 2025 06:03 PM IST
1 minute Read
സിഡ്നി ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർ സുഖംപ്രാപിക്കുന്നതിനായി പ്രത്യേക പ്രാർഥന നടത്തി ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അമ്മ. ഛഠ് പൂജയ്ക്കിടെയാണ് ശ്രേയസിന്റെ രോഗസൗഖ്യത്തിനായി സൂര്യകുമാറിന്റെ അമ്മ പ്രത്യേക പ്രാർഥന നടത്തിയത്.
ഇതിന്റെ വിഡിയോ സൂര്യകുമാറിന്റെ സഹോദരി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ‘‘ശ്രേയസ് അയ്യർ സുഖംപ്രാപിക്കുന്നതിന് എല്ലാവരും പ്രാർഥിക്കണം. അവനു പരുക്കേറ്റെന്ന് ഇന്നലെയാണ് ഞാൻ അറിഞ്ഞത്. അതു കേട്ടപ്പോൾ മുതൽ എനിക്കും തീരെ സുഖമില്ല’’– സൂര്യകുമാറിന്റെ അമ്മ ചുറ്റും നിൽക്കുന്നവരോട് പറയുന്നത് വിഡിയോയിൽ കാണാം.
സിഡ്നിയിലെ ആശുപത്രിയിൽ കഴിയുന്ന ശ്രേയസിന്റെ നില തൃപ്തികരമാണെന്നും താരത്തെ ഐസിയുവിൽനിന്നു മാറ്റിയെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. ഇടതു വാരിയെല്ലിനും പ്ലീഹയ്ക്കും (സ്പ്ലീൻ) പരുക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സിഡ്നിയുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പരുക്കേറ്റതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ ശ്രേയസ് ബോധരഹിതനായെന്നും ഹൃദയമിടിപ്പ് കുറഞ്ഞെന്നും അതോടെയാണ് ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചതെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ മെഡിക്കൽ സംഘവും സിഡ്നിയിൽ എത്തിയിരുന്നു. ഇവരുടെ കൂടി മേൽനോട്ടത്തിലായിരിക്കും തുടർ ചികിത്സകൾ. ശ്രേയസിന്റെ കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ സിഡ്നിയിൽ എത്തുമെന്നാണ് വിവരം.
English Summary:








English (US) ·