
കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിൽനിന്ന് | Photo: YouTube/ Sindhu Krishna
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെന്ന് യുവതികള്‍ സമ്മതിക്കുന്ന വീഡിയോ പുറത്ത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിൽ യുവതികള്‍ ആരോപണം സമ്മതിക്കുന്നതായി കാണാം. ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമില്ലേയെന്ന് ദിയയുടെ സഹോദരിയും നടിയുമായ അഹാന ചോദിക്കുമ്പോള്‍ മൂന്നുപേരും തലയാട്ടി സമ്മതിക്കുന്നതും വീഡിയോയിലുണ്ട്.
എത്രരൂപയാണ് തട്ടിച്ചതെന്ന് അഹാന ചോദിക്കുമ്പോള്‍ അഞ്ചുലക്ഷം എന്നാണ് യുവതികള്‍ ആദ്യം സമ്മതിക്കുന്നത്. ഏഴുലക്ഷത്തിലധികം രൂപയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ നോക്കി തങ്ങള്‍ക്ക് മനസിലായതെന്ന് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ പറഞ്ഞു. 'വിശ്വസിക്കാന്‍ കൊള്ളാത്ത നിങ്ങള്‍ അഞ്ചുലക്ഷം മാത്രമേ തട്ടിച്ചിട്ടുള്ളൂ എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുക. ഒരുമാസം ഓസിയുടെ ബിസിനസില്‍നിന്ന് എത്ര കിട്ടുന്നുവെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. അതിന്റെ പകുതിയാണ് അഞ്ചുലക്ഷം', എന്ന് അഹാന പറയുന്നു.
ആരാണ് ആദ്യമായി തുടങ്ങിയതെന്നും എത്രനാള്‍ മുമ്പാണ് തട്ടിപ്പ് ആരംഭിച്ചതെന്നും അഹാന ചോദിച്ചു. സത്യം പറഞ്ഞാല്‍ എല്ലാം നല്ലരീതിയില്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ താനിപ്പോള്‍ ചോദിക്കുന്നതുപോലെ പോലീസായിരിക്കും വന്നുചോദിക്കുകയെന്നും അഹാന യുവതികളോട് പറയുന്നതായി വീഡിയോയിലുണ്ട്. 'അതിന്റെ വല്ല ആവശ്യവുമുണ്ടോ? ഞങ്ങള്‍ക്ക് അതിന് ആഗ്രഹമില്ല. നമ്മള്‍ക്ക് അതിന് സമയവും സാവകാശവുമില്ല. അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ വേറെ വഴിയില്ല. ഇത് ദിയ തമാശയ്ക്ക് ചെയ്യുന്നതല്ല, അവളുടെ ജീവിക്കാനുള്ള ജോലിയാണ്', അഹാന കൂട്ടിച്ചേര്‍ക്കുന്നു.
ആഗസ്റ്റിലാണ് ആദ്യമായി തട്ടിപ്പുനടത്തിയതെന്ന് യുവതികളില്‍ ഒരാള്‍ സമ്മതിക്കുന്നു. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍, അതേയെന്ന് മൂന്നുപേരും ഒരുപോലെ സമ്മതിക്കുന്നു. ഉണ്ടായിരുന്ന സ്വര്‍ണമെല്ലാം പണയംവെച്ചാണ് അഞ്ചുലക്ഷം തിരികെ നല്‍കിയതെന്ന് യുവതികള്‍ക്കൊപ്പം വന്നൊരാള്‍ പറയുന്നു. എട്ടുലക്ഷത്തിലേറെ രൂപ തിരികെ നല്‍കിയെന്നാണ് കുടുംബം കഴിഞ്ഞദിവസം അവകാശപ്പെട്ടത്.
'ഞാനും അമ്മയും പോയപ്പോള്‍ സ്‌കാനര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സ്‌കാന്‍ ചെയ്തു. അന്നിവര്‍ കാര്‍ഡ് വര്‍ക്കാവുന്നില്ലെന്ന് പറഞ്ഞില്ല. പണമായി വേണമെന്ന് പറഞ്ഞില്ല. ഫെബ്രുവരിയിലാണ് പോയത്. നിങ്ങള്‍ ചെയ്തത് ചെറിയ തെറ്റല്ല',- യുവതികളോട് അഹാന പറഞ്ഞു.
'അധികം പാവം കളിക്കല്ലേ, നിന്നെ മോഷണത്തിന് പിടിച്ചിട്ട് ഇരിക്കുകയാണ്', എന്ന് അഹാന പറഞ്ഞപ്പോള്‍, അറിയാം ചേച്ചീ തെറ്റുപറ്റി എന്ന് അവരില്‍ ഒരാള്‍ പറയുന്നു. 25 ലക്ഷത്തില്‍ കൂടുതല്‍ തിരിമറി നടത്തിയാണ് യുവതികള്‍ ഇരിക്കുന്നതെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പറയുന്നതായി വീഡിയോയില്‍നിന്ന് കേള്‍ക്കാം.
'നിങ്ങളുടെ സ്‌കാനര്‍ പ്രിന്റ് ചെയ്ത് കടയില്‍വെച്ചോ', എന്ന് ചോദിക്കുമ്പോള്‍, ഫോണില്‍ കാണിച്ചുകൊടുക്കുകയായിരുന്നു എന്നാണ് യുവതികളില്‍ ഒരാള്‍ പറയുന്നത്. ആളുകള്‍ സ്‌കാനര്‍ ചോദിക്കുമ്പോള്‍ സ്വന്തം ക്യൂആര്‍ കോഡ് കാണിച്ചുകൊടുക്കുമെന്നും അവര്‍ പറഞ്ഞു. ബാങ്ക് വഴിയല്ലാതെ, പണമായി എടുത്തത് എങ്ങനെ അറിയാമെന്ന് ചോദിക്കുമ്പോള്‍, സിസിടിവി നോക്കിയാല്‍ മതി എന്ന് കൂട്ടത്തിലൊരാള്‍ പറയുന്നു. ഇവര്‍ സിസിടിവി ഓഫ് ചെയ്തുവെക്കും എന്ന് ദിയ പറഞ്ഞപ്പോള്‍, സിസിടിവി തങ്ങള്‍ കൈകാര്യംചെയ്യാറില്ലെന്ന് യുവതികളില്‍ ഒരാള്‍ പറഞ്ഞു.
പണമായി എത്ര തട്ടിച്ചുവെന്ന് ചോദിച്ചപ്പോള്‍, അറിയില്ല എന്നായിരുന്നു യുവതികളില്‍ ഒരാളുടെ മറുപടി. ഇത്ര പ്രൊഫഷണലായി മോഷ്ടിക്കുമ്പോള്‍ ഒരു കണക്കുവെക്കേണ്ടേ എന്നായിരുന്നു അഹാനയുടെ മറുചോദ്യം. ഒരുലക്ഷമോ അന്‍പതിനായിരം പോലുമോ പണമായി തട്ടിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും എത്രയെടുത്തു എന്ന ചോദ്യത്തോട്, മൂന്നുപേരും കൂടെ പങ്കിട്ടാണ് എടുത്തതെന്നായിരുന്നു മറുപടി. വീതിച്ചപ്പോള്‍ ഒരാള്‍ക്ക് കിട്ടിയ കണക്കല്ല തങ്ങള്‍ക്കുവേണ്ടതെന്നും മൊത്തം പണമായി എത്രഎടുത്തു എന്നാണ് അറിയേണ്ടതെന്നും അഹാന പറഞ്ഞു. ഇതിന് മൂന്നുപേര്‍ക്കും മറുപടിയില്ല.
ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ 40,000 രൂപ എടുത്തുകാണും എന്ന് യുവതികളില്‍ ഒരാള്‍ പറഞ്ഞു. ഓസി (ദിയ കൃഷ്ണ) ഗര്‍ഭിണിയായത് അവസരമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അഹാന പറയുന്നതായി വീഡിയോയില്‍നിന്ന് കേള്‍ക്കാം. തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു എന്ന് പറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോയുടെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 1500 കിട്ടിയാല്‍ മൂന്നുപേരും 500 വീതം ഒരുപോലെ വീതിച്ചെടുക്കുമെന്ന് യുവതികളില്‍ ഒരാള്‍ സമ്മതിച്ചതായി വീഡിയോയിലുണ്ടായിരുന്നു.
Content Highlights: video shows Diya Krishna`s household confronting employees who allegedly embezzled funds
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·