കരിയറിൽ 28 തവണയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ 90നും 100നും ഇടയിൽ പുറത്തായത്. തൊണ്ണൂറുകളിൽ എത്തുമ്പോഴുള്ള സമ്മർദവും ഒരു പരിധിവരെ നിർഭാഗ്യവുമാണ് പലപ്പോഴും അർഹിച്ച സെഞ്ചറി അദ്ദേഹത്തിൽനിന്നു തട്ടിയകറ്റിയത്. വനിതാ ടെന്നിസിൽ, കഴിഞ്ഞ 13 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ 12ലും സെമിഫൈനൽ വരെ എത്തിയ താരമാണ് അരീന സബലേങ്ക. പക്ഷേ, അതിൽ 3 തവണ മാത്രമേ ബെലാറൂസ് താരത്തിന് ജേതാവാകാൻ സാധിച്ചുള്ളൂ.
ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനലിൽ അടിതെറ്റിയ ഇരുപത്തിയേഴുകാരി സബലേങ്കയ്ക്ക് വിമ്പിൾഡനിൽ സെമിക്കപ്പുറം കടക്കാൻ സാധിച്ചില്ല. ശനിയാഴ്ച രാത്രി യുഎസിലെ ആർതർ ആഷ് സ്റ്റേഡിയത്തിലേക്ക് ഫൈനലിനു വരുമ്പോൾ ഈ ചരിത്രഭാരത്തിന്റെ സമ്മർദം സബലേങ്കയുടെ ശരീരത്തിലും മനസ്സിലും ഉണ്ടായിരുന്നു. എന്നാൽ യുഎസ് താരം അമാൻഡ അനിസിമോവയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച സബലേങ്ക 6–3, 7–6ന് മത്സരം സ്വന്തമാക്കി, ഒപ്പം യുഎസ് ഓപ്പണിൽ തുടർച്ചയായ രണ്ടാം കിരീടവും. ഇതോടെ സബലേങ്കയുടെ കരിയർ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുടെ എണ്ണം നാലാവുകയും ചെയ്തു.
വെക്കേഷൻ, വെളിപാടുകൾ
വിമ്പിൾഡനിന്റെ സെമിഫൈനലിൽ അനിസിമോവയോടു തോറ്റതിനു പിന്നാലെ സബലേങ്ക തന്റെ പങ്കാളിക്കൊപ്പം ഗ്രീക്ക് ദ്വീപായ മിക്കോനോസിലേക്ക് ഒരു യാത്രപോയി. അവിടെ വച്ചാണ് ജയിംസ് ആർ.ഡോട്ടി എഴുതിയ ‘ഇൻ ടു ദ് മാജിക് ഷോപ്’ എന്ന പുസ്തകം സബലേങ്ക വായിക്കുന്നത്. ഒരു ന്യൂറോ സർജന്റെ ഓർമക്കുറിപ്പുകളാണ് പുസ്തകത്തിന്റെ പ്രമേയം. വികാരങ്ങൾക്കുമേൽ വിവേകത്തിന് ആധിപത്യം നൽകാനും സമ്മർദഘട്ടങ്ങളെ സധൈര്യം നേരിടാനും ഈ പുസ്തകം സബലേങ്കയെ സഹായിച്ചു. ഈ പുസ്തകം നൽകിയ ‘മാന്ത്രിക റാക്കറ്റുമായാണ്’ യുഎസ് ഓപ്പണിനു സബലേങ്ക എത്തിയത്. ടൂർണമെന്റിൽ ഉടനീളം സബലേങ്കയിൽ ഈ മാജിക് പ്രകടമായിരുന്നു. ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെ കിരീടം സ്വന്തമാക്കാൻ സബലേങ്കയ്ക്കു സാധിച്ചതിനു പിന്നിലെ രഹസ്യവും ഇതു തന്നെ.
ഫൈനൽ ഫെസ്റ്റ്
ഒരു സെർവ് ബ്രേക്ക് ആവുമ്പോൾ അലറിവിളിക്കുന്ന, ഒരു സെറ്റ് നഷ്‌പ്പെടുമ്പോൾ സപ്പോർട്ടിങ് സ്റ്റാഫിനെതിരെ ആക്രോശിക്കുന്ന, മത്സരം തോൽക്കുമ്പോൾ റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്ന ‘പഴയ’ സബലേങ്കയെ യുഎസ് ഓപ്പണിൽ ഒരിക്കൽ പോലും ആരാധകർക്കു കാണേണ്ടിവന്നില്ല. നിറഞ്ഞ പുഞ്ചിരിയുമായി മാത്രമായിരുന്നു ബെലാറൂസ് താരം ടൂർണമെന്റിൽ ഉടനീളം കളംനിറഞ്ഞത്. രണ്ടാം സെറ്റിൽ മാച്ച് പോയിന്റിനായി നടത്തിയ സെർവ് സബലേങ്ക നഷ്ടപ്പെടുത്തിയപ്പോൾ സ്റ്റേഡിയം പിടിച്ചുകുലുക്കിയേക്കാവുന്ന ഒരു അലർച്ച കാണികൾ പ്രതീക്ഷിച്ചു.
എന്നാൽ ഒരു പുഞ്ചിരി മാത്രമായിരുന്നു സബലേങ്കയുടെ മുഖത്തു വിരിഞ്ഞത്. വികാരങ്ങളെ വിവേകം കൊണ്ടു കീഴടക്കാൻ സബലേങ്ക പഠിച്ചിരിക്കുന്നു എന്ന് സകലർക്കും ബോധ്യപ്പെട്ട നിമിഷം. പിന്നാലെ ടൈബ്രേക്കറിലേക്കു നീണ്ട രണ്ടാം സെറ്റ് ഒരു ക്രോസ് കോർട്ട് സെർവിലൂടെ സ്വന്തമാക്കിയ സബലേങ്ക, 10 വർഷത്തിനിടെ യുഎസ് ഓപ്പണിൽ കിരീടം നിലനിർത്തുന്ന ആദ്യ വനിതാ താരമെന്ന നേട്ടത്തിലേക്കും നടന്നുകയറി.
‘വായിക്കുന്ന മനുഷ്യൻ ആയിരം ജീവിതങ്ങൾ ജീവിക്കുന്നു’ എന്ന് വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ.ആർ.മാർട്ടിൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ അരീന സബലേങ്കയ്ക്ക് ഈ വർഷത്തെ യുഎസ് ഓപ്പൺ വരെ കാത്തിരിക്കേണ്ടി വന്നു. ആ ‘വെളിപാട്’ ഉണ്ടായതിനു പിന്നാലെ സബലേങ്കയുടെ ജീവിതവും മാറി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കുമ്പോൾ സബലേങ്കയുടെ ബാഗിൽ റാക്കറ്റിനൊപ്പം തനിക്കു ‘രണ്ടാം ജന്മം’ നൽകിയ ഒരു പുസ്തകം കൂടി ഉണ്ടായിരുന്നു...
English Summary:








English (US) ·