Published: October 17, 2025 12:52 AM IST
1 minute Read
-
വനിതാ ലോകകപ്പിൽ സെമി ഉറപ്പിച്ച് ഓസ്ട്രേലിയ
വിശാഖപട്ടണം ∙ അനായാസ ബാറ്റിങ്ങിന്റെ പര്യായമെന്നപോലെ അലീസ ഹീലി (77 പന്തിൽ 113*) വീണ്ടും നിറഞ്ഞാടിയപ്പോൾ വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഉജ്വല വിജയം. ബംഗ്ലദേശിനെതിരെ 10 വിക്കറ്റ് വിജയത്തോടെ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിയുറപ്പാക്കി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 198 റൺസിൽ പിടിച്ചുകെട്ടിയ ഓസ്ട്രേലിയൻ വനിതകൾ 24.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സഹ ഓപ്പണർ ഫീബി ലിച്ച്‌ഫീൽഡും (84*) തിളങ്ങി. ഞായറാഴ്ച സെഞ്ചറിയുമായി ഇന്ത്യയുടെ വിജയപ്രതീക്ഷകൾ അട്ടിമറിച്ച ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി, ലോകകപ്പിലെ തുടർച്ചയായ രണ്ടാം സെഞ്ചറിയാണ് ഇന്നലെ നേടിയത്. ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയ്ക്ക് ഇനി 2 മത്സരംകൂടി ബാക്കിയുണ്ട്.
സ്കോർ: ബംഗ്ലദേശ്– 50 ഓവറിൽ 9ന് 198. ഓസ്ട്രേലിയ–24.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 202.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശിന് ഓൾഔട്ടാകാതെ പിടിച്ചുനിന്നു എന്നതു മാത്രമായിരുന്നു ആശ്വാസം. 10 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത സ്പിന്നർ അലാന കിങ് ഉൾപ്പെടെയുള്ള ഓസീസ് ബോളർമാർ ബംഗ്ല ബാറ്റർമാരെ ക്രീസിൽ തളച്ചിട്ടു. സൊബാന മോസ്ട്രി (66*) അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നെങ്കിലും 7 ബംഗ്ലദേശ് ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല. മറുപടി ബാറ്റിങ്ങിൽ 20 ഫോറുമായി ആഞ്ഞടിച്ച ഹീലിയുടെ ഇന്നിങ്സാണ് ഓസ്ട്രേലിയയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്.
English Summary:








English (US) ·