
മിസ് കുമാരി/ മിസ് കുമാരിയുടെ ചിത്രത്തിന് സമീപം മകൻ ജോണി തളിയത്ത് | Photo: Mathrubhumi
സിനിമയിലെ വെള്ളിനക്ഷത്രമായി തിളങ്ങിനിന്ന മിസ് കുമാരി 1969-ല്‍ മരിക്കുമ്പോള്‍ മൂത്തമകന്‍ ജോണി തളിയത്തിന് അഞ്ച് വയസ്സേയുള്ളൂ. തൊട്ട് താഴെ തോമസ് തളിയത്തിന് നാലും ഇളയമകന്‍ ബാബു തളിയത്ത് കൈക്കുഞ്ഞും. എന്നിട്ടും അവര്‍ അമ്മയെ കണ്ടുംകേട്ടും വളര്‍ന്നു.
''അമ്മയെ അടക്കിയ ഭരണങ്ങാനംപള്ളിക്ക് സമീപം അമ്മയുടെ കുടുംബം വക മിനി തിയേറ്ററില്‍ അമ്മയുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയില്‍ അമ്മ തന്നെയാണ് ഡബ് ചെയ്തിരുന്നത്. അതിനാല്‍ ആ ശബ്ദം ഞങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ആ മുഖം കണ്ടും''-ഭരണങ്ങാനത്തെ കുടുംബവീടായ തളിയത്ത് താമസിക്കുന്ന മൂത്തമകന്‍ ജോണി തളിയത്ത് പറയുന്നു.
മറ്റൊരു തിയേറ്ററും കുടംബം നടത്തിയിരുന്നു. ഏന്തയാറ്റില്‍ ജോസി തിയേറ്റര്‍. എല്ലാം സഹോദരിയുടെ ഓര്‍മ്മയ്ക്കായി സഹോദരന്മാര്‍ തുടക്കമിട്ടത്. 1949 മുതല്‍ 1962 വരെയായിരുന്നു ത്രേസ്യാമ്മ തോമസ് എന്ന മിസ് കുമാരി മലയാളചലച്ചിത്രവേദിയില്‍ സജീവമായിരുന്നത്. ആദ്യ ചിത്രം ഉദയായുടെ 'വെള്ളിനക്ഷത്രം'. കുറച്ച് സീനുകളില്‍ മാത്രം. 1950-ല്‍ ഉദയായുടെ രണ്ടാം ചിത്രമായ 'നല്ലതങ്ക'യിലാണ് ആദ്യ നായികാവേഷം. നിര്‍മാതാക്കളിലൊരാളായ കെ.വി. കോശിയാണ് മിസ് കുമാരി എന്ന പേരിട്ടത്. ആ നായികാപദവിക്ക് 75 വര്‍ഷം പൂര്‍ത്തിയാകുന്നു.
പാടി അഭിനയിച്ച സിനിമയിലൊന്നായ 'നീലക്കുയി'ലാണ് നടിയെന്ന വ്യക്തമായ സ്ഥാനം നല്‍കിയത്. രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ ലഭിച്ച നീലക്കുയിലില്‍ നീലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'എല്ലാരും ചൊല്ലണ്', 'മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല' എന്നീ പാട്ടുകളാണ് പാടി അഭിനയിച്ചത്. പുതിയ തലമുറ ഈ പാട്ട് പാടുന്നത് കേള്‍ക്കുമ്പോള്‍ അമ്മയെയാണ് മക്കള്‍ക്ക് ഓര്‍മ്മ വരുക.
പാലാ ഭരണങ്ങാനം കൊല്ലംപറമ്പില്‍ തോമസ്-ഏലിക്കുട്ടി ദമ്പതിമാരുടെ ഏഴ് മക്കളില്‍ രണ്ടാമത്തെയാളാണ് മിസ് കുമാരി. പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുള്ളതെന്നും മകന്‍ ജോണി പറയുന്നു. അല്‍ഫോന്‍സാമ്മയുടെ അടുപ്പക്കാരി. ആ അടുപ്പം കടുത്ത വിശ്വാസക്കാരിയുമാക്കി. സ്‌കൂള്‍ ഫൈനല്‍ പാസായപ്പോള്‍ താന്‍ പഠിച്ച ഭരണങ്ങാനം ജിഎച്ച്എസ്എസില്‍ അധ്യാപികയായി ചേരണമെന്ന് ആഗ്രഹിച്ചു.
അക്കാലത്താണ് അഭിനയിക്കാനും അവസരം കിട്ടിയത്. കലാകാരനായ അച്ഛന്റെ മൂത്തസഹോദരന്‍ വഴി വന്ന അവസരം. തുടക്കംപിഴച്ചില്ല. ഹരിശ്ചന്ദ്രന്‍, പാടാത്ത പൈങ്കിളി, സ്‌നാപകയോഹന്നാന്‍, സ്‌നേഹദീപം, ദക്ഷയാഗം, ഭക്തകുചേല, മുടിയനായ പുത്രന്‍ തുടങ്ങി തമിഴിലും മലയാളത്തിലുമായി 44 സിനിമകള്‍. 1962-ല്‍ കൊച്ചി സ്വദേശിയും എന്‍ജിനീയറുമായ ഹോര്‍മിസ് തളിയത്തുമായുള്ള വിവാഹത്തോടെ അഭിനയരംഗം വിട്ടു. പൂര്‍ത്തിയാകാനുണ്ടായിരുന്ന 'അരക്കില്ലം' സിനിമയില്‍ അഭിനയിച്ചു.
മറക്കാതെ ഭരണങ്ങാനം
37-ാം വയസ്സില്‍ വിടവാങ്ങിയ മിസ് കുമാരിയെ ഇപ്പോഴും ഭരണങ്ങാനം പലവഴി ഓര്‍ക്കുന്നു. 1984-ല്‍ ഭരണങ്ങാനത്തെ വീടിനോടുചേര്‍ന്ന് മിസ് കുമാരി മിനി സ്റ്റേഡിയം ഉണ്ടാക്കി. സ്മരണ നിലനിര്‍ത്താനായി മക്കള്‍ മൂന്നുപേരും ചേര്‍ന്ന് മിസ് കുമാരി ഫൗണ്ടേഷന്‍ രൂപവത്കരിച്ചു. ഒരു റോഡിന് മിസ് കുമാരിയുടെ പേര് നല്‍കി പഞ്ചായത്തധികൃതരും ആ പേര് അനശ്വരമാക്കി. മക്കളില്‍ ജോണി ഭരണങ്ങാനത്ത് ബിസിനസ് ചെയ്യുന്നു. ഇടക്കാലത്ത് സംവിധാനമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തോമസ് അമേരിക്കയില്‍ എന്‍ജിനീയര്‍. ജര്‍മനിയില്‍ അധ്യാപകനായ മകന്‍ പ്രൊഫ. ഡോ. ബാബു തളിയത്ത് കഴിഞ്ഞവര്‍ഷം അമ്മയുടെ ഓര്‍മ്മയ്ക്കായി 'അമ്മവീട്' എന്നൊരു പുസ്തകം എഴുതി.
Content Highlights: remembering histrion miss kumari
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·