11 April 2025, 12:03 PM IST

ഇമ്രാൻ ഹാഷ്മി | Photo: AFP
2004-ല്‍ പുറത്തിറങ്ങിയ 'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരമാണ് ഇമ്രാന്‍ ഹാഷ്മി. ആദ്യചിത്രം മുതല്‍ തന്നെ 'സീരിയല്‍ കിസ്സര്‍' എന്ന വിളിപേരും ഇമ്രാന്‍ ഹാഷ്മിക്ക് ലഭിച്ചിരുന്നു. ഈ വിശേഷണംകൊണ്ട് നേട്ടങ്ങളും നിരവധി കോട്ടങ്ങളും അനുഭവിച്ച താരമാണ് ഇമ്രാന്‍ ഹാഷ്മി. എന്നാല്‍, ഈ വിളിപ്പേര് തനിക്ക് ഒരുഘട്ടത്തില്‍ അരോചകമായി തോന്നിയെന്ന് വെളിപ്പെടുത്തുകയാണ് നടന്‍.
പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അല്ലാബാദിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഹാഷ്മി ഇക്കാര്യം തുറന്നുപറയുന്നത്. ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നിയ ഒരുകാലമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ ഇമ്രാന്‍ ഹാഷ്മി, ആളുകള്‍ തന്നെ അല്‍പംകൂടി ഗൗരവത്തോടെ സമീപിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അഭിപ്രായപ്പെട്ടു. '2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അതെനിക്കൊരു ലേബലായി തീര്‍ന്നു. മാര്‍ക്കറ്റിങ്ങിനായി അത് ഉപയോഗിക്കപ്പെട്ടു. ഒരുകാരണവുമില്ലാതെ ചിത്രങ്ങളില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്റെ പേരിന് മുമ്പില്‍ മാധ്യമങ്ങളും 'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം ഉപയോഗിച്ചു. എന്നാല്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല', എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍.
'സീരിയല്‍ കിസ്സര്‍' പ്രതിച്ഛായയില്‍നിന്ന് പുറത്തുകടക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളെക്കുറച്ചും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. എന്നാല്‍, താന്‍ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നത് സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ലെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. 'ആ ഘട്ടം കഴിഞ്ഞപ്പോള്‍ മറ്റൊന്നിലേക്ക് കടക്കാന്‍ ശ്രമിച്ചു. അഭിനേതാവെന്ന നിലയില്‍ ഗൗരവമായി പരിഗണിക്കണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ ആളുകള്‍ പറയും, 'കൊള്ളാം പക്ഷേ ഇതില്‍ അത് ഇല്ലല്ലോ എന്ന്'. ഞാന്‍ പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഞാനൊരു നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. എന്തിനാണ് എപ്പോഴും ഒന്നുതന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എനിക്കത് അരോചകമായി തോന്നിയത്. അല്ലാത്തപക്ഷം എനിക്ക് യാതൊരു എതിര്‍പ്പുമില്ല', ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കി.
Content Highlights: Emraan Hashmi Admits Getting Annoyed With 'Serial Kisser' Tag
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·