മിന്നും ഫോമില്‍ കളിച്ചിട്ടും തുടര്‍ച്ചയായി നേരിടേണ്ടി വന്ന അവഗണനകള്‍, പുറത്താക്കലുകള്‍, എട്ടുവര്‍ഷത്തെ കാത്തിരിപ്പ്. ഒടുക്കം കരുണ്‍ നായരെന്ന 33-കാരന് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തുമ്പോള്‍ അനീതിക്കുള്ള ഒരു പ്രായശ്ചിത്വം കൂടിയാണത്.
രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും മനുഷ്യസാധ്യമായതിന്റെ പരമാവധിയില്‍ ബാറ്റേന്തിയിട്ടും തഴയപ്പെടേണ്ടിവന്ന ചരിത്രം. ടെസ്റ്റില്‍ മൂന്നക്കം തൊട്ടിട്ടും കാര്യമായി അവസരം ലഭിക്കാതെ അവഗണിക്കപ്പെട്ടു. അവസാനം രോഹിത്തും കോലിയും പടിയിറങ്ങിയതിന് പിന്നാലെ ബിസിസിഐയുടെ കണ്ണുതുറക്കുമ്പോള്‍ അത് അയാള്‍ക്കുള്ള അംഗീകാരം കൂടിയാകുന്നുണ്ട്.
33-കാരനായ താരം എട്ടുവർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഇന്ത്യക്കായി പാഡണിഞ്ഞത്. കൃത്യമായി പറഞ്ഞാൽ 2017 ൽ ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ. ആ ടെസ്റ്റും പരമ്പരയും ഇന്ത്യ വിജയിച്ചുകയറിയെങ്കിലും കരുൺനായരെ പിന്നീട് റെഡ്ബോൾ ക്രിക്കറ്റിൽ ഇന്ത്യ പരിഗണിച്ചതേയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഒട്ടേറെ പരമ്പരകൾ ഇന്ത്യ കളിച്ചുവെങ്കിലും ഒരു സ്ക്വാഡിലും ആ പേര് ഉൾപ്പെട്ടില്ല. മുതിർന്ന താരങ്ങളടക്കം തുടർച്ചയായി നിരാശപ്പെടുത്തുമ്പോഴാണ് സെലക്ടർമാർ ഈ നിലപാട് തുടർന്നത്. ആഭ്യന്തരക്രിക്കറ്റിലെ താരങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് ബിസിസിഐ സ്വീകരിച്ചത്. ടൂർണമെന്റുകളിൽ മിന്നും ഫോം തുടരുമ്പോഴാണ് കരുണുൾപ്പെടെയുള്ളവർക്ക് പുറത്തിരിക്കേണ്ടിവന്നത് എന്നതാണ് അത് നീതികേടായി മാറുന്നത്.
അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് പലതവണ കേട്ടിരുന്നതാണ്. എന്നാൽ സെലക്ടർമാർ പരിഗണിച്ചില്ല. 2024-25 വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്‌സുകളിൽ നിന്നായി 779 റൺസാണ് കരുൺ നായർ അടിച്ചെടുത്തത്. വിജയ് ഹാസരെ ട്രോഫിയിൽ റെക്കോഡ് പ്രകടനമായിരുന്നു കരുണിന്റേത്. ടൂർണമെന്റിൽ പുറത്താവാതെ അഞ്ച് മത്സരങ്ങളിൽനിന്ന് 542 റണ്‍സാണ് അടിച്ചെടുത്തത്. രഞ്ജി ട്രോഫിയിലും സമാനമായിരുന്നു താരത്തിന്റെ പ്രകടനം.സീസണില്‍ 16 രഞ്ജി ഇന്നിങ്‌സുകളില്‍നിന്നായി 863 റണ്‍സ് നേടി താരം വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് ഇന്നിങ്‌സുകളില്‍നിന്നായി 255 റണ്‍സും നേടി.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും താരം ഉള്‍പ്പെട്ടിരുന്നില്ല. എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താനാവില്ലല്ലോ എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ അന്ന് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് അഗാര്‍ക്കര്‍ വ്യക്തമായ മറുപടി നല്‍കിയത് നന്നായെന്നായിരുന്നു കരുണിന്റെ മറുപടി. 'ഒരു താരത്തിന് എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് മനസിലാക്കാന്‍ ഈ പ്രസ്താവന സഹായിക്കും. ഞാന്‍ അടുത്ത മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്' കരുണ്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ 3-4 വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനായി കഠിനാധ്വാനം നടത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് മലയാളികൂടിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലാണ്. താരം ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. മത്സരത്തിൽ ഇന്ത്യക്കായി 381 പന്തില്‍ 303 റണ്‍സാണ് നേടിയത്. പിന്നീട് താരത്തിന് ഇന്ത്യൻ ടീമിലേക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ടീമിൽ പരിഗണിക്കപ്പെടാതിരുന്ന സമയത്ത് കരുൺ നായർ പങ്കുവെച്ച ഒരു ട്വീറ്റ് വൈറലായിരുന്നു. പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരംകൂടി നല്‍കൂ എന്നാണ് കരുൺ വൈകാരികമായി കുറിച്ചത്. ഇപ്പോഴിതാ വീണ്ടും ഒരവസരം താരത്തിന് കൈവന്നിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ആ അവസരം മുതലാക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
Content Highlights: karun nair amerind trial squad england series








English (US) ·