12 July 2025, 09:28 AM IST

ഗൗതം ഗംഭീർ | AFP
ലണ്ടൻ: അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് മറ്റൊരു രാജ്യത്തെത്തുമ്പോൾ അപൂർവം ആളുകൾക്കുമാത്രം കിട്ടുന്ന അവസരമാണിതെന്ന് കളിക്കാർ ഓർക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ഗൗതം ഗംഭീർ. വിദേശടൂറുകളിൽ കളിക്കാർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കൊണ്ടുവന്ന നിയന്ത്രണം ശരിവെച്ചുകൊണ്ടാണ് ഗംഭീറിന്റെ പ്രതികരണം. പുതിയ നയമനുസരിച്ച് 45 ദിവസത്തെ വിദേശപര്യടനമാണെങ്കിൽ രണ്ടാഴ്ചമാത്രമേ പങ്കാളിയെയും കുടുംബാംഗങ്ങളെയും കൂടെത്താമസിപ്പിക്കാവൂ. ഹ്രസ്വകാല പരമ്പരയാണെങ്കിൽ ഏഴുദിവസംമാത്രമേ പാടുള്ളൂ.
“കുടുംബാംഗങ്ങൾ ഓരോരുത്തർക്കും പ്രധാനമാണ്. പക്ഷേ, അവധിക്കാലം ആഘോഷിക്കാനല്ല ടീം വിദേശത്തുപോകുന്നത്. രാജ്യം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം കൂടെയുണ്ട്. ടീമിന് വലിയ ലക്ഷ്യമുണ്ട്. രാജ്യത്തിനുവേണ്ടി ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാൻ വളരെ കുറച്ചാളുകൾക്കേ അവസരമുള്ളൂ എന്നും ഓർക്കണം” -ലോർഡ്‌സ് ടെസ്റ്റിനിടെ ഒരു ചോദ്യത്തിന് മറുപടിയായി ഗംഭീർ പറഞ്ഞു.
ലോർഡ്സ് ടെസ്റ്റിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 387 റൺസാണെടുത്തത്. നാലിന് 251 എന്നനിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്നുവിക്കറ്റ് അഞ്ചോവറിനിടെ വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയെങ്കിലും അതിൽനിന്ന് രക്ഷപ്പെട്ട ഇംഗ്ലണ്ട് 387 റൺസിലെത്തുകയായിരുന്നു. കളിനിർത്തുമ്പോൾ മൂന്നിന് 145 എന്നനിലയിലാണ് ഇന്ത്യ. ഏഴു വിക്കറ്റ് ശേഷിക്കെ 242 റൺസ് പിറകിൽ.
Content Highlights: bcci strict rules gautam gambhir response








English (US) ·