Published: November 09, 2026 02:30 PM IST
1 minute Read
ഹാമിൽട്ടൻ ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യൻ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ചർച്ചയിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായിഡുവും മുരളി കാർത്തിക്കും. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, പരമ്പരയിൽ 2-0ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം നാല് റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ചെറിയ വിജയലക്ഷ്യങ്ങൾ പിന്തുടർന്നപ്പോഴും ഇന്ത്യ പരാജയത്തിന്റെ വക്കിലെത്തിയിരുന്നു. ഇതോടെയാണ് പ്ലേയിങ് ഇലവനിൽ അമ്പാട്ടി റായിഡു മാറ്റം നിർദേശിച്ചത്. നാളെ ഹാമിൽട്ടനിലാണ് മൂന്നാം ഏകദിനം.
What you should work next
ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിനിടെ നമൻ ധീറിന് പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് റായിഡുവിന്റെ അഭിപ്രായം. എന്നാൽ ഈ മാറ്റത്തോട് മുരളി കാർത്തിക്കിന് യോജിപ്പില്ല. ഇഷാൻ കിഷനെ ഓപ്പണറായോ മൂന്നാം നമ്പറിലോ മാത്രമേ കളിപ്പിക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആദ്യ രണ്ടു മത്സരങ്ങളിലും അക്ഷർ പട്ടേലിനെ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറക്കി ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ താരത്തിന് സാധിച്ചില്ല.
ആദ്യ ഏകദിനത്തിൽ നേരിട്ട രണ്ടാം പന്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായ അക്ഷർ, രണ്ടാം മത്സരത്തിൽ 17 പന്തിൽ 7 റൺസ് മാത്രമാണ് നേടിയത്. ‘‘നിലവിലെ സാഹചര്യങ്ങളിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അക്ഷർ പട്ടേൽ പൂർണമായി തയാറായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങിയാൽ ടീമിനായി മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചേക്കും. എന്നാൽ അഞ്ചാം നമ്പറിൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഒരു മികച്ച ബാറ്ററാണ് നമുക്ക് വേണ്ടത്.
അക്ഷറിനെ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറക്കാൻ കഴിയുമെങ്കിൽ ഇഷാൻ കിഷനെ ടീമിലേക്ക് പരിഗണിക്കാം. ശ്രേയസ് അയ്യർക്കും കെ.എൽ. രാഹുലിനുമൊപ്പം ബാറ്റിങ് നിരയിൽ ഉറച്ചുനിൽക്കാൻ കഴിയുന്ന ഒരു ബാറ്ററെ നമുക്ക് ആവശ്യമുണ്ട്.’’– ക്രിക്ബസിന്റെ വിഡിയോയിൽ റായിഡു പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് നിരയിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും താരം കൂട്ടിച്ചേർത്തു. ‘‘കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതുപോലെയുള്ള സാഹചര്യങ്ങളിൽ അക്ഷറിന്റെ അനുയോജ്യമായ ബാറ്റിങ് പൊസിഷൻ ആറോ ഏഴോ ആണ്. പകരം നമൻ ധീറിനെ മുകളിലേക്ക് മാറ്റുകയോ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. ബാറ്റിങ് നിരയിൽ എനിക്ക് ചില പോരായ്മകൾ അനുഭവപ്പെട്ടത് ഈ ഒരു മേഖലയിലാണ്.’’– റായിഡു പറഞ്ഞു
എന്നാൽ റായിഡുവിന്റെ അഭിപ്രായത്തോട് വിയോജിച്ച മുരളി കാർത്തിക്, നമൻ ധീറിനെ പിന്തുണച്ചു. താരത്തിന്റെ ബാറ്റിങ് ടൈമിങ് മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘നമൻ ധീറിന്റെ ചില ഷോട്ടുകളിലെ ടൈമിങ് വളരെ മികച്ചതായാണ് കാണപ്പെട്ടത്. ഇഷാന്റെ സ്വാഭാവിക ബാറ്റിങ് സ്ഥാനം മൂന്നാം നമ്പറാണ്. മൂന്നാം നമ്പറിൽ വിരാട് കോലിയുണ്ട്. നാലാം നമ്പറിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും. സാധാരണയായി അഞ്ചാം നമ്പറിലാണ് കെ.എൽ. രാഹുൽ ഇറങ്ങുന്നത്. അങ്ങനെയിരിക്കെ ഇഷാൻ കിഷനെ ആറാം നമ്പറിൽ കളിപ്പിക്കുന്നതുകൊണ്ട് കാര്യമില്ല. ഒന്നുകിൽ ഇഷാൻ ഓപ്പണറായി ഇറങ്ങണം, അല്ലെങ്കിൽ മൂന്നാം നമ്പറിൽ കളിക്കണം. ബാറ്റിങ് നിരയിൽ താഴേക്ക് ഇറക്കി കളിപ്പിക്കാവുന്ന താരമല്ല ഇഷാൻ കിഷൻ.’’– കാർത്തിക് വ്യക്തമാക്കി.
English Summary:






English (US) ·