
സുനിൽ ഛേത്രിക്കൊപ്പം നൗഫൽ. 2014-ലെ ചിത്രം
കാളികാവ്: 22 അടിക്കപ്പുറത്തുനിന്ന് റണ്ണപ്പെടുത്ത് ഓടിവരുമ്പോൾ നൗഫലിന്റെ മനസ്സിൽ ബാറ്ററുടെ പൊസിഷൻ മാത്രം. പിന്നിലുള്ള സ്റ്റമ്പിന്റെ സ്ഥാനവും അതിലേക്കുള്ള ദൂരവും മനക്കണക്കുകൂട്ടും. പിന്നെ സകലശക്തിയുമെടുത്ത് കറക്കിയൊരു ഏറാണ്. ഓഫ് സ്റ്റമ്പും കൊണ്ട് ആ ബോൾ കീപ്പറേയും കടന്നു കുതിക്കും. കാഴ്‌ചയുള്ളവരെപ്പോലും അമ്പരപ്പിക്കുന്നതാണ് കളിക്കളത്തിലെ പൈക്കാടൻ നൗഫലിന്റെ പ്രകടനം.
മമ്പാട് പൈക്കാടൻ മുഹമ്മദ് അസ്‌ലത്തിെന്റയും സക്കീനയുടെയും നാല് ആൺമക്കളിൽ രണ്ടാമനാണ് നൗഫൽ. ചികിത്സയില്ലാത്ത 'റെറ്റിനൈറ്റിസ് പിക്ക്‌മെന്റോസ' രോഗമാണ് കണ്ണിലെ വെളിച്ചം കവർന്നത്. പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ ദുരന്തം. കണ്ണിന്റെ വെളിച്ചം അണഞ്ഞെങ്കിലും വീട്ടുകാരും നാട്ടുകാരും താങ്ങായപ്പോൾ അവന്റെ ജീവിതത്തിൽ പ്രകാശംപരന്നു. ഇപ്പോൾ കാളികാവ് ബ്ലോക്ക് ഓഫീസിൽ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറാണ്.
കുറേ യാതനകൾ താണ്ടിയിട്ടുണ്ട് ജീവിതയാത്രയിൽ നൗഫൽ. ബിരുദത്തിനു ചേർന്ന സമയത്ത് രക്ഷിതാക്കളുടെ യോഗം തുടങ്ങും മുൻപ് പിതാവിനെ ഒരാൾ വിളിച്ചുപറഞ്ഞു, 'വെറുതേ നൗഫലിന്റെ മൂന്നുവർഷം പാഴാേക്കണ്ടാ, അവനെപ്പോലെയുള്ള കുട്ടിക്ക് ബികോം പഠിക്കാനാവില്ല'. മറ്റേതെങ്കിലും കോഴ്‌സിന് ചേർക്കുന്നതാണ് നല്ലതെന്നായിരുന്നു അഭിപ്രായം.
വൈകാതെ അതേ കോളേജിൽനിന്ന് മികച്ച മാർക്കോടെ നൗഫൽ ബികോം ജയിച്ചു. എംകോമിന് ചേർന്നപ്പോഴും പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായി. പിടിച്ചുയർത്തേണ്ട കൈകൾ വലിച്ചുവീഴ്‌ത്താൻ ശ്രമിച്ചപ്പോൾ നൗഫൽ കാണിച്ച ആർജവം എംകോമിലും വിജയിയാക്കി. വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് യഥാർഥ ഹീറോ എന്ന് തെളിയിച്ചു.
2013 ഏപ്രിൽ 24-ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിനേടിയ ആദ്യത്തെ കാഴ്‌ചപരിമിതനായി നൗഫൽ മാറി. സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ കംപ്യൂട്ടർ ഉപയോഗിച്ച് ജോലിചെയ്തു. ടെക്‌നോപാർക്കിലെ ജീവനക്കാരുടെ ക്രിക്കറ്റ് ടൂർണമെന്റ് പ്രഖ്യാപിച്ചു. അവിടെയും തന്റെ മോഹം നൗഫൽ മറച്ചുവെച്ചില്ല. ബാറ്ററുടെ ബാറ്റോ സ്റ്റമ്പോ കാണാൻ കഴിയാത്ത നൗഫൽ വിക്കറ്റ് കീപ്പർ കൈയടിക്കുന്ന ശബ്ദം ലക്ഷ്യമാക്കി ഒരുമാസം പരിശീലനം നടത്തി. ലൈനും ലെങ്ത്തും കൃത്യം. ആദ്യമത്സരത്തിൽ ആദ്യ ഓവറിലെ ആദ്യ പന്തിൽത്തന്നെ എതിർ ബാറ്റ്‌സ്‌മാന്റെ സ്റ്റമ്പ് തെറിപ്പിച്ച് നൗഫൽ തുടങ്ങി. മികവ് നൗഫലിനെ ടീമിന്റെ ഓപ്പണിങ് ബൗളറാക്കി മാറ്റി. ടൂർണമെന്റിലെ മികച്ച ബൗളറും നൗഫൽ തന്നെയായി. കാഴ്‌ചപരിമിതരുടെ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗവുമായിട്ടുണ്ട്.
2012-ൽ പ്രത്യേക നിയമനപ്രകാരം മലപ്പുറം ജില്ലയിൽ പിഎസ്‌സി നടത്തിയ പരീക്ഷയിൽ ഒന്നാംറാങ്കുകാരനായി. 2014-ൽ പരിശീലനം പൂർത്തിയാക്കി 2015-ൽ ജോലിയിൽ പ്രവേശിച്ചു. സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേറുകളുടെ സഹായത്തോടെ മൗസും സ്‌ക്രീനും ഇല്ലാതെ കീബോർഡും സ്‌പീക്കറും ഉപയോഗിച്ച് ജോലിയും പത്രവായനയുമെല്ലാം ചെയ്യുന്നു.
ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ കൂടെ സമയം ചെലവഴിക്കാനും സുനിൽ ഛേത്രിക്കൊപ്പം പന്തു തട്ടാനും ഭാഗ്യംലഭിച്ചു. ഭാര്യ ആരിഫയും മക്കളായ ആയിശ മൻഹയും ആയിശ ഇനാറയും ഇന്ന് നൗഫലിന്റെ ജീവിതത്തെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു.
Content Highlights: noufal beingness communicative met sunil chhetri malappuram








English (US) ·