അവനോട് ഇത് ചെയ്യാമോ? ഋഷഭ് പന്ത് വളരെ നല്ല കുട്ടി, അദ്ദേഹം നിങ്ങളുടെ ക്യാപ്റ്റനല്ലേ?- എല്‍എസ്ജിയെ ചോദ്യംചെയ്ത് ഹര്‍ഭജന്‍ സിങ്

8 months ago 8

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 23 Apr 2025, 8:06 pm

Rishabh Pant and Lucknow Super Giants: ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒതുക്കുകയാണോ? ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ ഫോം ഔട്ട് കാരണം കടുത്ത നിരാശയിലാണ് ക്യാപ്റ്റന്‍. ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ഈ വര്‍ഷം പന്തിനെ എല്‍എസ്ജി ലേലത്തില്‍ പിടിച്ചത്.

Samayam Malayalamഋഷഭ് പന്ത്<br>ഋഷഭ് പന്ത്
ഐപിഎല്‍ 2025ന് (IPL 2025) മുമ്പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (Lucknow Super Giants) വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ (Rishabh Pant) ലേലത്തില്‍ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന റെക്കോഡ് തുകയായ 27 കോടി രൂപയ്ക്ക് രണ്ട് ദിവസത്തെ ലേലം തുടങ്ങിയപ്പോള്‍ തന്നെ പന്തിനെ വിളിച്ചെടുക്കുകയായിരുന്നു. എന്നാല്‍, ഒമ്പത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ എല്‍എസ്ജിക്കും പന്തിനും പ്രതീക്ഷകള്‍ തെറ്റുകയാണ്.

ഈ സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങളുമായി അഞ്ചാം സ്ഥാനത്താണവര്‍. ഒമ്പത് മാച്ചുകള്‍ പൂര്‍ത്തിയാക്കിയ ഏക ടീമാണ് എല്‍എസ്ജി. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കണം.


അവനോട് ഇത് ചെയ്യാമോ? ഋഷഭ് പന്ത് വളരെ നല്ല കുട്ടി, അദ്ദേഹം നിങ്ങളുടെ ക്യാപ്റ്റനല്ലേ?- എല്‍എസ്ജിയെ ചോദ്യംചെയ്ത് ഹര്‍ഭജന്‍ സിങ്


സീസണില്‍ ഇതുവരെ പന്തിന് താളം കണ്ടെത്താനായിട്ടില്ല. എട്ട് ഇന്നിങ്‌സുകളില്‍ നേടിയത് 106 റണ്‍സ് മാത്രം. 0, 15, 2, 2, 21, 63, 3, 0 എന്നിങ്ങനെയാണ് സ്‌കോറുകള്‍. സീസണില്‍ 100 റണ്‍സ് നേടിയവരില്‍ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരമാണ് പന്ത്.

ഇത്തവണ തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രണ്ട് തവണയാണ് ഡക്കായത്. പന്ത് ഒരു സീസണില്‍ ഒന്നിലധികം തവണ ഡക്കാവുന്നത് എട്ട് വര്‍ഷത്തിനിടെ ആദ്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ മാച്ചില്‍ ഏഴാം നമ്പറില്‍ ബാറ്റിങിനിറങ്ങി രണ്ടാം പന്തില്‍ ഡക്ക് ഔട്ട് ആയി.

സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം...! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് (3272 ദിവസം) ഏഴാം നമ്പറിലോ അതില്‍ താഴെയോ പന്ത് ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഐപിഎല്ലില്‍ ഏഴാം നമ്പറിലോ അതിനു താഴെയോ ബാറ്റ് ചെയ്യുന്നത് ഇത് മൂന്നാം തവണയാണ്. ടീം മാനേജ്മെന്റിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ ഈ തരംതാഴ്ത്തല്‍ കാരണമായി.

പന്തിനെ ഏഴാം നമ്പറില്‍ ഇറക്കിയതിനെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ശക്തമായി വിമര്‍ശിച്ചു. അബ്ദുല്‍ സമദ്, ആയുഷ് ബദോണി തുടങ്ങിയ കളിക്കാര്‍ പന്തിന് മുമ്പ് ബാറ്റ് ചെയ്യാനെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തിന്റെ മുഖത്ത് നിരാശ പ്രകടമാണെന്നും ബാറ്റിങ് ഓര്‍ഡര്‍ സംബന്ധിച്ച ആഭ്യന്തര ചര്‍ച്ച അദ്ദേഹത്തിന്റെ മനോവീര്യത്തെ ബാധിച്ചിരിക്കാമെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നറും ഐപിഎല്‍ താരവുമായ ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ ഒത്തുകളി ആരോപണം: മറുപടിയുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്
'ഋഷഭ് പന്ത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്തത് ന്യായമാണോ? അബ്ദുല്‍ സമദും ആയുഷ് ബദോണിയും അദ്ദേഹത്തിന് മുമ്പ് ബാറ്റ് ചെയ്തു. ആരുടെ തീരുമാനമായിരുന്നു അത്? ടീം മാനേജ്മെന്റിന്റെയോ പന്തിന്റെയോ? എന്തായാലും പന്ത് അതൃപ്തിയിലായിരുന്നു. അദ്ദേഹം ദേഷ്യപ്പെട്ടു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയും മോശമായിരുന്നു' ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പന്തുമായി ചര്‍ച്ച നടന്നപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് സംഭവിച്ചിട്ടുണ്ടെന്നാണ് വളരെക്കാലമായി പന്തിനെ അറിയാവുന്ന ഹര്‍ഭജന്‍ കരുതുന്നത്. ഫോമിനായി പാടുപെടുമ്പോള്‍ ടീം ക്യാപ്റ്റനെ തരംതാഴ്ത്തുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ പകരിക്കൂ എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

'ഇതാണ് എന്റെ അഭിപ്രായം. ഋഷഭ് പന്തിനെക്കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നു, അത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കാം. ഞങ്ങള്‍ക്ക് പന്തിനെ നന്നായി അറിയാം. മുതിര്‍ന്നവരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുന്ന ഒരു നല്ല കുട്ടിയാണ് അദ്ദേഹം. പക്ഷേ അത് ശരിയാണോ? ഫോമിലല്ലെങ്കില്‍ അദ്ദേഹത്തെ ഏഴാം സ്ഥാനത്ത് നിന്ന് തരംതാഴ്ത്തുമോ? അദ്ദേഹം നിങ്ങളുടെ ക്യാപ്റ്റനാണ്. നിങ്ങള്‍ അദ്ദേഹത്തെ ടോസിന് അയയ്ക്കുന്നു. ക്യാപ്റ്റന്‍ അസന്തുഷ്ടനാണെങ്കില്‍ ടീമിന് എങ്ങനെ വിജയിക്കാന്‍ കഴിയും'- ഹര്‍ഭജന്‍ ചോദിച്ചു.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article