'ആത്മവിദ്യാലയമേ' എന്ന ഗാനം അനശ്വരമാക്കിയ ശബ്ദത്തിന്റെ ഉടമ- കമുകറ പുരുഷോത്തമന്‍, മലയാള സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്ന ഒരു ദീപമാണ്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മീനമാസത്തിലെ ഭരണിക്ക് അദ്ദേഹത്തിന് 90 വയസ്സ് ആകുമായിരുന്നു. കാലം അകല്‍ച്ച സൃഷ്ടിക്കാത്ത 'തുമ്പപ്പൂ പെയ്യുന്ന പൂനിലാവായി', 'ആകാശപൊയ്കയിലെ പൊന്നുംതോണി'യായി അടര്‍ത്തിമാറ്റാനാവാത്ത ഒരു തേജസ്സായി ആ ഓര്‍മ്മ മലയാളികളുടെ മനസ്സില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. കമുകറ പുരുഷോത്തമന്‍ എന്റെ അനുജന്‍- എന്റെ അമ്പി, നിലയ്ക്കാത്ത ഒരു ശ്രുതിയായി 'ഏകാന്തതയുടെ അപാരതീരങ്ങളി'ലൂടെ എന്നോടൊപ്പം സഞ്ചരിക്കുന്നു. എന്റെ ഗുരുവും സുഹൃത്തുമായി.
തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിനു സമീപം തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കൊട്ടാരത്തിന്റെ എതിര്‍വശത്തായി ചരിത്രസ്മൃതികള്‍ ഉറങ്ങുന്ന പഴയ മാങ്കോയിക്കല്‍ തറവാടിന്റെ (ഇന്നത്തെ കമുകറ 'പള്ളിവീട്ടിലെ' നാലുകെട്ട്. കട്ടിലില്‍ അച്ഛനെ ഉരുമ്മി കിടന്നിരുന്ന ഞാനെന്ന രണ്ടു വയസ്സുകാരിയെ തലോടി ഉണര്‍ത്തിക്കൊണ്ട്, ഒരു പുലരിയില്‍, അച്ഛന്‍ കാണിച്ചുതന്ന വിശേഷം. സുവര്‍ണ്ണ വിഗ്രഹത്തിനു ജീവന്‍ വെച്ചതുപോലെ, പ്രകാശം ഉടലാര്‍ന്നപോലെ, അമ്മയ്‌ക്കൊപ്പം കിടന്ന് കളിക്കുന്ന ഒരു പിഞ്ചുകുഞ്ഞ്. കുഞ്ഞിന്റെ നെറുകയില്‍ തലോടിക്കൊണ്ട് അമ്മ ചോദിച്ചു. 'മോളു കണ്ടോ, മോളുടെ അനിയനെ?' കുഞ്ഞിന്റെ കൈകളില്‍ ഉമ്മ വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. 'ഇമ്പിക്കുഞ്ഞ്, മോള്‍ടെ ഇമ്പിക്കുഞ്ഞ്'. അച്ഛനും അമ്മയും, കൂടെ നിന്നവരെല്ലാവരും അതേറ്റു പറഞ്ഞു. 'ഇമ്പിക്കുഞ്ഞ്, അമ്പിക്കുഞ്ഞ്'. അന്നു മുതല്‍ എനിക്കും വീട്ടുകാര്‍ക്കും അവന്‍ അമ്പിയായി.
ഇണപിരിയാതെ ഞങ്ങള്‍ ഞങ്ങളുടെ കുട്ടിക്കാലം വീട്ടിലും പറമ്പിലുമായി, പാട്ടക്കാരായ നാടാന്മാരുടെ കുട്ടികളൊത്ത് ആസ്വദിച്ചു. അധ്യാപകരായ അച്ഛനും അമ്മയും ഞങ്ങളെ വേലക്കാരെ ഏല്‍പ്പിച്ചിട്ടു പോവുകയാണ് പതിവ്. അന്നൊക്കെ രണ്ടു കളികളായിരുന്നു പ്രധാനമായും ഞങ്ങള്‍ കളിച്ചിരുന്നത്. സ്‌കൂളും ആശുപത്രിയും. സ്‌കൂള്‍ കളിയില്‍ ഞാന്‍ ടീച്ചര്‍, അമ്പി വിദ്യാര്‍ഥി. ആശുപത്രി കളിയില്‍ അമ്പി ഡോക്ടര്‍, ഞാന്‍ രോഗി. ടീച്ചറിന്റെ തല്ലു മുഴുവന്‍ അമ്പി വാങ്ങുമ്പോള്‍ ഡോക്ടര്‍ തന്ന പച്ചവെള്ള മരുന്നെല്ലാം കുടിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി.
മൂന്നാം വയസ്സില്‍ എഴുത്തിനിരുത്തിയ ശേഷം അമ്പിയെ, അച്ഛന്‍ അടുത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലേയ്ക്കയച്ചു. പക്ഷേ, എന്നെ അയച്ചില്ല. അന്ന്, വീടിന് വെളിയില്‍ പോയി പഠിക്കാന്‍ കമുകറ വീട്ടിലെ യാഥാസ്ഥിതികത പെണ്‍കുട്ടികളെ അനുവദിച്ചിരുന്നില്ല. അമ്പിയെ സ്‌കൂളില്‍ കൊണ്ടുപോവാന്‍ കോലപ്പിള്ള എന്ന മീശക്കാരന്‍ 'പണ്ടാരം' കാര്യക്കാരന്‍ വന്നപ്പോള്‍ അവന്‍ തിരക്കി, 'അക്കനെവിടെ?'
അമ്മച്ചി പറഞ്ഞു, 'അവള്‍ വീട്ടിലിരുന്നു പഠിച്ചാല്‍ മതി. നീ വേഗം സ്‌കൂളില്‍ പോ'.
കുട്ടിത്തത്തിന്റെ കുറുമ്പോ, വാശിയോ പൊതുവെ കുറവായിരുന്ന അമ്പിക്ക് ആദ്യമായി അരിശം വന്നു. അക്കന്‍ വരാതെ താനും പോവില്ലെന്നുളള അവന്റെ ശാഠ്യം കണ്ട് അച്ഛന് അവനെ അടിക്കേണ്ടി വന്നു. നന്നേ സാഹസപ്പെട്ടാണ് നാട്ടുനടപ്പനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റില്ലെന്ന് അമ്പിയെ വിശ്വസിപ്പിച്ചത്. പിന്നീട് അച്ഛന്‍ സ്വന്തം സ്ഥലത്തില്‍ ഇ.എച്ച്.എസ് തിരുവട്ടാര്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങി. ഞാനും അമ്പിയും അതില്‍ ചേര്‍ന്നു. അച്ഛനും അമ്മയും പഠിപ്പിക്കുന്ന സ്വന്തം സ്‌കൂള്‍ ആയതുകൊണ്ടാവാം ആരും തടസ്സം പറഞ്ഞിരുന്നില്ല. എന്റെ കൈയും പിടിച്ച് ദിഗന്തം ജയിച്ച അഭിമാനത്തോടെ അമ്പി സ്‌കൂളില്‍ പോയിത്തുടങ്ങി.

ഞങ്ങള്‍ ശാസ്ത്രീയ സംഗീതം പഠിച്ച ഗായകര്‍ കൂടിയായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഗുരുസ്ഥാനമുണ്ടായിരുന്നതുകൊണ്ടും ക്ഷേത്രങ്ങളിലെ രാജപ്രതിനിധിയായിരുന്നതുകൊണ്ടും നാട്ടിലെത്തുന്ന കലാകാരന്മാരുമായി സംഗീത സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചു. സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ടി. ലക്ഷ്മണന്‍ പിള്ളയുടെ ശിഷ്യയായിരുന്ന അമ്മയും, ഇരയിമ്മന്‍ തമ്പിയുടെ മകളായിരുന്ന കുട്ടിക്കുഞ്ഞു തങ്കച്ചിയില്‍ നിന്ന് സംഗീതവും നൃത്തവും അഭ്യസിച്ച അമ്മൂമ്മയും (അച്ഛന്റെ അമ്മ) ആയിരുന്നു സംഗീതത്തില്‍ ഞങ്ങളുടെ ആദ്യഗുരുക്കള്‍. തിരുവട്ടാറിലെ പ്രമുഖ ഗായകനായിരുന്ന കൃഷ്ണപിള്ള സാര്‍, ഇരണിയാല്‍ ശിവരാമപിള്ള സാര്‍, ആറുമുഖം പിള്ള സാര്‍, അരുണാചലം അണ്ണാവി, ചിദംബരം ഭാഗവതര്‍, കമ്പര്‍ സഹോദരങ്ങള്‍ തുടങ്ങി പലരും പല കാലങ്ങളിലായി ഞങ്ങളുടെ ഗുരുക്കളായിരുന്നു. ഗാനങ്ങള്‍ ഏതായാലും ശാസ്ത്രീയതയിലായിരുന്നു അച്ഛന് കൂടുതല്‍ താല്പര്യം.
'പരാശക്തി ജനനീ എമൈ
പരാശക്തി ഭൂവി പര്‍വ്വത കുമാരി'
ഏതാണ്ട് 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വിഷു ദിവസം, തിരുവട്ടാറിലെ 'സനാതനധര്‍മ്മ സംഗീതവിദ്യാലയത്തില്‍' അഞ്ചും ഏഴും വയസ്സുള്ള ഞങ്ങള്‍ ഈ പ്രാർഥനാഗാനം ഹംസധ്വനി രാഗത്തില്‍ പാടിയപ്പോള്‍ സദസ്സ് ഞങ്ങളെ ആദരിച്ചത് ഞാനിന്നും ഓര്‍ക്കുന്നു. അന്നത്തെ വെള്ളിത്തിരയിലെ ഹാസ്യ ചക്രവര്‍ത്തിയായിരുന്ന എന്‍.എസ് കൃഷ്ണനും ഭാര്യ മധുരവുമായിരുന്നു മുഖ്യാതിഥികള്‍. അവര്‍ ഞങ്ങളെ അനുഗ്രഹിച്ച് പൂച്ചെണ്ടും തന്നു. അങ്ങനെ അഞ്ചാം വയസ്സില്‍ പൊതുജനസമക്ഷമുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കമുകറയെന്ന എന്റെ അമ്പി സംഗീതത്തിലൂടെയുള്ള തീര്‍ഥയാത്ര ആരംഭിച്ചു.
'സ്വാഗതം യോഗ്യരാം ആഗതര്‍ നിങ്ങള്‍ക്കിന്നു
സാദരം ഞങ്ങള്‍ പൈതങ്ങള്‍ നല്‍കുന്നു മോദാല്‍'
സാമരാഗത്തില്‍ ത്യാഗരാജസ്വാമിയുടെ 'ശാന്തമുലകേ' എന്ന കൃതിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ രചിച്ച ആ സ്വാഗതഗാനം, സനാതന ധര്‍മ്മസംഗീത വിദ്യാലയത്തിന്റെ വാര്‍ഷികങ്ങളില്‍ മുടങ്ങാതെ കേള്‍ക്കുമായിരുന്നു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതോടെ ഞങ്ങളുടെ സഹസംഗീതാഭ്യാസവും സംഗീതപരിപാടികളും മുടങ്ങി. അന്ന് കേരള യൂണിവേഴ്‌സിറ്റിയില്‍ ബി.എ മ്യൂസിക് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിനു പുറമെ സംസ്‌കൃതവും മലയാളവും എടുത്ത് ഞാന്‍ ബി.എ റാങ്കോടുകൂടി പാസ്സായി. പിന്നീട് ഓംചേരിയെ വിവാഹം കഴിച്ച് ഡല്‍ഹിയില്‍ താമസമാക്കിയ ശേഷമാണ് എം.എ, പി.എച്ച്.ഡി, ഡല്‍ഹി യൂണിവേഴ്‌സിറ്റി മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപിക പദവി, എന്നിവ നേടിയത്. ഒരിക്കല്‍ എനിക്കു വേണ്ടപ്പെട്ട ഒരു ചേച്ചിയുടെ കല്യാണത്തിന് ഞാനും അമ്പിയും ചേര്‍ന്ന് ഒരു കച്ചേരി പാടിയതിനെ തുടര്‍ന്നുള്ള അച്ഛന്റെ കര്‍ശനമായ അപ്രീതി ഞാനിന്നും ഓര്‍ക്കുന്നു.
.jpg?$p=f4de244&w=852&q=0.8)
'മോളെ, തംബുരുവും തൂക്കി നാടെല്ലാം നടന്ന് കല്യാണക്കച്ചേരിയും ഉത്സവക്കച്ചേരിയും നടത്തി പണം സമ്പാദിക്കാനല്ല നിന്നെ പാട്ടു പഠിപ്പിച്ചത്. അതു കൊണ്ട് ആ വഴി വിട്ടേയ്ക്ക്'. ആ താക്കീതിന്റെ നിയന്ത്രണത്തില്‍ ഞാന്‍ ഗായികയാകാതെ സംഗീത ശാസ്ത്രജ്ഞയും ഗുരുവുമായി. സ്വന്തം ഗുരുകുലത്തില്‍ മലയാളികളെ കൂടാതെ അന്യഭാഷക്കാരെയും വിദേശികളേയും പഠിപ്പിക്കുന്നു.
അമ്പിയാകട്ടെ, അറുമുഖം സാറിന്റെയും ശെമ്മാങ്കുടി സാറിന്റെയും കീഴില്‍ സംഗീതാഭ്യാസനം തുടര്‍ന്നു. കഴിവും ശബ്ദസൗഭാഗ്യവും കനിഞ്ഞനുഗ്രഹിച്ച അമ്പിയ്ക്ക് തുടക്കം മുതലേ കമ്പം സിനിമാ പാട്ടിലായിരുന്നു. ഞങ്ങളുടെ ഒരമ്മാവനായ വാസുദേവന്‍ നായര്‍, കുലശേഖരത്ത് ഒരു സിനിമാ കൊട്ടക പണിയിച്ചത്, അവന്റെ സിനിമാ സംഗീതാഭിരുചിയ്ക്ക് വളംവച്ചു. വൈകുന്നേരം ആറു മണി മുതല്‍ രണ്ടാം ഷോ തീരുന്നതുവരെയും കൊട്ടകയിലിരുന്ന് അവന്‍ സിനിമാപാട്ടില്‍ ലയിക്കുമായിരുന്നു. മെറിലാൻഡ് പ്രൊപ്രൈറ്റര്‍ സുബ്രഹ്‌മണ്യത്തിന്റെ പ്രത്യേക താല്പര്യത്തില്‍ അവരുടെ പല സിനിമകളിലും അമ്പിയ്ക്ക് പാടാന്‍ അവസരം കിട്ടി. റേഡിയോയിലെ ലളിതഗാനങ്ങളുള്‍പ്പെടെ മൂവായിരത്തിലധികം പാട്ടുകള്‍ പാടി. സിനിമാഗാനങ്ങളും ശാസ്ത്രീയ സംഗീത കച്ചേരികളും ഗാനമേളകളും നടത്തി മുന്നേറുമ്പോഴും തന്റെ അധ്യാപകവൃത്തി അവന്‍ വേണ്ടെന്നു വച്ചിരുന്നില്ല.
അസൂയാലുക്കള്‍ എവിടെയുമുണ്ടല്ലോ. അമ്പിയേയും അവര്‍ വെറുതെ വിട്ടില്ല. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കേ സിനിമയില്‍ പാടുന്നുവെന്ന പരാതി തമിഴ്‌നാട് ഗവണ്‍മെന്റിന് പലപ്രാവശ്യം ആരൊക്കെയോ എഴുതി അയച്ചു. അതിന്റെ ഫലമായി ഗവണ്‍മെന്റ് ഉദ്യോഗത്തിലിരിക്കേ പിന്നണി പാടാന്‍ പാടില്ലെന്ന് ഓര്‍ഡര്‍ അമ്പിയെ തേടിയെത്തി. പിന്നെ ഉദ്യോഗത്തില്‍ നിന്നു പിരിയുന്നവരെയും അമ്പി സിനിമയില്‍ പാടിയിരുന്നില്ല. അപ്പോഴേയ്ക്കും പുത്തന്‍ പാട്ടുകാരുടെ ഒരു നീണ്ട നിരതന്നെ വളര്‍ന്നു വന്നു. അമ്പി പിന്നീട് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. 'Old is Gold' എന്ന ഒരു പരിപാടിയുമായി അമ്പി രംഗത്തു വന്നു. കെ. പി ഉദയഭാനു, പി ലീല, സി ഒ ആന്റോ, കെ.പി.ഏ.സി സുലോചന, ബി വസന്ത മുതലായ പഴയകാല ഗായകരും ഒപ്പമുണ്ടായിരുന്നു. പഴയ പാട്ടുകള്‍ക്ക് ജീവന്‍ കൊടുത്ത ആ പരിപാടി വന്‍വിജയത്തോടെ നാടെങ്ങും ജൈത്രയാത്ര തന്നെ നടത്തി.
ഞാന്‍ അവധിക്കാലത്ത് ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ ചെല്ലുന്ന സമയത്ത് ഞങ്ങളൊരുമിച്ച് യാത്ര ചെയ്യുമ്പോള്‍, പഴയ സനാതന ധര്‍മ്മ വിദ്യാലയം വഴി കടന്നുപോകുമ്പോള്‍, അമ്പി ചോദിക്കും. 'അക്കാ ഓര്‍മ്മയുണ്ടോ അച്ഛന്റെ സ്വാഗത ഗാനം?' എന്നിട്ട് ഞങ്ങള്‍ ഒരുമിച്ച് 'സ്വാഗതം യോഗ്യരാം ആഗതര്‍' എന്നു തുടങ്ങുന്ന ആ സ്വാഗത ഗാനം പാടും. അങ്ങനെ ഞങ്ങളില്‍ ബാല്യത്തിന്റെയും ഗൃഹാതുരതയുടേയും അന്തരീക്ഷം നിറയും.
'തെക്കന്‍ സോപാന സമ്പ്രദായത്തിലെ ഭാവസാന്ദ്രതയല്ലേ അനിയന്റെ പാട്ടുകളെ വികാരതരളിതമാക്കിയത്?' എന്നൊരിക്കില്‍ കാവാലം എന്നോട് ചോദിച്ചപ്പോള്‍, സോപാനമുള്‍പ്പെടെയുള്ള ഭാവസംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയ സംഗീതത്തെ കോര്‍ത്തിണക്കി ഞങ്ങളെ പഠിപ്പിച്ച അമ്മയും അമ്മൂമ്മയുമായിരുന്നു മനസ്സില്‍ ഓടിയെത്തിയത്. അവര്‍ പഠിപ്പിച്ച ഓരോ പാട്ടിലും ഭാവം, നാദമായി, നാദം രാഗമായി, രാഗം ലയമായി, ലയം ശ്രുതിയായി, ശ്രുതി ഞങ്ങളുടെ കണ്ഠമായി മാറുകയായിരുന്നു.
'തുള്ളു മതവേള്‍ക്കുകയാലേ
തൊല്ലനൊടുനീലക്കടലാലേ'
എന്ന 'തിരുപ്പുകള്‍' ത്രിശം പോലും തെറ്റാതെ നാലുകാലങ്ങളില്‍ വളരെ കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്പി ആലപിക്കുമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രീയത്തോടൊപ്പം തേവാരക്കച്ചേരി ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കിയിരുന്നു. അറുമുഖം പിള്ള ഭാഗവതരായിരുന്നു ഗുരു. 'അര്‍ജ്ജുനര്‍ക്കു പാശുപദം' എന്നു തുടങ്ങുന്ന വരികള്‍ പിരിച്ചും തിരിച്ചും പല ജാതികളില്‍ കൊരുത്ത് ഗുരു പാടുന്നപോലെ പാടാനാകാതെ ഞാന്‍ കുഴങ്ങുമ്പോള്‍ അമ്പി മെല്ലെ ആംഗ്യം കാണിക്കും. 'ഇക്കാര്യം ഞാനേറ്റു. അടുത്ത വരി പാടിക്കോ' അങ്ങനെ എനിക്ക് ബുദ്ധിമുട്ടുള്ളവ ശരിയായി പാടി എന്നെ അവന്‍ രക്ഷിക്കും. കാഴ്ചയില്ലാത്ത അറുമുഖം സാറിന് അതെല്ലാം മനസ്സിലായിരുന്നോ എന്തോ. ക്ലാസ്സു കഴിഞ്ഞ് സാറുപോയശേഷം ആ പാട്ടുകളിലെ സംഗതികളെല്ലാം എത്ര വേഗമാണ് എനിക്കവന്‍ വശത്താക്കി തന്നത്. പന്ത്രണ്ടുപോലും തികയാത്ത എന്റെ അമ്പി അങ്ങനെ എന്റെ ഗുരുവായി.
അച്ഛനെപ്പോലെ തന്നെ അമ്മയും പാട്ടും കവിതയും എഴുതുമായിരുന്നു. അമ്പിയെ മാറിലും എന്നെ അരികിലും കിടത്തി അമ്മ പാടിയിരുന്ന 'ആശ്ചര്യമുള്ള കഥയെചൊല്ലാം ആയതു കേട്ടുറങ്ങുണ്ണീ....' എന്ന താരാട്ടുപാട്ട് എത്രയോ തവണ പിന്നീട് ഞങ്ങളൊരുമിച്ച് പാടിയിരിക്കുന്നു! 'ഈശ്വരചിന്ത'യിലുള്ള അവന്റെ ഭാവശുദ്ധിയും ആത്മീയ വെളിച്ചവും, അവന്റെ കച്ചേരിയിലും അന്തര്‍ലീനമായിരുന്നു. അതിന്റെ ബാഹ്യമുദ്ര ശാന്തമായ മന്ദഹാസമായി ആ മുഖത്ത് ഊറി നില്‍ക്കുമായിരുന്നു. ഇന്നും എന്നെ പിടിച്ചടക്കി ഭരിക്കുന്ന അമ്പിയുടെ അലോകമന്ദഹാസം ഉണങ്ങാത്ത വേദനയായി എന്റെ ഓര്‍മ്മയില്‍ നിലകൊള്ളുന്നു.
അവന്‍ പറയുമായിരുന്നു, 'എന്റെ ശബ്ദമാണ് എന്റെ ധനം. അതെന്നെ വിട്ടുപോവാതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. അവസാന ശ്വാസത്തിലും എന്റെ പാട്ടുകള്‍ ജ്വലിച്ചു നില്‍ക്കണം. പാട്ടിലൂടെയായിരിക്കണം എന്റെ വിലയം'. അവന്റെ ആഗ്രഹം ദൈവം നിറവേറ്റി. 1995 മെയ് 20 ന് തൃശ്ശൂര്‍ നഗരത്തില്‍ ഒരു ഗാനമേളയും തുടര്‍ന്ന് നടന്ന സ്വീകരണവും അവനെ ഏറെ സന്തോഷിപ്പിച്ചു. മെയ് 25 ന് തിരുവനന്തപുരത്ത് മകളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ എന്റെ അമ്പി ഈശ്വരനില്‍ ലയിച്ചു. അവന്‍ നിശ്ശബ്ദനായത് കാറില്‍ തൊട്ടടുത്തിരുന്ന അവന്റെ ഭാര്യപോലും അറിഞ്ഞിരുന്നില്ല.
ആത്മാവിനു മരണമില്ല. ഇപ്പോഴും അമ്പി എന്റെ കണ്‍മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വന്തം ഗുരുകുലത്തില്‍ വിദ്യാർഥികളെ പഠിപ്പിക്കുമ്പോള്‍ ആ ശീലുകളിലും ലയങ്ങളിലും എന്റെ ആത്മാവിനോടു പറ്റിച്ചേര്‍ന്ന് അമ്പി നിലകൊള്ളുന്നു. നിതാന്ത ശാന്തി പകരുന്നു.
Content Highlights: Remembering Kamukara Purushothaman, the legendary Malayalam singer, connected his 25th decease anniversary
ABOUT THE AUTHOR
ഡോ. ലീലാ ഓംചേരി
സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയും എഴുത്തുകാരിയുമാണ്. ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2023 നവംബർ ഒന്നിന് അന്തരിച്ചു.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·