10 August 2025, 08:52 PM IST

വിരാട് കോലിയും രോഹിത് ശർമയും | AFP
ന്യൂഡല്‍ഹി: മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും അടുത്ത ലോകകപ്പ് ടീമിലുണ്ടാകാനിടയില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ബിസിസിഐ. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്.
രോഹിത്തിന്റെയും കോലിയുടെയും മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ അത് ബിസിസിഐയുടെ ഉന്നത നേതൃത്വത്തെ അറിയിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ചെയ്തതുപോലെ. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം അടുത്ത വലിയ ദൗത്യം ഫെബ്രുവരിയിലെ ടി20 ലോകകപ്പും അതിനുമുമ്പുള്ള തയ്യാറെടുപ്പുകളുമാണ്. ഇപ്പോൾ ഏഷ്യാ കപ്പ് ടി20 ടൂർണമെൻ്റിന് ഏറ്റവും മികച്ച ടീമിനെ അയക്കുന്നതിലാണ് ശ്രദ്ധ. എല്ലാ താരങ്ങളുടെയും സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
2027-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാടിനോ രോഹിത്തിനോ സ്ഥാനം ഉറപ്പില്ലെന്നാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇരുവരും രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചു കഴിഞ്ഞതിനാല്‍ ഇനി ലഭിക്കാന്‍ പോകുന്ന മത്സരസമയവും പരിമിതമായിരിക്കും. അതിനാല്‍ തന്നെ ഇനി ലോകകപ്പ് ടീമിലെ സ്ഥാനത്തില്‍ എന്തെങ്കിലും സാധ്യത കാണണമെങ്കില്‍ ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഈ പരമ്പരയോടെ ഇരുവരുടെയും അന്താരാഷ്ട്ര കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നും അതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ പ്രതികരണം.
Content Highlights: bcci effect connected kohli rohit aboriginal odi reports








English (US) ·