08 August 2025, 12:12 PM IST

Photo: PTI
ലണ്ടന്‍: നാലു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പം വിവിധ പര്യടനങ്ങളില്‍ പങ്കെടുത്തിട്ടും ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത താരമാണ് അഭിമന്യു ഈശ്വരന്‍. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും താരത്തെ ആദ്യ പതിനൊന്നിലേക്ക് പരിഗണിച്ചില്ല. ഇതോടെ പരിശീലകൻ ഗൗതം ഗംഭീറിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിമന്യുവിന്റെ പിതാവ് രംഗനാഥന്‍ ഈശ്വരന്‍. അഭിമന്യുവിന് ടീമിൽ അവസരം നൽകുമെന്ന് ഗംഭീറും പരിശീലക സംഘവും ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
'മകനോട് സംസാരിച്ചപ്പോൾ ഗൗതം ഗംഭീർ ഉറപ്പുനൽകി. അവൻ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അവസരം ലഭിക്കുമെന്നും ഗംഭീർ പറഞ്ഞു. ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം ഒഴിവാക്കില്ലെന്നും ഗംഭീർ പറഞ്ഞു. പരിശീലക സംഘം അവന് അർഹമായ അവസരങ്ങൾ ലഭിക്കുമെന്നും ദീർഘകാലം കളിക്കാൻ സാധിക്കുമെന്നും ഉറപ്പുനൽകി. എൻ്റെ മകൻ നാല് വർഷമായി കാത്തിരിക്കുകയാണ്. അവൻ 23 വർഷമായി കഠിനാധ്വാനം ചെയ്യുന്നു. '- രംഗനാഥൻ ഈശ്വരൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
'അവൻ വൺ ഡൗണായി കളിക്കണമായിരുന്നു. സായ് സുദർശനോട് ഒരു വിരോധവുമില്ല. ഈഡൻ ഗാർഡനിൽ 30 ശതമാനത്തോളം മത്സരങ്ങൾ കളിച്ച അഭിമന്യുവിനെ അവർക്ക് പരീക്ഷിക്കാമായിരുന്നു. ഇന്നിങ്സ് ദീർഘനേരം പിടിച്ചുനിൽക്കുന്ന കളിക്കാരനാണ് അഭിമന്യു.' - അദ്ദേഹം കൂട്ടിച്ചേർത്തു.
'കരുൺ നായർ ഒരിക്കലും വൺ ഡൗണായി കളിച്ചിട്ടില്ല. വിദർഭയ്ക്ക് വേണ്ടി അവൻ എപ്പോഴും ടു ഡൗൺ അല്ലെങ്കിൽ ത്രീ ഡൗൺ ആയാണ് കളിച്ചിട്ടുള്ളത്. അവൻ എങ്ങനെ വൺ ഡൗൺ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും? നാലാമതും അഞ്ചാമതും കളിക്കുന്ന കളിക്കാർ ടോപ് ഓർഡർ ബാറ്റർമാരായി മാറുന്നു. എന്നാൽ എൻ്റെ മകൻ ഒരു ടോപ് ഓർഡർ ബാറ്റ്‌സ്മാനാണ്.'- രംഗനാഥൻ ഈശ്വരൻ പറഞ്ഞു.
2021-ലാണ് ബിസിസിഐ സെലക്ടര്‍മാരില്‍ നിന്ന് അഭിമന്യുവിന് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലും പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സ്റ്റാന്‍ഡ്‌ബൈ താരമായാണ് അഭിമന്യുവിനെ ടീമിലെടുത്തിരുന്നത്. പിന്നാലെ 2022-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തെ ഔദ്യോഗികമായി ഇന്ത്യന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിനു ശേഷം പതിവായി ബാക്കപ്പ് ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി ദേശീയ ടീമിനൊപ്പം അഭിമന്യു ഉണ്ട്. പക്ഷേ ഇതുവരെ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല.
Content Highlights: Gautam Gambhir assured my lad that helium volition get chances says abhimanyu easwaran father








English (US) ·