അവസാന 15 മത്സരങ്ങളിൽ ജയിച്ചത്‌ ഒന്നിൽമാത്രം; ജയിക്കാൻ എന്തുചെയ്യണം? മാർക്വേസിന്റെ നില പരുങ്ങലിൽ

7 months ago 10

india-vs-mauritius-manolo-marquez-first-test

Photo: x.com/IndianFootball

ന്യൂഡൽഹി: ഏഷ്യകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനം മുഖ്യപരിശീലകൻ മനോളോ മാർക്വേസിന്റെ നില പരുങ്ങലിലാക്കി. ഇതോടെ സിങ്കപ്പൂരിനെതിരേ അടുത്തമത്സരം ടീമിനും പരിശീലകനും നിർണായകമായി. ഇനിയൊരു തോൽവി ടീമിന്റെ യോഗ്യതാമോഹങ്ങൾക്ക് കനത്തതിരിച്ചടിയാകും.

യോഗ്യതാറൗണ്ടിലെ ഗ്രൂപ്പ് സി-യിൽ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യൻ ടീം അവസാനസ്ഥാനത്താണ്. നാലുപോയിന്റ് വീതമുള്ള സിങ്കപ്പൂരും ഹോങ് കോങ്ങുമാണ് ആദ്യരണ്ടു സ്ഥാനങ്ങളിൽ. ഒക്ടോബർ ഒൻപതിനാണ് ഇന്ത്യ-സിങ്കപ്പൂർ പോരാട്ടം. ബംഗ്ലാദേശിനെതിരായ ആദ്യമത്സരത്തിൽ കഷ്ടിച്ച് സമനിലനേടിയ ടീം ഹോങ് കോങ്ങിനെതിരേ ഇഞ്ചുറിടൈം ഗോളിൽ തോൽവിയറിഞ്ഞു. ഗ്രൂപ്പിൽ നാലുകളികൾ ബാക്കിയുള്ളതിനാൽ യോഗ്യതനേടാൻ ഇനിയും അവസരം ബാക്കിയുണ്ട്. എന്നാൽ, നിലവാരത്തകർച്ച നേരിടുന്ന ഇന്ത്യൻ ടീമിന് അതിന് സാധിക്കുമോയെന്ന ആശങ്ക ശക്തമാണ്.

ക്ലച്ചുപിടിക്കാതെ മനോളോ

കഴിഞ്ഞവർഷം ജൂലായ് 20-ന് ഇന്ത്യൻ ടീമിന്റെ ചുമതലയേറ്റെടുത്ത സ്പാനിഷ് പരിശീലകന് കാര്യമായ ഫലമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എട്ടുമത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടാനായത്. മൂന്നു തോൽവിയും നാലു സമനിലയും വഴങ്ങി. അഞ്ചു ഗോൾ മാത്രമാണ് ടീം നേടിയത്. എട്ടു ഗോൾ വഴങ്ങി.

ഗോൾ നേടാൻ കഴിയാതെ ടീം ഉഴറിയതോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ച സുനിൽ ഛേത്രിയെ തിരികെക്കൊണ്ടുവന്നെങ്കിലും അതത്ര ഫലപ്രദമായിട്ടില്ല.

ഇന്ത്യൻ ആഭ്യന്തരഫുട്‌ബോളിൽ മികച്ചനേട്ടമുണ്ടാക്കിയ പരിശീലകനാണ് മനോളോ. ശരാശരിക്കാരുടെ സംഘമായ ഹൈദരാബാദ് എഫ്‌സിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ ഇക്കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയ്ക്കൊപ്പം സൂപ്പർ കപ്പും നേടി. എഫ്‌സി ഗോവയ്ക്കൊപ്പമുള്ള സമയത്താണ് ദേശീയ ടീമിനെയും പരിശീലിപ്പിച്ചത്. സീസണിനൊടുവിലാണ് ഇന്ത്യൻ ടീമിന്റെ മാത്രം പരിശീലകനായത്. എന്നാൽ, യോഗ്യതാറൗണ്ടിലെ രണ്ടു കളിയും ടീമിന് ജയിക്കാനായില്ല.

ജയം അകലെ

ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ മാറ്റിയാണ്‌ മനോളോയെ ചുമതലയേൽപ്പിച്ചത്. എന്നാൽ, ജയംമാത്രം അകന്നുനിൽക്കുന്നു. 2024 മുതൽ ഇന്ത്യകളിച്ച 15 മത്സരങ്ങളിൽ ഒരു ജയം മാത്രമാണുള്ളത്. അതും ഈ വർഷം മാർച്ചിൽ മാലെദ്വീപിനെതിരേ നേടിയത്. എട്ടു കളിയിൽ ടീം തോറ്റപ്പോൾ ആറു കളിയിൽ സമനിലവഴങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരം ഉയരുമ്പോൾത്തന്നെയാണ് ദേശീയടീമിന്റെ പ്രകടനം താഴോട്ടുപോരുന്നത്. മികച്ചതാരങ്ങളുടെ അഭാവത്തെക്കാൾ പോരാട്ടവീര്യം നഷ്ടമായത് പരിശീലകനെയും അലട്ടുന്നുണ്ട്.

കളിക്കാർക്ക് പ്രതിഫലം കൃത്യമായി നൽകുന്നില്ലെന്ന ആരോപണം അടുത്തിടെ ഫെഡറേഷനെതിരേയും ഉയർന്നിരുന്നു. ദേശീയടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കൃത്യമായ പദ്ധതികളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ അടക്കമുള്ളവർ ഫെഡറേഷനെതിരേ രംഗത്തുവന്നിട്ടുമുണ്ട്.

Content Highlights: indias mediocre show successful the asiatic cupful qualifiers

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article