Published: July 05 , 2025 04:11 AM IST Updated: July 05, 2025 09:18 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് രാജകീയമായി പരമ്പര ഉറപ്പിക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാക്കി ഇന്ത്യൻ വനിതാ ടീം. ആവേശകരമായ മൂന്നാം മത്സരത്തിൽ അവിശ്വസനീയമായി വിജയം കൈവിട്ട ഇന്ത്യൻ വനിതകൾ, അഞ്ച് റൺസിനാണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. മറുപടി ബാറ്റിങ്ങിൽ വിജയത്തിലേക്കു നീങ്ങിയ ഇന്ത്യൻ വനിതകൾ, ഒടുവിൽ ലക്ഷ്യം കൈവിട്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു.
വെറും അഞ്ച് റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയം കൈവിട്ടത്. ഇതോടെ പരമ്പര 2–1 എന്ന നിലയിലായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.
മത്സരം 18–ാം ഓവറിലേക്ക് കടക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴു വിക്കറ്റ് കയ്യിലിരിക്കെ 12 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 20 റൺസ് മാത്രം. ക്രീസിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (12 പന്തിൽ 18), റിച്ച ഘോഷും (ഏഴു പന്തിൽ അഞ്ച്) എന്നിവർ. ഇംഗ്ലിഷ് ഫീൽഡർമാർ ക്യാച്ച് കൈവിട്ട് സഹായിച്ചിട്ടും ഇസ്സി വോങ് എറിഞ്ഞ 19–ാം ഓവറിൽ റിച്ച ഘോഷിന്റെ വിക്കറ്റ് നഷ്ടമാക്കി ഇന്ത്യയ്ക്ക് നേടാനായത് എട്ടു റൺസ് മാത്രം.
ഇതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 12 റൺസായി. ലോറൻ ബെൽ എറിഞ്ഞ ഓവറിൽ ഇന്ത്യയ്‌ക്ക് ആകെ നേടാനായത് ആറു റൺസ് മാത്രം. ഇംഗ്ലിഷ് താരങ്ങൾ ഈ ഓവറിലും ഒരു ക്യാച്ച് കൈവിട്ടത് ഇന്ത്യയ്‌ക്ക് മുതലെടുക്കാനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ വിജയത്തിലേക്ക് ആറു റൺസ് വേണ്ടിയിരുന്നെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ഒന്നും ചെയ്യാനായില്ല. ഈ പന്തിൽ കൗർ പുറത്താവുകയും ചെയ്തു.
ഇന്ത്യയ്ക്കായി ഓപ്പണർ സ്മൃതി മന്ഥന (46 പന്തിൽ 59) അർധസെഞ്ചറി തികച്ചു. ഷെഫാലി വർമ 25 പന്തിൽ 47 റൺസെടുത്തു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട്, ഓപ്പണർമാരായ സോഫിയ ഡങ്ക്‌ലി (53 പന്തിൽ 75), വ്യാട്ട്-ഹോഡ്ജ് (42 പന്തിൽ 66) എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്‌ഡി, ദീപ്തി ശർമ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/ @BCCIWomenൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·