അവസാന അഞ്ച് മിനിറ്റിൽ രണ്ടു ഗോൾ, കാലിക്കറ്റിനെ സമനിലയിൽ തളച്ച് മലപ്പുറം (3–3)

3 months ago 3

മനോരമ ലേഖകൻ

Published: October 19, 2025 10:10 PM IST

2 minute Read

 SLK
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സി– കാലിക്കറ്റ് എഫ്‌സി മത്സരത്തിൽനിന്ന്. ചിത്രം: SLK

മഞ്ചേരി∙ കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മത്സരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ്‌ എഫ്സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ്‌ അജ്സൽ രണ്ടും പ്രശാന്ത് ഒരു ഗോളും നേടി. മൂന്നു കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയിന്റായി.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കാലിക്കറ്റ് ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ്‌ അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ്‌ അജ്സ്‍ലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്സലിന് വീണ്ടും അവസരം. പക്ഷോ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരുക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന് വീണ്ടും ഗോളവസരം. പക്ഷേ, പ്രശാന്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയുടെ ഇഞ്ചറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ്‌ പോസ്റ്റിൽ കയറി (1-1).

കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ്‌ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ്‌ അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ്‌ അജ്സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്കോറിങ് ദുഷ്കരമായി. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാനാവാതെ കളിക്കാർ കുഴഞ്ഞു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3).

22,956 കാണികൾ മത്സരം കാണാനെത്തി. മൂന്നാം റൗണ്ടിലെ അവസാന മത്സരം ഒക്ടോബർ 24ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.
 

English Summary:

Malappuram FC and Calicut FC played to a thrilling 3-3 gully successful their Super League Kerala match. The crippled featured melodramatic goals and a precocious comeback by Malappuram. The breathtaking lucifer held astatine Manjeri Payyanad Stadium kept fans connected the borderline of their seats.

Read Entire Article