Published: October 20, 2025 03:01 PM IST Updated: October 20, 2025 05:37 PM IST
1 minute Read
കാബൂൾ ∙ പാക്കിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിലെ 3 പ്രാദേശിക ക്രിക്കറ്റ് കളിക്കാർ മരിച്ചത് സുഹൃത്തിന്റെ വീട്ടിൽ അത്താഴവിരുന്നിന് ഒന്നിച്ചപ്പോഴെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളും പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയിൽ ഒരു സൗഹൃദ മത്സരത്തിന് എത്തിയതായിരുന്നു. മത്സരശേഷം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അത്താഴത്തിന് പോയി. ഇവിടെ ഒത്തുകൂടിയപ്പോഴാണ് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ഉർഗുൻ ജില്ലയിൽനിന്നുള്ള കബീർ, സിബ്ഗത്തുല്ല, ഹാറൂൺ എന്നീ പ്രാദേശിക കളിക്കാരാണു കൊല്ലപ്പെട്ടത്.
‘‘ചില സുഹൃത്തുക്കളും അവരോടൊപ്പം ഭക്ഷണത്തിനായി ചേരേണ്ടതായിരുന്നു, പക്ഷേ കളി കഴിഞ്ഞ് ക്ഷീണിതരായതിനാൽ അവർ പോയില്ല എന്നാണ് വിവരം. അവിടെ ഒത്തുകൂടിയവരിൽ മൂന്നു പേരാണ് അവസാന അത്താഴം കഴിക്കുന്നതിന് മുൻപു തന്നെ മരിച്ചത്. ആതിഥേയനായ താരത്തിന് പരുക്കേറ്റു. ഇരുട്ട് വീഴുന്നതിന് വളരെ മുൻപാണ് സ്ഥലം ആക്രമിക്കപ്പെട്ടത്. മൂന്നു ഘട്ടമായിട്ടായിരുന്നു ആക്രമണം.’’ ദുരന്തത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചയിൽ അഫ്ഗാനിസ്ഥാൻ മുൻ ക്രിക്കറ്റ് താരം പറഞ്ഞു
അഫ്ഗാനിസ്ഥാന്റെ അതിർത്തിമേഖലകളിൽ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കാർ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ അടുത്ത മാസത്തെ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽനിന്നു അഫ്ഗാനിസ്ഥാൻ പിന്മാറി. പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ടതായിരുന്നു പരമ്പര.കൊല്ലപ്പെട്ട താരങ്ങളുടെ പേരിൽ ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാനു പകരം സിംബാബ്‍വെയെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഉൾപ്പെടുത്തിയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു.
ക്രിക്കറ്റ് താരങ്ങൾ മരിച്ചതിൽ രാജ്യാന്തര ക്രിക്കറ്റ് ബോർഡ് (ഐസിസി) അനുശോചനം രേഖപ്പെടുത്തിയതിനെ വിമർശിച്ച് പാക്ക് മന്ത്രി രംഗത്തെത്തിയിരുന്നു. പക്ഷപാതപരമായാണ് ഐസിസി പെരുമാറിയതെന്ന് പാക്ക് ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അഠാ തരാർ കുറ്റപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐസിസിയുടെ ബിസിസിഐയും ശനിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രസ്താവന.
English Summary:








English (US) ·