19 September 2025, 10:13 AM IST

മുഹമ്മദ് നബി | AP, X.com/@Rajiv1841
ദുബായ്: ഏഷ്യാകപ്പില്‍ അഫ്ഗാനെ ആറുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. കുശാല്‍ മെന്‍ഡിസിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്. പരാജയപ്പെട്ടെങ്കിലും അഫ്ഗാനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നബി ആരാധകരുടെ കയ്യടി ഏറ്റുവാങ്ങി.
തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് നബി അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറിൽ അഞ്ചു സിക്സ് ഉൾപ്പെടെ 22 പന്തിൽ 60 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്. നബിയുടെ ഇന്നിങ്സിൽ ആറുസിക്സും മൂന്നു ഫോറുമുണ്ട്. 18 ഓവറിൽ 120-ലായിരുന്ന ടീം അവസാന രണ്ട് ഓവറിൽ അടിച്ചത് 49 റൺസ്. 19-ാം ഓവറിൽ ദുഷ്മന്ത ചമീരയ്ക്കെതിരേ തുടരെ മൂന്നുഫോർ നേടിയ നബി അവസാന ഓവറിൽ ദുനിത് വല്ലാലഗെക്കെതിരേ അഞ്ചു സിക്സ് നേടി.
അതേസമയം മത്സരം കഴിഞ്ഞ് മടങ്ങുന്ന നബിയോട് ദുനിത് വല്ലലഗെയുടെ പിതാവ് മരിച്ച കാര്യം അറിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു റിപ്പോര്‍ട്ടറാണ് നബിയോട് ഇക്കാര്യം പറയുന്നത്. എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ചപ്പോള്‍ ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ടര്‍ മറുപടി നല്‍കുന്നതും കാണാം. മത്സരം നടക്കുന്നതിനിടെയാണ് മരണവിവരം ലങ്കന്‍ ടീം അധികൃതര്‍ അറിയുന്നത്. എന്നാല്‍ ദുനിത് വല്ലലഗെയെ മത്സരശേഷം മാത്രമാണ് ഇക്കാര്യം അറിയിച്ചത്.
Content Highlights: Mohammad Nabi Stunned On Being Told Father Of SL Star Whom He Hit For 5 Sixes Died








English (US) ·