Published: September 20, 2025 11:07 PM IST Updated: September 20, 2025 11:47 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലദേശിനു നാലു വിക്കറ്റ് വിജയം. ശ്രീലങ്കയുയർത്തിയ 169 റൺസ് വിജയലക്ഷ്യത്തിലേക്ക് 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് എത്തി. മറുപടി ബാറ്റിങ്ങിൽ സെയ്ഫ് ഹസനും തൗഹിദ് ഹൃദോയും ബംഗ്ലദേശിനായി അർധ സെഞ്ചറി നേടി.
മറുപടി ബാറ്റിങ്ങിൽ ഒരു റൺസെടുത്തു നിൽക്കെ ഓപ്പണർ തൻസിദ് ഹസനെ നഷ്ടമായെങ്കിലും സെയ്ഫ് ഹസന്റെ അർധ സെഞ്ചറിക്കരുത്തിൽ ബംഗ്ലദേശ് സ്കോർ ഉയർത്തി. 45 പന്തുകൾ നേരിട്ട സയ്ഫ് ഹസൻ 61 റൺസാണു നേടിയത്. തൗഹിത് ഹൃദോയും അർധ സെഞ്ചറി നേടി. 37 പന്തുകൾ നേരിട്ട ഹൃദോയ് 58 റൺസെടുത്തു. 16 പന്തിൽ 23 റണ്‍സടിച്ച ക്യാപ്റ്റൻ ലിറ്റൻ ദാസും തിളങ്ങി.
അവസാന ഓവറിൽ അഞ്ച് റൺസാണ് ബംഗ്ലദേശിനു ജയിക്കാൻ വേണ്ടിയിരുന്നത്. ദസുൻ ഷനാകയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ജേകർ അലി ബംഗ്ലദേശ് സ്കോർ 168 ൽ എത്തിച്ചു. പിന്നാലെ ജേകർ അലിയും മെഹ്ദി ഹസനും പുറത്തായെങ്കിലും 20–ാം ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുത്ത് ഷമിം ഹുസെൻ ബംഗ്ലദേശിന്റെ വിജയമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദസുൻ ഷനാകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട ഷനാക 64 റൺസെടുത്തു. ആറു സിക്സുകളും മൂന്നു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.
കുശാൽ മെൻഡിസ് (25 പന്തിൽ 34), പതും നിസംഗ (15 പന്തിൽ 22), ചരിത് അസലങ്ക (12 പന്തിൽ 21) എന്നിവരും ശ്രീലങ്കയ്ക്കായി തിളങ്ങി. ബംഗ്ലദേശിനു വേണ്ടി നാലോവർ പന്തെറിഞ്ഞ പേസർ മുസ്തഫിസുർ റഹ്മാൻ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മെഹ്ദി ഹസൻ രണ്ടും ടസ്കിൻ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.
English Summary:








English (US) ·