Published: October 12, 2025 07:59 AM IST Updated: October 12, 2025 08:14 AM IST
1 minute Read
വിൻഡ്ഹോക്ക് ∙ അട്ടിമറികൾ സാധാരണമായ ട്വന്റി20 ക്രിക്കറ്റിൽ വീണ്ടുമൊരു അട്ടിമറി വിജയം. രാജ്യാന്തര ക്രിക്കറ്റിലെ കരുത്തന്മാരായ ദക്ഷിണാഫ്രിക്കയെ നമീബിയ ആണ് തോൽപ്പിച്ചത്. ആവേശം അവസാന പന്തു വരെ നീണ്ടുനിന്ന ത്രില്ലർ പോരിൽ 4 വിക്കറ്റിനാണ് നമീബിയയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് അവർ എത്തിപ്പിടിച്ചത്. ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റ് വീഴ്ത്തുകയും അവസാന ഓവറുകളിൽ വിജയശിൽപിയായ സെയ്ൻ ഗ്രീന് ഉറച്ച പിന്തുണ നൽകുകയും ചെയ്ത റൂബൻ ട്രംപൽമാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
അവസാന ഓവറിൽ 11 റൺസായിരുന്നു നമീബിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. സെയ്ൻ ഗ്രീൻ, റൂബൻ ട്രംപൽമാൻ എന്നിവർ ക്രീസിൽ. ആൻഡിലെ സിമെലാനെ എറിഞ്ഞ ആദ്യ പന്തു തന്നെ ഗ്രീൻ സിക്സറിനു പറത്തി. ഇതോടെ വിജയലക്ഷ്യം 5 പന്തിൽ 5 റൺസ് എന്നായി. തൊട്ടടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് നേരിട്ട ട്രംപൽമാൻ, ഡബിളെടുത്തു. നാലാം പന്തിൽ വീണ്ടു സിംഗിളെടുത്തതോടെ സ്കോറുകൾ തുല്യമായി. വിജയലക്ഷ്യം 2 പന്തിൽ 1 റൺസ്. എന്നാൽ അഞ്ചാം പന്ത് ഡോട്ട് ബോളായതോടെ പിരിമുറുക്കം വർധിച്ചു. അവസാന പന്തു കൂടി ഡോട്ട് ബോവായാൽ മത്സരം സൂപ്പർ ഓവറിലേക്ക് പോകും. എന്നാൽ ആറാം പന്ത് മനസാന്നിധ്യത്തോടെ നേരിട്ട സെയ്ൻ, ഫോറടിച്ച് നമീബിയയെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസെടുത്തത്. രണ്ടാം രാജ്യാന്തര ട്വന്റി20 കളിച്ച ജേസൺ സ്മിത്ത് (31) ആണ് അവരുടെ ടോപ് സ്കോർ. വിരമിക്കൽ പിന്‍വലിച്ച് തിരിച്ചെത്തിയ ക്വിന്റൻ ഡികോക്ക് (1) നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ 68/5 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ സ്മിത്താണ് കരകയറ്റിയത്. മറുപടി ബാറ്റിങ്ങിൽ, ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 21 റൺസ് നേടി. 23 പന്തിൽ 30 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് വിജയശിൽപി.
ഐസിസി അസോഷ്യേറ്റ് അംഗമായ നമീബിയ, ട്വന്റി20യിൽ ഒരു പൂർണ അംഗത്തിനെതിരെ നേടുന്ന നാലാം ജയമാണിത്. നേരത്തെ, അയർലൻഡ്, സിംബാബ്‌വെ, ശ്രീലങ്ക എന്നിവരെയും നമീബിയ തോൽപ്പിച്ചിട്ടുണ്ട്. ഒരു അസോഷ്യേറ്റ് അംഗത്തിനെതിരെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം തോൽവിയാണിത്. 2022 ട്വന്റി20 ലോകകപ്പിൽ നെതർലൻഡിനോട് ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. സ്വന്തം നാട്ടിലെ ക്രിക്കറ്റ് ഗ്രൗണ്ടിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നമീബിയയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്.
ഏയ്‌ഡൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കയയുടെ പ്രധാന ടീം പാക്കിസ്ഥാൻ പര്യടനത്തിലായതിനാൽ, ഡോണോവൻ ഫെരേര ക്യാപ്റ്റനായ ബി ടീമാണ് നമീബിയയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങിയത്. എങ്കിലും ക്വിന്റൻ ഡികോക്, റീസ ഹെൻറിക്സ് തുടങ്ങിയ താരങ്ങളടങ്ങിയ ടീമിനെ തോൽപ്പിക്കാൻ സാധിച്ചത് 2026 ട്വന്റി20 ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞ നമീബിയയുടെ ആത്മവിശ്വാസം വർധിപ്പിക്കും.
English Summary:








English (US) ·