Curated by: ഗോകുൽ എസ്|Samayam Malayalam•21 May 2025, 1:05 am
ജയത്തോടെ 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അവസാന കളിക്ക് ശേഷം സംസാരിക്കവെ ഈ സീസണിൽ തങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചെന്ന് സഞ്ജു സാംസൺ തുറന്ന് പറഞ്ഞു.
ഹൈലൈറ്റ്:
- അവസാന കളിയിൽ രാജസ്ഥാൻ റോയൽസിന് ജയം
- ജയത്തിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറഞ്ഞ് സഞ്ജു
- 2025 സീസൺ റോയൽസിന് നിരാശ മാത്രം സമ്മാനിക്കുന്നത്
രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam) അവസാന കളിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകൻ പറഞ്ഞത് ഇങ്ങനെ
"ഇനി ശരിക്കും ഒരു അവലോകനം നടത്തേണ്ടതുണ്ട് ( സീസണെക്കുറിച്ച് ). തീർച്ചയായും ഞങ്ങൾക്ക് ഇതിലും മികച്ച പ്രകടനം കാഴ്ച വെക്കാമായിരുന്നു. ഭാഗ്യമല്ല കാരണം. ഞങ്ങൾ കുറച്ച് തെറ്റുകൾ വരുത്തി. അടുത്ത സീസണിൽ മികച്ച മാനസികാവസ്ഥയോടെ ഞങ്ങൾക്ക് തിരിച്ചെത്തണം. വൈഭവിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. അവൻ നേടിയ സെഞ്ചുറി വളരെ മികച്ചതായിരുന്നു. സ്ലോ ബോളുകൾ കവറിന് മുകളിലൂടെ സിക്സർ പറത്താൻ അവന് സാധിക്കും. ഇന്ന് മധ്യ ഓവറുകളിൽ വളരെ മികച്ച രീതിയിൽ അവൻ അവന്റെ ജോലി ചെയ്തു. ഈ ചെറിയ പ്രായത്തിൽ തന്നെ അവന് കളിയെക്കുറിച്ച് മികച്ച അവബോധമുണ്ട്. അത് അഭിനന്ദനീയമാണ്." സഞ്ജു പറഞ്ഞു.
അതേ സമയം ദയനീയ പ്രകടനമായിരുന്നു 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റേത്. 14 മത്സരങ്ങളിൽ നാല് വിജയം മാത്രം നേടാനയ അവർക്ക് എട്ട് പോയിന്റ് മാത്രമാണുള്ളത്. അഞ്ചോളം മത്സരങ്ങളിൽ നേരിയ മാർജിനിലുള്ള പരാജയമായിരുന്നു റോയൽസിന്റേത് എന്നതാണ് ശ്രദ്ധേയം. നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് മാത്രമാണ് പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസിന് താഴെയുള്ളത്. സഞ്ജു ഉൾപ്പെടെയുള്ള ചില പ്രധാന കളിക്കാരുടെ പരിക്കുകൾ ഈ സീസണിൽ റോയൽസിന്റെ പ്രകടനത്തെ ബാധിച്ചു.
രാജസ്ഥാൻ റോയൽസ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരം ഇങ്ങനെ: തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറുകളിൽ 187/8 എന്ന മികച്ച സ്കോറാണ് ചെന്നൈ നേടിയത്. 20 പന്തിൽ 43 റൺസ് നേടിയ ആയുഷ് മാത്രെയായിരുന്നു അവരുടെ ടോപ് സ്കോറർ. 25 പന്തിൽ 42 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസും തിളങ്ങി. രാജസ്ഥാൻ റോയൽസിന് വേണ്ടി ആകാശ് മധ്വാലും യുധ്വീർ സിങ്ങും മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ആളിക്കത്തി വൈഭവും സഞ്ജുവും; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തോടെ പടിയിറക്കം
188 റൺസ് വിജയലക്ഷ്യം വെറും 17.1 ഓവറിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 33 പന്തിൽ 57 റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് റോയൽസിനെ മുന്നിൽ നിന്ന് നയിച്ചത്. യശസ്വി ജയ്സ്വാൾ 19 പന്തിൽ 36 റൺസും, സഞ്ജു സാംസൺ 31 പന്തിൽ 41 റൺസും നേടി. 12 പന്തിൽ 31 റൺസെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജൂറൽ ടീമിന്റെ ജയം അനായാസമാക്കി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·