ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്തായി ഇന്ത്യ. സൂപ്പർ ഓവറിലേക്കു നീണ്ട സെമി ഫൈനല്‍ മത്സരത്തിൽ ബംഗ്ലദേശിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാൻ ഷഹീൻസിനെ (പാക്കിസ്ഥാൻ എ) ബംഗ്ലദേശ് നേരിടും. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സാണു നേടിയത്. സൂപ്പർ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോൽവിയിലേക്കു തള്ളി വിടുകയായിരുന്നു.
23 പന്തിൽ 44 റൺസടിച്ച ഓപ്പണർ പ്രിയൻഷ് ആര്യയാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. വൈഭവ് സൂര്യവംശി (15 പന്തിൽ 38), ജിതേഷ് ശർമ (23 പന്തിൽ 33), നേഹൽ വധേര (29 പന്തിൽ 32) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 53 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി വൈഭവ് സൂര്യവംശിയും പ്രിയൻഷ് ആര്യയും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. നാലു സിക്സും രണ്ടു ഫോറുകളും അടിച്ച വൈഭവിനെ അബ്ദുൽ ഗാഫറിന്റെ പന്തിൽ ജിഷൻ ആലം ക്യാച്ചെടുത്താണു പുറത്താക്കുന്നത്. വൈഭവിന്റെ ബാറ്റിങ് കരുത്തിൽ പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.വൈഭവ് പുറത്തായതിനു പിന്നാലെയെത്തിയ നമൻ ധീറിനു തിളങ്ങാൻ സാധിച്ചില്ല.
ഏഴു റൺസ് മാത്രമെടുത്ത താരത്തെ അബു ഹൈദറിന്റെ പന്തിൽ യാസിർ അലി ക്യാച്ചെടുത്താണു പുറത്താക്കിയത്. പ്രിയൻഷ് ആര്യയ്ക്കൊപ്പം ക്യാപ്റ്റൻ ജിതേഷ് ശർമയും ചേർന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. 98ൽ നിൽക്കെ പ്രിയൻഷ് ആര്യയെ റാക്കിബുൽ ഹസൻ പുറത്താക്കി. തുടർന്ന് ജിതേഷ് ശർമയും നേഹൽ വധേരയും ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ ജിതേഷ് ശർമയെ 15–ാം ഓവറിലെ അവസാന പന്തിൽ അബു ഹൈദർ പുറത്താക്കി. രമണ്‍ദീപ് സിങ് 17 റൺസെടുത്തു മടങ്ങി.
അവസാന രണ്ടോവറുകളിൽ 21 റൺസാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊൻപതാം ഓവറിൽ അഞ്ചു റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റർമാർ നേടിയത്. 20–ാം ഓവറിൽ ഒരു സിക്സും ഫോറും ബൗണ്ടറി കടത്തിയ അശുതോഷ് ശർമ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ റാക്കിബുൽ ഹസന്റെ അഞ്ചാം പന്തിൽ അശുതോഷ് പുറത്തായി. ഇതോടെ അവസാന പന്തിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടത് നാലു റൺസ്. ഹർഷ് ദുബെ നേരിട്ട അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.
ആന്റി ക്ലൈമാക്സ് !
എന്നാല്‍ പൊരുതി നേടിയ സമനില പ്രകടനം സൂപ്പർ ഓവറിൽ ആവർത്തിക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. റിപ്പോൺ മൊണ്ടലിന്റെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായി. ഇതോടെ സൂപ്പർ ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് ഒരു റൺ. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമയുടെ ആദ്യ പന്തിൽ ബംഗ്ലദേശ് ബാറ്റർ യാസിർ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് ഫൈനൽ ഉറപ്പിച്ചു.
അവസാന രണ്ടോവറിൽ ഇന്ത്യ വഴങ്ങിയത് 50 റൺസ്!
ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. അർധ സെഞ്ചറി നേടിയ ഓപ്പണർ ഹബിബുർ റഹ്മാനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 46 പന്തുകൾ നേരിട്ട താരം 65 റൺസെടുത്തു. 18 പന്തുകൾ നേരിട്ട മെഹറോബ് 48 റൺസടിച്ചു പുറത്താകാതെനിന്നു. 14 പന്തിൽ 26 റൺസടിച്ച ജിഷൻ ആലവും ബംഗ്ലദേശിനായി തിളങ്ങി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണർമാരായ ഹബിബുർ റഹ്മാനും ജിഷൻ ആലമും േചർന്ന് മികച്ച തുടക്കമാണു ബംഗ്ലദേശിനു നൽകിയത്.
ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 റൺസെടുത്ത ജിഷൻ ആലമിനെ ഗുർജൻപ്രീത് സിങ് നമൻ ധീറിന്റെ കൈകളിലെത്തിച്ചു. സവാദ് അബ്രാർ (13), ക്യാപ്റ്റൻ അക്ബർ അലി (ഒൻപത്), അബു ഹൈദർ എന്നിവർ തിളങ്ങാനാകാതെ പോയതോടെ 119 റൺസെടുക്കുന്നതിനിടെ ബംഗ്ലദേശിനു നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. അവസാന ഓവറുകളിൽ മെഹറോബ് തകർത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. ആറു സിക്സുകളാണു താരം ബൗണ്ടറി കടത്തിയത്. അവസാന രണ്ടോവറുകളിൽ 50 റൺസാണ് ബംഗ്ലദേശ് ബാറ്റർമാർ അടിച്ചെടുത്തത്. ഗുർജൻപ്രീത് സിങ് രണ്ടും ഹർഷ് ദുബെ, സുയാഷ് ശർമ, രമൺദീപ് സിങ്, നമന്‍ ധീർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി
English Summary:








English (US) ·