Published: September 25, 2025 05:30 PM IST Updated: September 25, 2025 06:03 PM IST
1 minute Read
മസ്‌കത്ത്∙ ഒമാൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ കേരള ക്രിക്കറ്റ് ടീമിന് ആവേശ വിജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒരു റണ്ണിനാണ് ഒമാൻ ചെയർമാൻ ഇലവനെ കേരളം തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ പരമ്പരയിൽ കേരളവും ഒമാനും 1–1ന് ഒപ്പത്തിനൊപ്പമെത്തി. ആദ്യ മത്സരത്തിൽ ഒമാൻ ജയിച്ചിരുന്നു.
ടോസ് നേടിയ ചെയർമാൻ ഇലവൻ, കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കൃഷ്ണപ്രസാദിനൊപ്പം കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വിഷ്ണു വിനോദ് തുടക്കം മുതൽ തകർത്തടിച്ച് മുന്നേറി. 15 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 30 റൺസാണ് വിഷ്ണു നേടിയത്. തുടർന്നെത്തിയ അജ്നാസ് എട്ട് റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും അഖിൽ സ്കറിയയും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു.
20 റൺസെടുത്ത അഖിൽ സ്കറിയ പുറത്തായതിന് ശേഷമെത്തിയ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. ക്യാപ്റ്റൻ സാലി സാംസൺ നാലും എ.കെ.അർജുൻ 17ഉം, അൻഫൽ പത്തും, കൃഷ്ണദേവൻ രണ്ടും റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 42 പന്തുകളിൽ 59 റൺസെടുത്തു. ചെയർമാൻ ഇലവന് വേണ്ടി ജിതൻകുമാർ രാമനന്ദി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻസ് ഇലവന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ആമിർ കലീമിന്റെ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ സാലി സാംസൺ ആണ് വിക്കറ്റ് നേടി കേരളത്തിന് മികച്ച തുടക്കം നൽകിയത്. സ്കോർ 26ൽ നിൽക്കെ 14 റൺസെടുത്ത ഹമ്മദ് മിർസയും പുറത്തായി. എന്നാൽ ഹുസ്നൈൻ ഉൾ വഹാബും മുഹമ്മദ് നദീമും ചേർന്ന് മൂന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തു.28 റൺസെടുത്ത ഹുസ്നൈൻ റണ്ണൌട്ടാവുകയായിരുന്നു. തുടർന്നെത്തിയ വിനായക് ശുക്ലയുടെ പ്രകടനമാണ് ഒമാനെ വിജയത്തിന് തൊട്ടടുത്തു വരെയെത്തിച്ചത്.
28 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസാണ് വിനായക് നേടിയത്. 18–ാം ഓവറിൽ വിനായകിനെ പുറത്താക്കി കെ.എം. ആസിഫ് കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 190ാം ഓവറിൽ സിക്രിയ ഇസ്‌ലാമിനെയും ഹുസ്നൈൻ അലി ഷായെയും അഖിൽ സ്കറിയ പുറത്താക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു ചെയർമാൻ ഇലവന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ ജിതൻകുമാർ രാമനന്ദിയെ ക്ലീൻ ബൗൾഡാക്കി കെ.എം.ആസിഫ് കേരളത്തിന് വിജയമൊരുക്കി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ മൂന്നും സാലി സാംസണും കെ.എം.ആസിഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:








English (US) ·