അവസാന മത്സരത്തിൽ സീസണിലെ ഉയർന്ന സ്കോർ, ‘സിക്സർ മഴ’; 83 റൺസ് ജയത്തോടെ പോകും വഴി ഗുജറാത്തിന് ചെന്നൈയുടെ ‘എട്ടിന്റെ പണി’!

7 months ago 9

അഹമ്മദാബാദ്∙ സീസണിലെ ഏറ്റവും മികച്ച പ്രകടനം അവസാന മത്സരത്തിലേക്കു കാത്തുവച്ച മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്, ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ വിജയം. പ്ലേഓഫിൽ കടന്നവരെ പ്ലേഓഫ് കാണാതെ പുറത്തായവർ തോൽപ്പിക്കുന്ന പതിവിന് തുടർച്ചയായ നാലാം മത്സരത്തിലും തുടർച്ചയുണ്ടായപ്പോൾ, ഗുജറാത്തിന്റെ തോൽവി 83 റൺസിന്! മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 230 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ 9 പന്തുകൾ ബാക്കിനിൽക്കെ വെറും 147 റണ്‍സിൽ ചെന്നൈ എറിഞ്ഞിട്ടു. ഈ സീസണിൽ ചെന്നൈയുടെ ഉയർന്ന സ്കോറാണ് അവസാന മത്സരത്തിലെ 230 റൺസ്. ഈ മത്സരത്തിൽ ചെന്നൈ താരങ്ങൾ അടിച്ചുകൂട്ടിയ 15 സിക്സറുകളും ഈ സീസണിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ്.

പ്ലേഓഫ് ഉറപ്പിച്ച ശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരവും തോറ്റതോടെ, ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്നു സ്വന്തമാക്കാനുള്ള ഗുജറാത്തിന്റെ സ്വപ്നത്തിനും മങ്ങലേറ്റു. ഗുജറാത്തിന്റെ ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ, 17 പോയിന്റ് വീതമുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും പഞ്ചാബ് കിങ്സിനും ഇനിയും ഓരോ മത്സരം ബാക്കിയാണ്. 16 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനു പോലും അവസാന മത്സരം ജയിച്ചാൽ ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാം.

അതേസമയം, ജയിച്ചെങ്കിലും ചെന്നൈ എട്ടു പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്. ഗുജറാത്തിനെ 121 റൺസിനുള്ളിൽ എറിഞ്ഞിട്ടാൽ രാജസ്ഥാനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒൻപതാം സ്ഥാനത്തേക്ക് കയറാൻ ചെന്നൈയ്ക്ക് അവസരമുണ്ടായിരുന്നു.

ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഗുജറാത്തിന് വിനയായത്. 28 പന്തിൽ ആറു ഫോറുകൾ സഹിതം 41 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ഒൻപതു പന്തിൽ 13), ഷാറൂഖ് ഖാൻ (15 പന്തിൽ 19), റാഷിദ് ഖാൻ (ഒൻപതു പന്തിൽ 14), രാഹുൽ തെവാത്തിയ (10 പന്തിൽ 14), അർഷാദ് ഖാൻ (14 ന്തിൽ മൂന്നു സിക്സറുകൾ സഹിതം 20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു ഗുജറാത്ത് താരങ്ങൾ.

ജോസ് ബട്‍ലർ (ഏഴു പന്തിൽ അഞ്ച്), ഷെർഫെയ്ൻ റുഥർഫോഡ് (നാലു പന്തിൽ 0), ജെറാൾഡ് കോയെട്സെ (അഞ്ച് പന്തിൽ അഞ്ച്), സായ് കിഷോർ (നാലു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി നൂർ അഹമ്മദ് നാല് ഓവറിൽ 21 റൺസ് വഴങ്ങിയും അൻഷുൽ കംബോജ് 2.3 ഓവറിൽ 13 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ്, മതീഷ പതിരണ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ ബാറ്റിങ്ങിൽ ചെന്നൈ ‘സൂപ്പർ കിങ്സ്’

നേരത്തെ, ഗുജറാത്തിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസെടുത്തത്. ബാറ്റെടുത്തവരെല്ലാം ഒരുപോലെ തിളങ്ങിയതാണ് അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കരുത്തായത്. അർധസെഞ്ചറി നേടിയ യുവതാരം ഡിയെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ബൗണ്ടറി മഴ പെയ്യിച്ച ബ്രെവിസ്, 23 പന്തിൽ അഞ്ച് സിക്സും നാലു ഫോറും സഹിതം 57 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി. ഓപ്പണർ ഡിവോൺ കോൺവെയും അർധസെഞ്ചറി നേടി. 35 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്താണ് കോൺവേ മടങ്ങിയത്.

ചെന്നൈയ്‌ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച യുവ ഓപ്പണർ ആയുഷ് മാത്രെ 17 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 34 റൺസെടുത്തു. ശിവം ദുബെ എട്ടു പന്തിൽ രണ്ടു സിക്സറുകളുടെ അകമ്പടിയോടെ 17 റൺസെടുത്തു. രവീന്ദ്ര ജഡേജ 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസോടെ പുറത്താകാതെ നിന്നു.

ചെന്നൈ നിരയിൽ രണ്ട് അർധസെഞ്ചറി കൂട്ടുകെട്ടുകളുണ്ട്. രണ്ടാം വിക്കറ്റിൽ കോൺവേ – ഉർവിൽ പട്ടേൽ സഖ്യം 34 പന്തിൽ 63 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ബ്രെവിസ് – ജഡേജ സഖ്യം 39 പന്തിൽ 74 റൺസ് കൂട്ടിച്ചേർത്താണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ മാത്രെ – കോൺവെ സഖ്യം വെറും 22 പന്തിൽ അടിച്ചെടുത്ത 44 റൺസും നിർണായകമായി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സായ് കിഷോർ രണ്ട് ഓവറിൽ 23 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഷാറൂഖ് ഖാൻ ഒരു ഓവറിൽ 13 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Gujarat Titans vs Chennai Super Kings, IPL 2025 Match - Live Updates

Read Entire Article