അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങി; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ, ഖാലിദ് ജമീലിന് കീഴിൽ ആദ്യ തോൽവി

4 months ago 5

01 September 2025, 07:44 PM IST

SANDESH JHINGAN

ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ മത്സരത്തിനിടെ | Photo - x.com/IndSuperLeague

ഹിസോര്‍ (താജിക്കിസ്താന്‍): കാഫ നേഷന്‍സ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളര്‍ത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ വഴങ്ങിയത്. ആദ്യപകുതിയില്‍ ഇറാന്റെ നിരന്തരമായ മുന്നേറ്റത്തെ തടയുന്നതില്‍ ഇന്ത്യന്‍ പ്രതിരോധം വിജയിച്ചു.

നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍, 59-ാം മിനിറ്റില്‍ ആമിര്‍ ഹൊസനാണ് ഇറാനായി അക്കൗണ്ട് തുറന്നത്. ബോക്‌സിന് മുന്നില്‍നിന്ന് സാദെഗന്‍ നല്‍കിയ പന്ത് ആമിര്‍ ഹൊസന്‍ വലയിലെത്തിക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഇറാന് ഗോള്‍ കണ്ടെത്താനായത്. 89-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ അലി അലിപോര്‍ ഇറാന്റെ ലീഡ് ഇരട്ടിയാക്കി. അധികസമയത്തിന്റെ ആറാംമിനിറ്റില്‍ ഇന്റര്‍ മിലാന്‍ താരം മെഹ്ദി തരിമികൂടെ ഗോള്‍ നേടിയതോടെ ഇറാന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു.

ആദ്യപകുതിയിലെ അതിശക്തമായ ചെറുത്തുനില്‍പ്പിനു ശേഷമാണ് ഇന്ത്യ മൂന്ന് ഗോളുകളും വഴങ്ങിയത്. ഇരുടീമിനും ഗോള്‍ കണ്ടെത്താനാവാത്ത പകുതിയില്‍ ഇന്ത്യയുടെ പ്രതിരോധം വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇറാന്‍ ഇന്ത്യയുടെ പ്രതിരോധത്തെ ഭേദിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല. പ്രതിരോധനിര തകര്‍ന്ന ഘട്ടങ്ങളില്‍ ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് രക്ഷയായി. അതേസമയം ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരമായി അപകടം വിതയ്ക്കാന്‍ അവര്‍ക്കായി.

പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ആദ്യ കളിയില്‍ താജിക്കിസ്താനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ, അതിശക്തരായ ഇറാനെതിരേ ഇറങ്ങിയത്. ആദ്യപകുതിയില്‍ ആ ആത്മവിശ്വാസം സ്ഫുരിക്കുന്ന പ്രകടനങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ മത്സരം കൈവിട്ടു. ഖാലിദ് ജമീലിന് കീഴിലെ ഇന്ത്യയുടെ ആദ്യ തോല്‍വികൂടിയാണിത്. ഫിഫ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണ് ഇറാന്‍. ഇന്ത്യ ഇറാനെ ഒരേയൊരു തവണ തോല്‍പ്പിക്കുന്നത് 1951 ഏഷ്യന്‍ ഗെയിംസ് ഫൈനലിലാണ്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ഇന്ത്യ സ്വര്‍ണം നേടി. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് 4-0ന് ഇറാന്‍ ജയിച്ചു.

Content Highlights: India Holds Strong Against Iran successful Goalless CAFA Nations Cup First Half

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article