അവസാന രണ്ടോവറിൽ ജയിക്കാൻ 29 റൺസ്; കളി മാറ്റിയ ‘ലോർഡ് ഷാർദൂൽ’ ബ്രില്യൻസ്; മുംബൈയെ മുക്കിയത് 19-ാം ഓവർ

9 months ago 8

മനോരമ ലേഖകൻ

Published: April 05 , 2025 11:33 AM IST

1 minute Read

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷാർദൂൽ ഠാക്കൂർ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷാർദൂൽ ഠാക്കൂർ

ലക്നൗ∙ ഇന്നലെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനും വിജയത്തിനും ഇടയിൽ നിന്നത് ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിന്റെ ഡെത്ത് ഓവറായിരുന്നു. മുംബൈ ഇന്നിങ്സ് 18 ഓവർ പൂർത്തിയായപ്പോൾ ജയിക്കാൻ 2 ഓവറിൽ വേണ്ടിയിരുന്നത് 29 റൺസ്. 19–ാം ഓവർ എറിഞ്ഞ ഷാർദൂൽ 5 സിംഗിളും ഒരു ഡബിളും അടക്കം ആകെ വിട്ടുനൽകിയത് 7 റൺസ്.

വൈഡ് ലൈൻ യോർക്കറുകളും ഫുൾ ലെങ്ത് പന്തുകളുമായാണ് ഷാർദൂൽ തന്റെ അവസാന ഓവറിൽ മുംബൈ ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഇതോടെ അവസാന ഓവറിൽ പ്രതിരോധിക്കാൻ 22 റൺസ് ലഭിച്ച ആവേശ് ഖാന് ആത്മവിശ്വാസത്തോടെ പന്തെറിയാനും ടീമിനെ വിജയത്തിൽ എത്തിക്കാനും സാധിച്ചു.

ലക്നൗ സൂപ്പർ ജയന്റ്സ് 12 റൺസിന്റെ ആവേശ ജയമാണു മത്സരത്തിൽ നേടിയത്. ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28 നോട്ടൗട്ട്). ആദ്യ പന്ത് സിക്സ്. അടുത്ത പന്തിൽ ഡബിൾ. അടുത്ത പന്തിൽ സിംഗിളിന് സാധ്യതയുണ്ടായിട്ടും ഹാർദിക് ഓടിയില്ല. അടുത്ത പന്തും ഡോട് ബോൾ. അടുത്ത പന്തിൽ സിംഗിൾ. അവസാന പന്തും ഡോട് ബോളായതോടെ ലക്നൗവിന് 12 റൺസ് ജയം. സ്കോർ: ലക്നൗ 20 ഓവറിൽ 8ന് 203. മുംബൈ 20 ഓവറിൽ 5ന് 191. 4 ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ലക്നൗ സ്പിന്നർ ദിഗ്‌വേഷ് രതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

204 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ വിൽ ജാക്സിനെയും (7 പന്തിൽ 5) റയാൻ റിക്കൽറ്റനെയും (5 പന്തിൽ 10) നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് (43 പന്തിൽ 67)– നമാൻ ദിർ (24 പന്തിൽ 46) സഖ്യമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 64 എന്ന നിലയിലായിരുന്നു മുംബൈ. പിന്നാലെ പന്തെടുത്ത സ്പിന്നർ ദിഗ്‌വേഷ് രതിയാണ് നമാനെ പുറത്താക്കി ലക്നൗവിന് പ്രതീക്ഷ നൽകിയത്. പിന്നാലെ സൂര്യയെ വീഴ്ത്തിയ ആവേശ് ഖാൻ ലക്നൗവിന്റെ ആധിപത്യം ഉറപ്പിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് ഓപ്പണർമാരായ മിച്ചൽ മാർഷും (31 പന്തിൽ 60) എയ്ഡൻ മാർക്രവും (38 പന്തിൽ 53) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ അവസാനിച്ചതിനു പിന്നാലെ പന്തെടുത്ത മലയാളി താരം വിഘ്നേഷ് പുത്തൂരാണ് മാർഷിനെ വീഴ്ത്തി മുംബൈയ്ക്കു ബ്രേക്ക് ത്രൂ നൽകിയത്. മുംബൈയ്ക്കായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 5 വിക്കറ്റ് വീഴ്ത്തി. വിഘ്നേഷ് പുത്തൂർ 4 ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

English Summary:

Shardul Thakur's exceptional decease bowling secured Lucknow Super Giants a important triumph against Mumbai Indians successful IPL

Read Entire Article