
ലോക എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: സ്ക്രീൻഗ്രാബ്, അറേഞ്ച്ഡ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ലോക എന്നുപേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന ഫീലാണ് ട്രെയിലർ നൽകുന്നത്. ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ സൂചന നൽകുന്നുണ്ട്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും ട്രെയ്‌ലറിനെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. സൂപ്പർഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര".
നേരത്തെ പുറത്തു വന്ന 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, 'തനി ലോക മുറക്കാരി' എന്ന പ്രോമോ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
Content Highlights: Watch the epic trailer of Lokah Chapter 1: Chandra, a superhero movie starring Kalyani and Naslen





English (US) ·