Published: November 03, 2025 09:19 PM IST
1 minute Read
നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ചയുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ വിജയത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം പരസ്പരം അഭിവാദ്യം ചെയ്തും ആലിംഗനത്തിലമർന്നും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു.
അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനിയുടെ ഫോണിലേക്ക്, രോഹിത് ശർമ നോക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഐപി ബോക്സിൽ നിത അംബാനിയുടെ അരികിലിരുന്ന രോഹിത്, നിത അംബാനിയുടെ ഫോൺ സ്‌ക്രീനിലേക്ക് കൗതുകത്തോടെ നോക്കുന്നത് ടിവി ക്യാമറകളാണ് ഒപ്പിയെടുത്തത്. പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
മത്സരം പുരോഗമിക്കുന്നതിനിടെ നിത തന്റെ ഫോൺ ഉപയോഗിക്കുന്നതും അവരുടെ അരികിലിരുന്ന രോഹിത്, സ്‌ക്രീനിലേക്ക് ഒന്നിലധികം തവണ നോക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മീമുകളും നിറഞ്ഞു. നിത എന്താകും ഫോണിൽ ചെയ്യുന്നതെന്നും രോഹിത് ആകാംക്ഷയോടെ നോക്കാനുള്ള കാരണമെന്താണെന്നുമാണ് ആരാധകർക്ക് അറിയേണ്ടത്. ഭാര്യ ഋതികയും രോഹിത്തിനൊപ്പം മത്സരം കാണാൻ എത്തിയിരുന്നു.
ഐപിഎലിൽ, നിത ഉടമയായ മുംബൈ ഇന്ത്യൻസിന്റെ താരമാണ് രോഹിത് ശർമ. അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി രോഹിത് ഫ്രാഞ്ചൈസി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. രാജ്യാന്തര ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച താരം, നിലവിൽ ഏകദിനത്തിലും ഐപിഎലിലും മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞമാസം അവസാനിച്ച ഓസ്ട്രേലിയൻ പര്യടനത്തിൽ സെഞ്ചറിയടക്കം നേടി രോഹിത് തിളങ്ങിയിരുന്നു.
English Summary:








English (US) ·